സുഭാഷ് ചന്ദ്രബോസ്
September 14, 2020
0
സ്വാതന്ത്ര്യസമരത്തിന്റെ വീരനായകന്മാരിലൊരാളായ സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23 ന് കട്ടക്കിൽ ജനിച്ചു. ഐ.സി.എസ്. പാസായ സുഭാഷ് ചന്ദ്രബോസിന് ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്യാൻ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. രാജ്യത്തിന്റെ മോചനത്തിന് വേണ്ടി സ്വയം അർപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. 1921 ൽ വെയിൽസ് രാജകുമാരന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് കൽക്കത്തയിൽ നടന്ന പ്രകടനങ്ങളുടെ സംഘാടകരിലൊരാൾ സുഭാഷ്ചന്ദ്രബോസ് ആണ്. 1921 ഡിസംബറിൽ സി.ആർ.ദാസും സുഭാഷും അറസ്റ്റുചെയ്യപ്പെട്ടു. 1941 ൽ ഇന്ത്യ വിടുന്നത് വരെ 20 വർഷം 11 തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1938 ൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആ സ്ഥാനം രാജിവച്ച് ഫോർവേർഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. രണ്ടാം ലോക യുദ്ധം തുടങ്ങി അധികകാലം കഴിയും മുമ്പ് സുഭാഷിനെ തടവിലാക്കി. 1941 ജനുവരിയിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യയിൽ നിന്നു രക്ഷപ്പെട്ട് കാബൂൾ വഴി ബർലിനിലെത്തി, ജർമ്മനി തടവുകാരായി പിടിച്ച ഇന്ത്യൻ വംശജരെ ചേർത്ത് ഇന്ത്യൻ ലീജിയൻ എന്ന സൈനിക ഘടകത്തിന് രൂപം നൽകി. പിന്നീട് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെയും ഐ.എൻ.എ യുടെയും നേതൃത്വം സുഭാഷ് ഏറ്റെടുത്തു. ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് INA ഇന്ത്യയിലേക്ക് മാർച്ച് ചെയ്തു.
Tags: