ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം എന്നിവയാണ് പ്രധാന കഥകളി വാദ്യങ്ങൾ. ചിലയവസരങ്ങളിൽ ഇടയ്ക്ക, ശംഖ് എന്നിവയും ഉപയോഗിക്കാറുണ്ട്.
|
ചെണ്ട |
കേരളത്തിന്റെ തനതായ ഒരു തുകൽ വാദ്യോപകരണമാണ് ചെണ്ട. ഇടി മുഴക്കത്തിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണ് ചെണ്ട. എല്ലാ താളവും ചെണ്ടയ്ക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു.
വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ നിന്നാണ് ചെണ്ട ഉണ്ടാക്കുക. ഇതിന് പറ എന്നാണ് പേര്. ചെണ്ടക്കുറ്റി എന്നും പറയും. ചെണ്ടയുടെ രണ്ടു വശങ്ങളും തുകൽ ഉപയോഗിച്ച് വലിച്ചുകെട്ടിയിരിക്കും. ചെണ്ടയുടെ ഇരു തലകൾക്കും രണ്ടു പേരാണ് ഉള്ളത്. വലന്തലയെന്നും ഇടന്തലയെന്നും. വലന്തലയെ വേദ വാദ്യമായി കണക്കാക്കപ്പെടുന്നു. ഇത് കട്ടികൂടിയ തുകൽ കൊണ്ട് പൊതിയപ്പെട്ടതാണ്. ഇതിൽ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്ത് വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ടമേളം നടത്തുക. ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ഇടന്തലയെ അസുര വാദ്യമായി കണക്കാക്കുന്നു. ക്ഷേത്ര മതിൽകെട്ടിനുള്ളിൽ സാധാരണ വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്.
|
ചേങ്ങില |
ഘന വാദ്യമാണ് ചേങ്ങില. വൃത്താകൃതിയിലുള്ള ഈ വാദ്യം ഓടുകൊണ്ടാണ് നിർമ്മിക്കുന്നത്. കൊട്ടുന്നത് കോലുകൊണ്ടാണ്. ചേങ്കില എന്നും പേരുണ്ട്. കഥകളിയിലെ ഒരു പ്രധാന വാദ്യോപകരണമാണ് ഇത്.
|
ഇലത്താളം |
കൈമണി എന്നും പേരുണ്ട്. താമരയിലയുടെ ആകൃതിയാണ് ഇതിന്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്. പതിനെട്ട് വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. രണ്ട് ഇലത്താളങ്ങളുടെയും ചരടുകൾ കൈകൊണ്ട് ശക്തിയായി പിടിച്ചു അവ പരസ്‌പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്.
|
ശുദ്ധമദ്ദളം |
തീവ്രശ്രുതിയോട് കൂടിയ ഒരു തുകൽവാദ്യമാണ് മദ്ദളം. മദ്ദളത്തിന് ഇടന്തലയും വലന്തലയും ഉണ്ട്. രണ്ട് കൈയ്യും ഉപയോഗിച്ചാണ് മദ്ദളം കൊട്ടുന്നത്. ഇടന്തലയിൽ വലതുകൈയ്യും വലന്തലയിൽ ഇടത് കൈയ്യും ഉപയോഗിച്ചാണ് കൊട്ടുക. ഇടന്തല കൊട്ടുന്ന വലതുകൈ വിരലുകളിൽ ചുറ്റുകൾ ഇടാറുണ്ട്. കേരളീയ വാദ്യങ്ങളിൽ മദ്ദളത്തിന് മാത്രമേ ഇങ്ങനെ വിരലുകളിൽ ചുറ്റുകൾ ഇടുന്ന പതിവുള്ളു.