ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കഥകളി ചടങ്ങുകൾ

Mashhari
4
കഥകളിക്ക് തുടക്കം മുതൽ അവസാനം വരെ എട്ട് ഘട്ടങ്ങൾ / രംഗങ്ങൾ ഉണ്ട്.
01. കേളികൊട്ട്
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്....

02. അരങ്ങുകേളി
കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കൊട്ട് എന്നീ പേരുകളും ഈ ചടങ്ങിനുണ്ട്.

03. തോടയം
ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ​ എന്നാണു നിയമം.തോടയത്തിന് ചെണ്ട ഉപയോഗിക്കുകയില്ല. കഥകളിയിൽ ഉപയോഗിക്കുന്ന ചെമ്പട, ചന്പ, പഞ്ചാരി, അടന്ത എന്നീ നാലു താളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിൽ ഉപയോഗിക്കും. നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണ് കഥകളിയിൽ തോടയത്തിനുള്ളത്. കോട്ടയത്തു തന്പുരാനും, കാർത്തിക തിരുന്നാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.

04. വന്ദനശ്ലോകം
തോടയം കഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാ സ്തുതി പരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു. ഒരു ശ്ലോകമെങ്കിലും നിർബന്ധമാണ്. സാധാരണ കോട്ടയത്തു തന്പുരാൻ രചിച്ച, മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും..... എന്നു തുടങ്ങുന്ന ശ്ലോകം ആദ്യം ചൊല്ലും. തുടർന്ന് മറ്റുചില ശ്ലോകങ്ങളും ചൊല്ലാറുണ്ട്.

05. പുറപ്പാട്
ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. കൃഷ്ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ ഏല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.
മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട്. പുറപ്പാടിലെ പദത്തിനുശേഷം ത്രിപുട താളത്തിൽ കാർത്തിക തിരുന്നാൻറെ ദേവദേവ ഹരേ കൃപാലയ..... എന്ന നിലപ്പദം പാടുന്നു (ഭാരത കഥകൾക്ക്). പുറപ്പാടുമുതൽ ചെണ്ട ഉപയോഗിക്കുന്നു. മേൽക്കട്ടി, ആലവട്ടം, ശംഖനാദം എന്നിവയോടു കൂടിയാണ് പുറപ്പാട് നിർവ്വഹിക്കുന്നത്.

06. മേളപ്പദം
പുറപ്പാടിനുശേഷം ജയദേവൻറെ ഗീതാഗോവിന്ദത്തിലെ 21 ാം അഷ്ടപദിയായ “മഞ്ജൂതര കുഞ്ജദള കേളീ സദനേ” എന്നതിൻറെ ആദ്യത്തെ 8 ചരണങ്ങൾ വ്യത്യസ്ത രാഗങ്ങളിൽ പാടുന്നതാണ് മേളപ്പദം. സാധാരണയായി 6 ചരണങ്ങളാണ് പാടാറുള്ളത്. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. മഞ്ജുതര എന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതി എന്ന ചരണം മധ്യമാവതിയിലുമാണ് പാടാറുള്ളത്. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു.
07. കഥാരംഭം
കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം. തുടർന്ന് കഥാപാത്രങ്ങൾ രംഗത്ത് പ്രവേശിക്കുന്നു കഥ അവതരിപ്പിക്കുന്നു.
08. ധനാശി
കഥകളിയിലെ അവസാനത്തെ ചടങ്ങാണ് ഇത്. ഒരു കഥാപാത്രം ഈശ്വരസ്തുതി രൂപത്തിൽ നൃത്തം ചെയ്യുകയാണ് ഇവിടെ.

Post a Comment

4Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !