പോർച്ചുഗീസുകാർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നതിനാൽ മുളകിനെ പറങ്കിമുളകെന്നും കപ്പലുമുളകെന്നും വിളിക്കാറുണ്ട്. ചൂടുള്ള പ്രദേശങ്ങളിലാണ് ഇത് നന്നായി വളരുക. കൃഷിയിറക്കി നാലാം മാസം മുതൽ പച്ചമുളക് പറിച്ചെടുക്കാം. നന്നായി പഴുത്ത മുളകുകൾ ഞെട്ടുകളയാതെ പറിച്ചെടുത്ത് മുറിക്കുള്ളിൽ കൂട്ടിയിടും. അതിനുശേഷം വെയിലിൽ ഉണക്കും. ഇങ്ങനെയാണ് മുളകിന് നല്ല ചുവപ്പുനിറം കിട്ടുന്നത്. മുളകിൽ അടങ്ങിയീട്ടുള്ള 'കാപ്സേസിൻ' (Capsaicin) എന്ന വസ്തുവാണ് മുളകിന് എരിവ് നൽകുന്നത്.