എന്റെ ഭാഷ
February 21, 2022
0
മാതൃഭാഷ അമ്മയാണെന്നും തറവാടാണെന്നുമൊക്കെ ആദരവാര്‍ന്ന വിധം മലയാളത്തെക്കുറിച്ചു നമ്മുടെ കവികള്‍ പാടിയിട്ടുണ്ട്. ഇതില്‍ വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത മാതൃഭാഷയായ മലയാളത്തിന്റെ മഹത്വം വലിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നുണ്ട്. അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരം, മറ്റുള്ള ഭാഷകള്‍ വെറും ധാത്രിമാര്‍, മാതാവിന്‍ വാത്സല്യ ദുഗ്ധം തുടങ്ങിയ മാതൃഭാഷയെക്കുറിച്ചുള്ള മഹത്തായ ഭാവനകള്‍ വള്ളത്തോളിന്റെയാണ്. അദ്ദേഹത്തിൻ്റെ കവിത വായിക്കാം.....
മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം– ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.
അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ! ഏതൊരു വേദവുമേതൊരു ശാസ്ത്രവു– മേതൊരു കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം
ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു– മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍; അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍. -വള്ളത്തോള്‍