First Bell Class 2 Teacher's Note 14 March 2022

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അറിഞ്ഞു കഴിക്കാം

നിങ്ങൾ രാവിലെ പ്രഭാത ഭക്ഷണമായി എന്താണ് കഴിച്ചത്? ദോശയോ ഇഡ്ഡലിയോ ചപ്പാത്തിയോ പുട്ടോ ചക്കപ്പുഴുക്കോ അല്ലെങ്കിൽ വേറെന്തെങ്കിലുമോ ആയിരിക്കും. എന്നാൽ നിങ്ങൾ നിങ്ങൾ കഴിച്ച ആഹാരം തയ്യാറാക്കാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്നും എങ്ങനെയാണ് അത് തയ്യാറാക്കുന്നതെന്നും നിങ്ങൾക്ക് അറിയാമോ?
ടീച്ചർ രാവിലെ അവൽ കുഴച്ചതാണ് കഴിച്ചത്. അത് തയ്യാറാക്കുന്ന വിധം നമ്മളെ കാണിച്ചു തരികയും ചെയ്തു.
ഇനി അവൽ കുഴച്ചതിൻ്റെ പാചകക്കുറിപ്പ് തയ്യാറാക്കി നോക്കിയാലോ?

പാചകക്കുറിപ്പ്
അവൽ കുഴച്ചത്
ആവശ്യമായ സാധനങ്ങൾ
അവൽ
ശർക്കര (പൊടിച്ചത് / അരിഞ്ഞത്)
പഴം (ചെറുതായി അരിഞ്ഞത്)
തേങ്ങ (ചിരകിയത്)
വെള്ളം (ആവശ്യത്തിന്)
ഉപ്പ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
കുറച്ചു വെള്ളം ചേർത്ത് അവൽ നനയ്ക്കുക. ഉപ്പ് ചേർക്കുക. ശർക്കരയും തേങ്ങയും പഴവും ചേർത്ത് കുഴയ്ക്കുക.

പാചക പതിപ്പ് തയ്യാറാക്കാം
ഇതുപോലെ ഏതെങ്കിലും ഒരു വിഭവത്തിൻ്റെ പാചകക്കുറിപ്പ് നിങ്ങൾ സ്വന്തമായി തയ്യാറാക്കി നോക്കൂ.
മാസികകളിലും മറ്റും പാചകക്കുറിപ്പുകൾ കണ്ടിട്ടില്ലേ? അവ ശേഖരിച്ച് ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്യാം.

പാടി രസിക്കാം
അവലു കുഴയ്ക്കാം ഹ ഹ ഹാ
തേങ്ങ തിരുമ്മാം ഹ ഹ ഹാ
ശർക്കര ചേർക്കാം ഹ ഹ ഹാ
പഴവും ചേർക്കാം ഹ ഹ ഹാ
എന്തൊരു സ്വാദ് ഹ ഹ ഹാ

പാട്ടുണ്ടാക്കാം
അമ്മയോടൊപ്പം ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കി പഠിക്കുമ്പോൾ അതിനെപ്പറ്റി നിങ്ങൾ സ്വന്തമായി ചെറിയ പാട്ടുകൾ ഉണ്ടാക്കി നോക്കൂ. എഴുതി വെക്കാനും അധ്യാപകരെയും മുതിർന്നവരെയും പാടി കേൾപ്പിക്കാനും മറക്കരുത്.

ടീച്ചർ കാണിച്ച ആഹാര സാധനങ്ങൾ
1. ഉണ്ണിയപ്പം
അരിപ്പൊടിയിൽ ശർക്കരയും ഏലക്കയും പഴം നുറുക്കിയതും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി അപ്പക്കാരയിലെ കുഴികളിലെ തിളച്ച എണ്ണയിൽ കോരിയൊഴിച്ച് മൊരിച്ചെടുക്കുന്നത്.
2. ചമ്മന്തി
തേങ്ങ, ഉണക്കമുളക്, ഉപ്പ്, പുളി, ഉള്ളി തുടങ്ങിയവ ചേർത്ത് അരച്ചു തയ്യാറാക്കിയത്.

യോജിപ്പിക്കാമോ?
ഉഴുന്ന്, അരി, ഉലുവ, ഉപ്പ് - ഇഡ്ഡലി
വാഴപ്പഴം, കടലമാവ്, എണ്ണ, പഞ്ചസാര - പഴംപൊരി
ഗോതമ്പ് മാവ്, ഉപ്പ്, വെള്ളം - ചപ്പാത്തി
അരിപ്പൊടി, ശർക്കര, തേങ്ങ - അട
തക്കാളി, വെണ്ടയ്ക്ക, സവാള, വെള്ളരി, മുളക്, മസാല, പരിപ്പ്, കായം, ഉലുവ, കറിവേപ്പില, ഉപ്പ് - സാമ്പാർ
ഇഞ്ചി, മുളക്, ഉള്ളി, പുളി, മുളകുപൊടി, ഉപ്പ് - ഇഞ്ചിക്കറി

എന്തെല്ലാം ചേരുവകൾ?
പാഠപുസ്തകത്തിൻ്റെ 116-ാം പേജിലുള്ള ഈ പ്രവർത്തനത്തിൽ സാമ്പാർ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നാണ് എഴുതേണ്ടത്.

വായിക്കാം, എഴുതാം
111, 112 പേജുകൾ വായിച്ചു മനസ്സിലാക്കിയിട്ട് കുട്ടികൾ പാക്കറ്റ് ഭക്ഷണം വേണ്ടെന്ന് കടക്കാരനോടു പറയുന്നതിൻ്റെ കാരണം എന്തെന്ന് എഴുതി അയയ്ക്കുക.

കൂടുതൽ രുചി വിശേഷങ്ങളുള്ള അടുത്ത ക്ലാസ്സിനായി നമുക്ക് കാത്തിരിക്കാം.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !