നാലാം ക്‌ളാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ യൂണിറ്റ് ഒന്ന് The Seed of Truth എന്ന കഥയുടെ മലയാള പരിഭാഷ....
പണ്ടുപണ്ട് ഗാന്ധാരദേശത്ത് നീതിമാനായ ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ സന്തോഷമായിരുന്നു എല്ലായ്പോഴും അദ്ദേഹത്തിന്റെ ലക്ഷ്യം. എങ്കിലും അദ്ദേഹം ദുഖിതനായിരുന്നു. 'എന്റെ കാലശേഷം ഈ രാജ്യം ഭരിക്കാൻ ആരുണ്ട്?' മക്കൾ ഇല്ലാത്ത രാജാവ് ഇക്കാര്യമോർത്ത് എപ്പോഴും വിഷമിച്ചു. ഒടുവിൽ രാജ്യത്തിന് അനന്തരാവകാശിയെ കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചു.
രാജാവിന്റെ നിർദ്ദേശപ്രകാരം രാജ്യമെമ്പാടും ഭടന്മാർ ഒരു വിളംബരം നടത്തി. രാജ്യത്തെ എല്ലാ കുട്ടികളും തൊട്ടടുത്ത ദിവസം രാജകൊട്ടാരത്തിൽ എത്തണമെന്നായിരുന്നു വിളംബരം.
അങ്ങനെ അടുത്ത ദിവസം കൊട്ടാരത്തിന്റെ മുറ്റം കുട്ടികളെക്കൊണ്ടു നിറഞ്ഞു. രാജാവ് അവർക്കരികിലെത്തി. "കുഞ്ഞുങ്ങളേ, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഓരോ വിത്ത് നൽകാൻ പോവുകയാണ്. വിത്ത് മുളച്ചുണ്ടായ ചെടികളുമായി മൂന്നുമാസത്തിനു ശേഷം എല്ലാവരും എന്നെ കാണാൻ എത്തണം. ഏറ്റവും നല്ല പൂക്കൾ ഉള്ള ചെടി ആരുടേതാണോ അയാളാകും ഈ രാജ്യത്തിന്റെ അടുത്ത അവകാശി!'', രാജാവ് പറഞ്ഞതു കേട്ട് കുട്ടികൾ വിത്തു വാങ്ങാൻ തിക്കിത്തിരക്കി.
അങ്ങനെ അവരോരോരുത്തരും വിത്തുകളുമായി അവരവരുടെ വീടുകളിലേക്ക് മടങ്ങി. അക്കൂട്ടത്തിൽ പിംഗളൻ എന്നൊരു കൊച്ചുബാലനും ഉണ്ടായിരുന്നു. ദരിദ്രനായ ഒരു കർഷകന്റെ മകനായിരുന്നു പിംഗളൻ. വിത്ത് അവൻ മണ്ണു നിറച്ച് ഒരു ചട്ടിക്കുള്ളിൽ മുളപ്പിക്കാനിട്ടു. ദിവസങ്ങളും ആഴ്ച്ചകളും
കടന്നു പോയി. വിത്ത് മുളച്ചതേയില്ല. അങ്ങനെ രാജാവ് പറഞ്ഞ ദിവസമെത്തി, മനോഹരമായ പൂക്കളുള്ള പലതരം ചെടികളുമായി കൊട്ടാരത്തിലേക്ക് പോകുന്ന കുട്ടികളെ അവൻ സങ്കടത്തോടെ നോക്കി നിന്നു. മുളപൊട്ടാതെ വിത്ത് ഉറങ്ങിക്കിടന്ന മണ്ണിലേക്കു നോക്കി പിംഗളൻ വിതുമ്പിക്കരഞ്ഞു. അച്ഛൻ അവന്റെ അടുത്തെത്തി. “മകനേ, നീ എത്ര ശ്രമിച്ചിട്ടും ചെടി മുളച്ചില്ലെന്നത് ശരി തന്നെ. പക്ഷേ, അതോർത്ത് കൊട്ടാരത്തിൽ പോകാതിരിക്കരുത്. നീ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന വിവരം രാജാവ് അറിയേണ്ടതല്ലേ?''
അങ്ങനെ അച്ഛന്റെ വാക്കുകേട്ട പിംഗളൻ ഒഴിഞ്ഞ ചെടിച്ചട്ടിയുമായി കൊട്ടാരത്തിലേക്ക് തിരിച്ചു. പോകും വഴിയിൽ കുട്ടികളെല്ലാം അവനെ കളിയാക്കി. “ഹി! ഹി! കാലിച്ചട്ടിയും പിടിച്ച് വരുന്നതു കണ്ടില്ലേ!” കൊട്ടാരമുറ്റത്ത് രാജാവിനെ കാണാനുള്ള കുട്ടികളുടെ വരിയിൽ ഏറ്റവും പിന്നിലായി പിംഗളനും നിന്നു.
വൈകാതെ അവർക്കരികിലേക്ക് രാജാവെത്തി. ഓരോരുത്തരുടെയും കൈയിൽ ഉണ്ടായിരുന്ന തളിർത്തു തഴച്ച ചെടികളിലേക്കും അവയിലെ മനോഹരമായ പൂക്കളിലേക്കും അദ്ദേഹം നോക്കി. പക്ഷേ, അവയൊന്നും അദ്ദേഹത്തെ തൃപ്തനാക്കിയില്ല. ആ നിരയുടെ ഒടുവിൽ ഒഴിഞ്ഞ ചട്ടിയുമായി നിന്ന പിംഗളനരികിൽ അദ്ദേഹമെത്തി "കുഞ്ഞേ, നിന്റെ ചെടിച്ചട്ടിയിൽ ചെടിയോ പൂവോ ഇല്ലാത്തതെന്തേ?'', രാജാവ് ചോദിച്ചു. ദുഃഖം കൊണ്ട് തലതാഴ്ത്തി നിന്ന പിംഗളൻ മെല്ലെ പറഞ്ഞു: "പ്രഭോ, ക്ഷമിക്കണം. ഞാൻ എത്ര തന്നെ ശ്രമിച്ചിട്ടും അങ്ങ് തന്ന വിത്ത് മുളച്ചതേയില്ല!"
ഇതുകേട്ട് രാജാവ് അവനെ ചേർത്തു പിടിച്ച് നെറുകയിൽ തലോടി. “ഇതാ ഇവനാണ് ഈ രാജ്യത്തിന്റെ അടുത്ത രാജാവ്!' അദ്ദേഹം ഉറക്കെ പറഞ്ഞു. അവിടെക്കൂടിയിരുന്നവരെല്ലാവരും സംശയത്തോടെ പരസ്പരം നോക്കി. “ഒരിക്കലും മുളയ്ക്കാൻ സാധ്യതയില്ലാത്ത വറുത്ത വിത്തുകളാണ് ഞാൻ നിങ്ങൾക്കോരോരുത്തർക്കും നൽകിയത്. രാജ്യത്തിന് സത്യസന്ധനായ ഒരു അവകാശിയെ കണ്ടെത്താനുള്ള പരീക്ഷ ആയിരുന്നു അത്. അതിൽ പിംഗളൻ വിജയിച്ചിരിക്കുന്നു. ഇവൻ നീതിമാനായ ഒരു രാജാവായിരിക്കുമെന്ന് ഉറപ്പുണ്ട്!'' ചെടികളുമായി വന്ന കുട്ടികൾ തങ്ങളുടെ തെറ്റ് മനസ്സിലാക്കി. സത്യസന്ധതയുടെ വിലയും അവർ തിരിച്ചറിഞ്ഞു.