Teacher's Note 26 November 2020

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.

Std 2. Malayalam 33. ഈ തെറ്റിന് ശിക്ഷയില്ല
കൂട്ടുകാരേ,
കേശൻ രാജാവിൻ്റെ തോട്ടത്തിലെ വിശേഷപ്പെട്ട പൂവിൻ്റെ ചിത്രവുമായാണ് അമൃത ടീച്ചർ ഇന്നു വന്നത്. അതിന് നിങ്ങൾ വരച്ച പൂവിൻ്റെയത്ര ഭംഗിയുണ്ടോ? ചിണ്ടനും കൂട്ടുകാരും എങ്ങനെയെങ്കിലും ആ പൂവ് ഒന്നു കാണാനുള്ള പദ്ധതികൾ ആലോചിക്കുകയാണ്. ആരാണ് ഈ ചിണ്ടൻ?
- രാത്രിയിൽ തട്ടിൻ പുറത്തു കൂടി ഓടി ഒച്ചയുണ്ടാക്കുന്നവനാണ്.
- അടുക്കളയിൽ പാത്തു പതുങ്ങി വന്ന് ആഹാരം കട്ടു തിന്നുന്നവനാണ്.
- തേങ്ങ മുറിയിൽ നിന്നും കരണ്ടു തിന്നാൻ ഇവൻ മിടുക്കനാണ്.
- ഇവനെക്കുറിച്ച് ഒരു കടങ്കഥയുണ്ട് :-
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ
അങ്ങോട്ട് ഇങ്ങോട്ട് ഓടുന്നു.
അതെ, ചിണ്ടൻ ഒരു എലിയാണ്.

സംഭാഷണം
ചിണ്ടനെലിയുടെയും കൂട്ടുകാരുടെയും സംഭാഷണം കേട്ടില്ലേ? എന്തു മനസ്സിലായി?
- രാജാവിൻ്റെ തോട്ടത്തിലാണ് വിശേഷ സുഗന്ധമുള്ള പൂവ് ഉള്ളത്.
- അത് ഒന്നു കാണാനുള്ള അതിയായ ആഗ്രഹം എല്ലാവർക്കുമുണ്ട്.
- തോട്ടത്തിന് കൂർത്ത പല്ലും ചുവന്ന നാവും ഉണ്ടക്കണ്ണുമുള്ള ചെന്നായ്ക്കൾ കാവലുണ്ട്.
- തോട്ടത്തിനു ചുറ്റും മുള്ളുവേലിയുമുണ്ട്, അതിനിടയിലൂടെ നുഴഞ്ഞു കയറിയാൽ ശരീരം മുറിയും.
- തോട്ടത്തിലേക്ക് തുരംഗമുണ്ടാക്കുകയാണ് അവിടെയെത്താനുള്ള കുഴപ്പമില്ലാത്ത വഴി.
- രാത്രി തുരംഗമുണ്ടാക്കാർ അവർ തീരുമാനിച്ചു.

കടങ്കഥകൾ
കേശൻ രാജാവിൻ്റെ കൊട്ടാരത്തിലുള്ളതുപോലെ നിങ്ങളുടെ വീട്ടിലും പൂന്തോട്ടം ഉണ്ടോ? ഏതു ചെടിയാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്?

ഏതാനും കടങ്കഥകൾ കേട്ട് ഉത്തരം കണ്ടുപിടിക്കാമോ?
1 അമ്മ കറുമ്പി മോളു വെളുമ്പി
മോളുടെ മോളൊരു സുന്ദരിക്കോത!
ഉ: വെളളില

2 തൊട്ടാലുറങ്ങും
തൊട്ടു വിളിച്ചാൽ ഉണരില്ല!
ഉ: തൊട്ടാവാടി

3 കാള കിടക്കും കയറോടും!
ഉ: മത്തൻ
ഇതുപോലെ സസ്യങ്ങളെക്കുറിച്ചുള്ള കൂടുതൽ കടങ്കഥകൾ ശേഖരിച്ച് എഴുതണേ.

ഒറ്റ വാക്യമാക്കാം
രണ്ടോ മൂന്നോ ചെറിയ വാക്യങ്ങൾ ചേർത്ത് ഒറ്റ വാക്യമാക്കാൻ നിങ്ങൾക്ക് കഴിയുമോ? ഒന്ന് ശ്രമിച്ചു നോക്കിയാലോ.
1 കാട്ടിൽ നിറയെ മരങ്ങളുണ്ട്.
കാട്ടിൽ നിറയെ ചെടികളുണ്ട്.
ഉത്തരം: കാട്ടിൽ നിറയെ മരങ്ങളും ചെടികളും ഉണ്ട്.

2 എല്ലാവരും മൂക്കു വിടർത്തി.
എല്ലാവരും മണം പിടിച്ചു.
ഉ: എല്ലാവരും മൂക്കു വിടർത്തി മണം പിടിച്ചു.

3 ഉണ്ടക്കണ്ണുള്ള ചെന്നായ്ക്കൾ.
ചുവന്ന നാവുള്ള ചെന്നായ്ക്കൾ.
കൂർത്ത പല്ലുള്ള ചെന്നായ്ക്കൾ.
ഉ: ഉണ്ടക്കണ്ണും ചുവന്ന നാവും കൂർത്ത പല്ലുമുള്ള ചെന്നായ്ക്കൾ.
ഇതുപോലെ ചെറിയ രണ്ട് വാക്യങ്ങൾ നിങ്ങൾ തന്നെ എഴുതി ഒറ്റ വാക്യമാക്കാൻ ശ്രമിച്ചു നോക്കൂ.

പൂർണ വിരാമം (.)
ഒരു വാക്യം എഴുതി പൂർത്തിയായാൽ അതിൻ്റെ അവസാനം ഒരു കുത്ത് (.) ഇടണം. ഇതിന് ബിന്ദു എന്നും പൂർണ വിരാമം എന്നും പറയും. വാക്യങ്ങൾ എഴുതുമ്പോൾ ഇനി ഇത് മറക്കരുതേ.

ചിണ്ടനും കൂട്ടുകാരും തുരംഗം ഉണ്ടാക്കി അതിലൂടെ കേശൻ രാജാവിൻ്റെ തോട്ടത്തിൽ എത്തിയിട്ടുണ്ടാവുമോ? അവർ കാവൽക്കാരായ ചെന്നായ്ക്കളുടെ കയ്യിൽ അകപ്പെടുമോ? നമുക്ക് അടുത്ത ക്ലാസ്സിൽ പഠിക്കാം കേട്ടോ.

പാoഭാഗം വായിക്കാനും പ്രവർത്തനങ്ങൾ ചെയ്ത് അയയ്ക്കാനും മറക്കരുതേ.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !