മഹാ പണ്ഡിതനായിരുന്നു വരരുചി. ഉച്ചയോടടുത്ത സമയത്ത് ഒരു ദിവസം അദ്ദേഹം ഒരു ഇല്ലത്ത് ചെന്നുപെട്ടു. ഊണ് കഴിച്ചിട്ടു പോകാമെന്ന് ഗ്യഹനാഥൻ ക്ഷണിച്ചു. വരരുചി പറഞ്ഞു: “എനിക്കു ചില ചിട്ടകളൊക്കെയുണ്ട്. ഊണിനു നൂറ്റൊന്നു കറി വേണം. ഊണു കഴിഞ്ഞാൽ മൂന്നാളെ തിന്നണം, നാലുപേർ എന്ന ചുമക്കുകയും വേണം.” - അതുകേട്ട് ഗ്യഹനാഥനായ ബ്രാഹ്മണൻ അമ്പരന്നുപോയി. ഉടൻ അകത്തുനിന്ന് "എല്ലാം ഒരുക്കാമെന്ന് പറയൂ അച്ഛാ' എന്ന് മകൾ പഞ്ചമി വിളിച്ചു പറഞ്ഞു. ഇതു കേട്ട് "എല്ലാം തരാക്കാം. കുളിച്ചിട്ട് വന്നോളൂ" എന്ന് വരരുചിയോട് ബ്രാഹ്മണൻ പറഞ്ഞു. കുളി കഴിഞ്ഞു വന്ന വരരുചി വളരെ തൃപ്തിയോടെ ഊണ് കഴിച്ചു. പിന്നീട് വരരുചി പഞ്ചമിയെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു.
ഊണിന് പഞ്ചമി ഇഞ്ചിക്കറിയാണ് ഒരുക്കിയിരുന്നത്. ഇഞ്ചിക്കറി നൂറ്റിയൊന്ന് കറികൾക്ക് സമമാണ്. അങ്ങനെ ഊണിന് നൂറ്റൊന്ന് കറി വേണമെന്ന വ്യവസ്ഥ പഞ്ചമി പാലിച്ചു. ഊണുകഴിഞ്ഞുവന്ന വരരുചിക്ക് പഞ്ചമി വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും നൽകി. അങ്ങനെ ഊണിന് ശേഷം മൂന്നുപേരെ തിന്നണമെന്ന വ്യവസ്ഥയും പഞ്ചമി പാലിച്ചു. അവസാനമായി വരരുചിക്ക് കിടക്കാനുള്ള സൗകര്യമൊരുക്കി. നാലുകാലുള്ള കട്ടിലിലാണ് അദ്ദേഹം വിശ്രമിച്ചത്. അങ്ങനെ നാലുപേർ ചുമക്കണമെന്ന അവസാനത്തെ വ്യവസ്ഥയും പഞ്ചമി പാലിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ പഞ്ചമിയെ വരരുചി വിവാഹം ചെയ്തു.