TEACHER'S NOTE Std 2. Malayalam - 34.
ഈ തെറ്റിന് ശിക്ഷയില്ല
തോട്ടത്തിലെത്തിയ എലികൾ തമ്മിലുള്ള സംഭാഷണമാണ് ആദ്യം കേട്ടത്. പിന്നെ അമൃത ടീച്ചർ പാഠഭാഗം വായിച്ചു കേൾപ്പിച്ചു.
കുലകുലയായി പൂക്കളുള്ള ചെടിയാണ് എലികൾ കണ്ടത്. നല്ല നീളവും മിനുസവുമുള്ള ഇലകളുമുണ്ട്. എലികൾ അത് മൂടോടെ മാന്തിയെടുത്തു. എന്നാൽ കാവൽക്കാർ ഉണർന്നപ്പോൾ അവർ ചെടിയുടെ കൈയിൽ കിട്ടിയ ഭാഗവുമെടുത്ത് ഓടി രക്ഷപെട്ടു. ചിലർക്ക് പൂവും ചിലർക്ക് ഇലയും ചിലർക്ക് തണ്ടും ഒക്കെ കിട്ടി. ചിണ്ടന് കിട്ടിയത് കിഴങ്ങായിരുന്നു.
ഇല വരയ്ക്കാം
തോട്ടത്തിലെ വിശേഷപ്പെട്ട ചെടിയുടേതു പോലെ നീളമുള്ള ഒരു ഇല വരയ്ക്കാനാണ് ടീച്ചർ പറഞ്ഞത്. നിറമേതെന്ന് അടിയിൽ എഴുതുകയും വേണം.
ടീച്ചറും ഒരു ഇല വരച്ചു. മഞ്ഞ നിറമാണ് നൽകിയത്. നിങ്ങൾ വരച്ച ഇലയ്ക്ക് ഏതു നിറമാണ് നൽകിയത്?
വലിയ ഇലകൾ
വാഴ, ചേമ്പ്, തേക്ക്, പുന്ന, മഞ്ഞൾ തുടങ്ങിയവയുടേതൊക്കെ വലിയ ഇലകളാണ്. വലിയ ഇലകളുള്ള കൂടുതൽ ചെടികളുടെ പേര് കണ്ടെത്തി ബുക്കിൽ എഴുതൂ.
എല്ലാ ഇലകൾക്കും ഒരേ വലിപ്പമല്ല. വേറെയും വ്യത്യാസങ്ങളുണ്ട്.
ഇലകൾ ഏതൊക്കെ കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു?
- വലുപ്പത്തിൽ
- ആകൃതിയിൽ
- നിറത്തിൽ
- മണത്തിൽ
-
മണമുള്ള ഇലകൾ ഏതൊക്കെ?
- രംഭ ഇല
- മാവില
- പുതിനയില
- കറിവേപ്പില
- മല്ലിയില
- വെറ്റില
- മഞ്ഞളില
-
ഇത് നിങ്ങൾ കഴിഞ്ഞ ദിവസം എഴുതിയിരുന്നു, അല്ലേ? ഇതിൽ പുതിയതെന്തെങ്കിലുമുണ്ടെങ്കിൽ കൂട്ടിച്ചേർത്തോളൂ.
നിരീക്ഷണം
തോട്ടത്തിൽ മഴ പെയ്യുന്ന ഒരു വീഡിയോ കണ്ടു. ചേമ്പിലയിൽ വെള്ളം വീഴുന്നു. മറ്റിലകളിൽ വെള്ളം വീഴുമ്പോൾ വെള്ളത്തിൻ്റെ ആകൃതിയിലെ മാറ്റം ഇതുപോലെയാണോ എന്ന് നിരീക്ഷിക്കുമല്ലോ.
അന്വേഷണം
നിങ്ങളുടെ വീടിനു ചുറ്റുമുള്ള സസ്യങ്ങളുടെ പേരെഴുതണം. ഒപ്പം അവയുടെ ഇലകൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് അന്വേഷിച്ചറിഞ്ഞ് അവയുടെ നേരേ കുറിച്ചു വെക്കണം. ഒരുപാട് പുതിയ അറിവുകൾ നമുക്ക് ലഭിക്കുന്നതു കാണാം.
വാഴയില - ആഹാരം വിളമ്പാൻ
മഞ്ഞളില - അട പൊതിയാൻ
ചീരയില - കറി വെക്കാൻ
വേപ്പില - മരുന്നായി
ചെമ്പരത്തി ഇല - താളിയായി
മാവില - പല്ലു തേക്കാൻ
-
-
അടുത്ത ക്ലാസ്സിൽ ഒരു തെങ്ങോല കൊണ്ടുവരാൻ മറക്കരുതേ.
Your Class Teacher