പള്ളിക്കൂടം തുറന്നല്ലോ!-മഴ
ത്തുളളികളും തുളളി വന്നല്ലോ!
വേനലൊഴിവെത്ര വേഗം പോയ്!
വേനൽക്കിനാക്കൾ കരിഞ്ഞു പോയ്!
പൂരവും പെരുന്നാളുമെല്ലാം പോയ്!
പൂതവും തെയ്യവുമെങ്ങോ പോയ്!
പൂക്കണി വച്ച് വിഷുവും പോയ്! “വിത്തും
കൈക്കോട്ടു'മായ് വന്ന കിളിയും പോയി
പള്ളിക്കൂടം തുറന്നല്ലോ!- മഴ
ത്തുളളികളും തുളളി വന്നല്ലോ!
പുതുമണം മഴപെയ്ത മണ്ണിന്നും;
പുതുമണം പുത്തനുടുപ്പിന്നും;
പുതുപാഠപുസ്തകത്താളുകൾക്കും
പുതുമണം-കാലം പുതുക്കുന്നു.
പല നിറമോലും നീരാമ്പൽപോലാം
കുടകൾക്കു കീഴെയായ് പോണോരേ!
മഴവെളളച്ചാലുകൾ നീന്തിയെത്തും
പൊടിമീനിൻനിരപോലാം കൂട്ടുകാരേ!
ആർത്തുല്ലസിച്ചിന്നു നിങ്ങൾ പോകേ,
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യം!
ഒരു വാഴയില വെട്ടിത്തലയിൽ വച്ച്,
ചെറുസ്ലെറ്റും ബുക്കും തൻ മാറണച്ച്,
നനയാതെയാകെ നനഞ്ഞു പോമീ
അനിയനല്ലാത്തോരനിയനേയും
“നനയാതെ'ന്നോതി തൻകുടയിൽ നിർത്തും
കനിവായ് വരുന്നൊരു കൊച്ചുപെങ്ങൾ!
കുടയില്ലാത്തോഴനെ കൂടെ നിർത്താൻ
കുറവ് തോന്നാത്തൊരു കൊച്ചുപെങ്ങൾ!
കുതിരുന്നു ഞാൻ-ആ മഴയിലല്ലാ;
ഒരു കുഞ്ഞുപെങ്ങൾ തൻ സ്നേഹവായ്പിൽ !
ഈ കവിത പല ഈണത്തിൽ കേൾക്കാം