മലയാളത്തിളക്കത്തിൽ സന്തോഷിച്ച് ഈ അസം കുടുംബം

Mashhari
0
 ഒരു പക്ഷെ വീടിന്റെ നാലു ചമരുകൾക്കുള്ളിൽ ഒതുങ്ങി പോവുമായിരുന്ന അസം സ്വദേശിനിയും സെറിബ്രൽ പൾസി ബാധിതയുമായ നാലാം ക്ലാസ് വിദ്യാർത്ഥിനി   നജ്വിൻ സുൽത്താനയുടെ ജീവിതത്തിന് മലയാളത്തിന്റെ തിളക്കം .
മലയാളത്തിളക്കം Handbook - Download Now
ഇരുകൈകളും കാലുകളും തളർന്ന് ചലനശേഷിയില്ലാതെ ജീവിതം കഴിച്ചുകൂട്ടിയിരുന്ന  പത്തു വയസുകാരിയായ നജ്വിനെ , വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് മെമ്പർ ലീന മാത്യുവിന്റെയും സമഗ്ര ശിക്ഷാ കേരള പ്രവർത്തകരുടെയും  നേതൃത്വത്തിൽ പുറ്റുമാനൂർ സർക്കാർ വിദ്യാലയത്തിലേക്ക് എത്തിച്ചത് ആ കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവായി.
നജ്വിന്റെ സഹോദരങ്ങളായ  ഷഹനാസിനും  ഷാ  ആലത്തിനും  അങ്ങനെ ആദ്യമായി വിദ്യാലയത്തിൽ എത്താൻ സാധിച്ചു.
അസം  ഗോഹട്ടി സ്വദേശിയായ ഹുസൈൻ അലിയുടെയും ജലഹ ഹത്തുമിന്റെയും  മൂന്ന് മക്കളിൽ രണ്ടാമത്തെ ആളായ നജ്വിൻ ജൻമനാ സെറിബ്രൽ പൾസി ബാധിതയാണ്. കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് തളർന്ന് കിടക്കുന്ന ഈ കുട്ടിയെ സ്കൂളിലേക്ക് അയക്കുക എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാവുന്ന കാര്യമല്ലായിരുന്നു.
എന്നാൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങളും വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ദിശ _ സമഗ്ര വിദ്യാഭ്യാസ പരിപാടിയും നജ്വിന്റെ വൈകല്യത്തെ ഏറ്റെടുത്തു. ബെഞ്ചിൽ കിടന്ന് എഴുതിയിരുന്ന നജ്വിന് സ്കൂളിലെ  പഠന കാര്യങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ  ഇരിപ്പിടവും ചക്രക്കസേരയും ആസ്റ്റർ മെഡിസിറ്റി തയ്യാറാക്കി  നൽകിയതോടെയാണ്  വലിയ ആശ്വാസമായത്.  ഇതുവരേയും വിദ്യാലയത്തിൽ പോകാതിരുന്ന കുട്ടിയാണെങ്കിലും  അധ്യാപകൻ പറയുന്ന ഏത് കാര്യവും വളരെ വേഗത്തിൽ മനസിലാക്കുന്നതിന് നജ്വിന് കഴിഞ്ഞത് അധ്യാപകരിലും ആത്മവിശ്വാസമുണ്ടാക്കി.
തുടർന്ന് നജ്വിന് വേണ്ടി ദിശയുടെ നേതൃത്വത്തിൽ പ്രത്യേക പരിശലന മൊഡ്യൂൾ തയ്യാറാക്കുകയും ഇതനുസരിച്ച്  ക്ലാസ്  അധ്യാപകന്റെ നേതൃത്വത്തിൽ ദിവസവും  പ്രത്യേക  പരിശീലനം നൽകുകയും ചെയ്തു.
ഇത് കുട്ടിയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് പ്രധാന അധ്യാപിക മിനി വി ഐസക്ക് പറഞ്ഞു.

പി ടി എ, സ്കൂൾ വികസന സമിതി ,ഗ്രാമ പഞ്ചായത്ത് എന്നിവരുടെ പിന്തുണയോടെ കുട്ടിയ്ക്ക് വിദ്യാലയത്തിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലുള്ള റാമ്പ് നിർമ്മിച്ച് നൽകി. കൂടാതെ ,എഫ് എ സി ടി യു ടെ പൊതുനൻമ ഫണ്ടിൽ നിന്നും വീട്ടിൽ ഉപയോഗിക്കുന്നതിന് വേണ്ടി  മികച്ച സൗകര്യങ്ങളുള്ള ചക്രക്കസേരയും നൽകിയിട്ടുണ്ട്.

നജ്വിൻ  കഴിഞ്ഞ 9  മാസം കൊണ്ട് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ  വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുഞ്ചിരിക്കുന്ന മുഖവുമായി ,
തളർന്ന കൈവിരൽ ഉപയോഗിച്ച് ഒരു  അക്ഷരത്തെറ്റു പോലുമില്ലാതെ മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഒരു പാട് പേരുടെ ഉള്ളു നിറയുന്നുണ്ട്.

കേരളത്തിലെ പൊതു വിദ്യാലയങ്ങൾ നിർമ്മിക്കുന്ന ഇത്തരം മാതൃകകളും മനുഷ്യത്വപരമായ ഇടപെടലുകളും സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !