കുട്ടിക്കവിതകൾ - മഴ

RELATED POSTS

മഴവില്ല്
മഴ തോരുമ്പോൾ മാനത്ത്
വിരിയും നല്ലൊരു മഴവില്ല്
മാനം നിറയും മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല്

പെരുമഴ
ചാറിച്ചാറിയണഞ്ഞൊരു ചെറുമഴ
ചീറിച്ചീറിപ്പെരുമഴയായ്
ചിന്നിച്ചിന്നിപ്പെയ്തൊരു പൊൻമഴ
ചന്നം പിന്നം വൻമഴയായ്!

മഴമഴ - കുഴകുഴ
മഴപെയ്തപ്പോൾ വഴികൾ മുഴുവൻ
കുഴകുഴയായീ ചങ്ങാതീ
അഴിയും പുഴയും കുണ്ടും കുഴിയും
കോഴഞ്ചേരിയുമൊരുപോലെ!

മഴ പൂരം
ഇടിയും മഴയും വന്നപ്പോൾ
ഇടവഴിതോറും മലവെള്ളം
മാക്രിക്കുട്ടനു പൊടിപൂരം
മണ്ണിൽപ്പുത്തൻ തുടി മേളം

രണ്ടു കുടകൾ
ആകാശക്കുട ചോരുമ്പോൾ
ഭൂമി തണുത്തു വിറയ്ക്കുന്നു
എന്റെ പഴങ്കുട ചോരുമ്പോൾ
ഞാനും കോച്ചി വിറയ്ക്കുന്നു

മഴവില്ല്
കണ്ടൻ പൂച്ച മാനത്ത്
കണ്ടൂ നല്ലൊരു മഴവില്ല്
ഒന്നു മയങ്ങിയ നേരത്ത്
അയ്യോ മാഞ്ഞൂ മഴവില്ല്

മഴ വന്നപ്പോൾ
മിനുമിനെ മിന്നൽ മാനത്ത്
പടപടയിടിയുണ്ടെമ്പാടും
ചറപറ ചറപറ മഴ പെയ്തു
ചെളിപിളിയായി വഴിയെല്ലാം
തണുതണെ നീരിൽ നീന്തുകയായ്
താറാവുകളും തവളകളും
കടലാസ് തോണിയിറക്കീ മഴയിൽ
കളിയാടുകയായ് കുഞ്ഞുങ്ങൾ!

മഴ മഴ
മഴ മഴ മഴ മഴ മാനത്ത്
പുഴ പുഴ പുഴ പുഴ താഴത്ത്
മഴ മഴ മഴ മഴ മാനത്ത്
തുള്ളികൾ തുള്ളികൾ താഴേക്ക്
കള കള കളകളാരവമായ്
പുഴകൾ നീന്തിപ്പായുന്നു
പോക്രോം പോക്രോം പാട്ടുകൾ പാടി
തവളകൾ ചാടി രസിക്കുന്നു
വെള്ളിച്ചിറകുകൾ വീശി പറവകൾ
പാട്ടും പാടി പാറുന്നു


KuttikkavithakalPost A Comment:

0 comments: