പഠനപ്രക്രിയയെ വിലയിരുത്തൽ

Mashhari
0
ക്ലാസ് റൂമിൽ നടക്കുന്ന ഒരു പഠനപ്രവർത്തനത്തെ  5 സൂചകങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തേണ്ടത്. 

1. പ്രവർത്തനത്തിലെ പങ്കാളിത്തം
2.. ആശയ ധാരണ
3. ശേഷികൾ ആർജിക്കൽ
4. പ്രകടനം / അവതരണം
5. രേഖപ്പെടുത്തൽ / തയ്യാറാക്കൽ

എന്നിവയാണ് സൂചകങ്ങൾ.....

ഓരോ പ്രവർത്തനത്തിൻ്റെയും ഭാഗമായി എല്ലാ കുട്ടികളെയും ഈ സൂചകങ്ങൾ ഉപയോഗിച്ച് ഗ്രേഡ് ചെയ്യണമെന്നല്ല ഇതിനർത്ഥം. ഒരു ടേം കഴിയുമ്പോൾ ഓരോ സൂചകത്തിൻ്റെയും അടിസ്ഥാനത്തിൽ കുട്ടി എവിടെ നിൽക്കുന്നു എന്ന് നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി ടീച്ചർക്കാവശ്യമായ രേഖപ്പെടുത്തലുകളാണ്  TM ൻ്റെ പ്രതികരണപേജിൽ ഉണ്ടായിരിക്കേണ്ടത്. നിരന്തരവിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഫീഡ്ബാക്ക് നൽകി എല്ലാവരേയും നിശ്ചിത നിലവാരത്തിലെത്തിക്കുമ്പോൾ തന്നെ പ്രവർത്തന പങ്കാളിത്തത്തിലും ആശയ ധാരണയിലും ശേഷികൾ ആർജിക്കുന്നതിലും പ്രകടനത്തിലും രേഖപ്പെടുത്തലിലുമെല്ലാമുള്ള കുട്ടിയുടെ നിലവാരമാണ് ടേമിൻ്റെ ഒടുവിൽ ഗ്രേഡാക്കി മാറ്റുന്നത്.

ഓരോ സൂചകത്തെയും വിശദമായി പരിശോധിക്കാം

1. പ്രവർത്തനത്തിലെ പങ്കാളിത്തം
ആശയരൂപീകരണത്തിനായി നടക്കുന്ന ഒരു പ്രവർത്തനത്തിൽ കുട്ടി എങ്ങനെ പങ്കെടുക്കുന്നു എന്നതാണ് വിലയിരുത്തുന്നത്. വ്യക്തിഗതമായി പ്രവർത്തനങ്ങൾ ചെയ്യുന്നതിലും ഗ്രൂപ്പിലെ ഇടപെടലുകളിലും അറിവുകൾ പങ്കുവെക്കുന്നതിലുമുള്ള മികവാണ് വിലയിരുത്തുന്നത്. ഇങ്ങനെ ഒരു പ്രവർത്തനം ഏറ്റെടുത്ത് ചെയ്യുന്നതിനുള്ള സന്നദ്ധത വിലയിരുത്തുന്നു.

2. ആശയധാരണ
പ്രവർത്തനത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ള ആശയം എല്ലാ കുട്ടികളും നേടേണ്ടതുണ്ട്. എന്നാൽ ചില കുട്ടികൾ ഈ ധാരണകൾ വളരെ വേഗം നേടുവാനും ചിലർക്ക് കൂടുതൽ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും സഹായങ്ങളും ആവശ്യമായി വരുന്നു. ഇത് കണ്ടെത്തി ആവശ്യമായ നിർദ്ദേശങ്ങൾ എടുക്കുന്നതിന് ആശയധാരണ നേടുന്നതിൽ കുട്ടി എവിടെ  നിൽക്കുന്നു എന്ന് വിലയിരുത്തണം.

 3. ശേഷികൾ ആർജിക്കൽ
ഓരോ പ്രവർത്തനത്തിലും നേടേണ്ട ആശയങ്ങൾക്ക് പുറമേ ആർജിക്കേണ്ട ശേഷികളും നാം നിശ്ചയിച്ചിട്ടുണ്ടാകുമല്ലോ. ഈ ശേഷികളുടെ കാര്യത്തിൽ കുട്ടിയുടെ നിലയാണ് ഈ സൂചകത്തിലൂടെ വിലയിരുത്തുന്നത്. ഉദാഹരണമായി ഒരു പട്ടിക അപഗ്രഥിച്ച് നിഗമനം രൂപീകരിക്കുന്ന പ്രവർത്തനം പരിശോധിക്കാം. ചില കുട്ടികൾ പട്ടികയിൽ നിന്നും കണ്ടെത്താവുന്ന കാര്യങ്ങൾ വളരെ വേഗം കണ്ടെത്തുകയും നിഗമനം രൂപീകരിക്കുകയും ചെയ്യുന്നു. എന്നാൽ ചിലർക്ക് ചില ചോദ്യങ്ങളും നിർദ്ദേശങ്ങളും ആവശ്യമായി വരുന്നു. മറ്റു ചിലർക്ക് കൂടുതൽ സഹായം വേണ്ടി വരുന്നു. ശേഷികളുടെ കാര്യത്തിലുള്ള ഈ നിലയാണ് ഈ സൂചകത്തിലൂടെ വിലയിരുത്തുന്നത്.

4. പ്രകടനം / അവതരണം
വ്യക്തിഗതമായ അവതരണം, ഗ്രൂപ്പ് അവതരണം, ക്ലാസ് ചർച്ചയിലെ പ്രകടനം തുടങ്ങിയവയിലെ മികവാണ് വിലയിരുത്തുന്നത്.

 5. രേഖപ്പെടുത്തൽ / തയ്യാറാക്കൽ
പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടിയുടെ നോട്ടുബുക്കിലെ രേഖപ്പെടുത്തലുകളും, മറ്റെന്തെങ്കിലും തരത്തിലുള്ള ഉൽപ്പന്നങ്ങൾ തയ്യാറാക്കലുമാണ് വിലയിരുത്തേണ്ടത്. നോട്ടുബുക്കിൻ്റെ തുടർച്ച, സമഗ്രത, ചിട്ടയായ രേഖപ്പെടുത്തൽ തുടങ്ങിയവ പരിഗണിച്ചാണ് വിലയിരുത്തേണ്ടത്.

 പഠനപ്രക്രിയയെ വിലയിരുത്തുന്നതിനുള്ള തെളിവായി പരിഗണിക്കുന്നത് കുട്ടിയുടെ നോട്ട് ബുക്കും ടീച്ചറുടെ പ്രതികരണ പേജിലെ രേഖപ്പെടുത്തലുമാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !