കഥകളിയുടെ കണ്ണ്

Mash
0
കളിവിളക്കിന് മുന്നിലെത്തുന്ന കഥകളി നടന്റെ കണ്ണ് ചുവന്നിരിക്കുന്നത് കൂട്ടുകാർ ശ്രദ്ധിച്ചിട്ടുണ്ടോ? കണ്ണുകൾക്ക് ഈ നിറഭേദം എങ്ങനെയാണ് നടൻ വരുത്തുന്നതെന്ന് അറിയുമ്പോൾ നിങ്ങളുടെ കണ്ണിലും വിസ്മയം വിടരും.
കഥകളിയുടെ ജനനം മുതൽക്കേ അരങ്ങിലെത്തുന്നതിനു മുൻപ് നടൻ കണ്ണ് ചുവപ്പിച്ചിരുന്നു. അരങ്ങത്ത് നടൻ അഭിനയിക്കുന്ന പാവങ്ങൾക്ക് മിഴിവും ഭംഗിയും ജീവനും നൽകുന്നത് കണ്ണാണ്. നടന്റെ കണ്ണ് ചുവന്നിരിക്കണെമെന്ന നിഷ്കർഷയ്ക്ക് ഇത് ഒരു കാരണമാകാം. മുഖത്തേപ്പിനു ശേഷം കണ്ണ് സാധാരണ രീതിയിലാണെങ്കിൽ കണ്ണിന് മിഴിവ് ഉണ്ടാകില്ല. മുഖത്തേപ്പ് വിവിധ വർണങ്ങളിൽ ആയതിനാൽ ചുവപ്പിക്കുന്നതോടെ കണ്ണിന്റെ തേജസ്സ് വർധിക്കുന്നു.
പ്രകൃതിയിൽ നിന്ന് ലഭിക്കുന്നവയല്ലാതെ സൗന്ദര്യ വർധന വസ്തുക്കളൊന്നും മുഖത്തേപ്പിന് കഥകളിലോകം ഇനിയും സ്വീകരിച്ചിട്ടില്ല. കണ്ണ് ചുവപ്പിക്കുന്നതിന് ചുണ്ടച്ചെടിയോടാണ് കടപ്പാട്. ചുണ്ടയിലും വകഭേദങ്ങളുണ്ട്. കഥകളിക്കാർക്ക് പ്രിയം ചെറുചുണ്ടയാണ്. ചുണ്ടപ്പൂവ് പൊട്ടിച്ച് ഇതൾമാത്രം പിഴുതുമാറ്റി കായ് ആകുവാൻ പോകുന്ന വെളുത്തമണിമാത്രം എടുത്ത് ഉള്ളം കയ്യിലിട്ട് ഒരു മണിക്കൂർ തിരുമ്മുന്നു. ഇതോടെ മണിയുടെ നിറം കറുത്തിരിക്കും. ഇത് പിന്നീട് വെയിലത്ത് ഉണക്കിയെടുക്കുകയാണ് പതിവ്. പൂപ്പൽ ഒഴിവാക്കുന്നതിന് നെയ്യിലിട്ട് വയ്ക്കുകയാണ് ചെയ്യുക.
ചുട്ടിയും മുഖത്തേപ്പും കഴിഞ്ഞാൽ ഉടുത്തുകെട്ടുന്നതിന് മുൻപ് ചുണ്ടപ്പൂവ് വെള്ളത്തിൽ ചാലിച്ച് കണ്ണിന്റെ കീഴ്പ്പോളയുടെ ഉള്ളിൽ നടുവിലായി ഇടും. തുടർന്ന് കണ്ണ് അടയ്‌ക്കാതെയും അടച്ചും വട്ടത്തിൽ രണ്ടുഭാഗത്തേയ്ക്കും കറക്കുന്നത് വഴി കണ്ണിന്റെ എല്ലാവശവും ചുവക്കുന്നു. ഏകദേശം നാലുമണിക്കൂർ കണ്ണ് നല്ലവണ്ണം ചുവന്നിരിക്കും. അതുകഴിഞ്ഞാൽ ചുവപ്പ് കുറയുവാൻ തുടങ്ങും.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !