രക്ഷിതാക്കളുടെ യോഗങ്ങളിൽ എന്തൊക്കെ സംശയങ്ങളും വേവലാതികളുമാണ് ഉന്നയിക്കപ്പെടാറുള്ളത്! “സര്‍, എന്റെ മകൾ നല്ല സ്മാർട്ടാണ്. എല്ലാവരോടും വലിയ സ്നേഹം. ആൺപിള്ളേരോട് അത്ര അടുത്തിടപഴകേണ്ട എന്ന് പറഞ്ഞിട്ട് അവൾ ഗൗനിക്കുന്നില്ല. വല്ല പ്രേമത്തിലും ചെന്ന് പെടുമോ എന്നാണ് എന്റെ പേടി”. ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകളെപ്പറ്റി അമ്മയുടെ പരാതി ആണ്. മകൾ സ്മാർട്ട് ആയതിനാൽ സന്തോഷിക്കുകയാണ് വേണ്ടത്. ആണ്‍കുട്ടികളോടും പെൺകുട്ടികളും ഒരേപോലെ പെരുമാറുകയല്ലേ അവള്‍. പക്ഷേ അമ്മയ്ക്ക് ആൺകുട്ടികളോട് ഇടപെടുന്നത് ഇഷ്ടപ്പെടാത്തതല്ലേ പ്രശ്നം? അവൾ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന കുട്ടിയാണ് എന്നും സമ്മതിച്ചല്ലോ. പിന്നെ എന്തിനാണ് ടെൻഷൻ? ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു തീർന്നതും അടുത്തിരുന്ന അവരുടെ സഹപ്രവര്‍ത്തക ചാടിപ്പറഞ്ഞു. “സര്‍, ഈ കക്ഷി എന്റെ കൂടെ പഠിച്ചതാണ് ഓവർ സ്മാർട്ട് ആയിരുന്നു. കൂടെ പഠിച്ച ആളിനെ പ്രേമിച്ച കെട്ടിയവളുമാണേയ്..” എല്ലാവരും അതുകേട്ട് ചിരിച്ചു പോയി. മകള്‍ തന്നെ പോലെ ആകുമോ എന്നായിരുന്നു ആ അമ്മയുടെ ഭയം! മറ്റൊരു യോഗത്തിൽ വച്ച് ഒരു രക്ഷിതാവ് ചോദിച്ചു: “സര്‍, എന്റെ രണ്ടുമക്കളും മെഡിസിനോ എൻജിനീയറിങ്ങിനോ പഠിക്കാനാണ് പ്ലാൻ. എട്ടാം സ്റ്റാൻഡേർഡിലായി. ഇപ്പോഴേ എൻട്രൻസ് കോച്ചിങ് ചേര്‍ത്തിട്ടുണ്ട്. നന്നായി പഠിക്കും. പക്ഷേ ആ കുട്ടികൾക്ക് എന്തിനാ സര്‍ ഈ സാഹിത്യപഠനം? കുമാരനാശാന്റെ കവിതകൾ പഠിച്ചിട്ട് അവർക്ക് എന്ത് കിട്ടാനാണ്?” “അത് ശരിയാ സര്‍ എന്റെ കുട്ടിയ്ക്കും മലയാളം പഠിക്കാനാണ് വളരെ വിഷമം. ഈ കവിതകളൊക്കെ കടുകട്ടി വായിച്ചിട്ട് എനിക്ക് പോലും മനസ്സിലാകുന്നില്ല”.
ഒരാൾ സംശയം ചോദിച്ചാൽ അത് പോലെയുള്ള അനേകം സംശയങ്ങൾ ഉണ്ടാകും. എൻജിനീയറിങ്, മെഡിസിൻ, നഴ്സിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കാൻ പോകുന്ന കുട്ടികളെ വെറുതെ മലയാളവും ഇംഗ്ലീഷും ഒക്കെ പഠിപ്പിച്ചു കഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ഗണിതവും ശാസ്ത്രവും പഠിച്ചു പോകേണ്ടവർക്ക് എന്തിനാണ് സാഹിത്യം? അങ്ങനെയൊക്കെ ആയിരുന്നു അവർ ചോദിച്ചത്.
ഒന്നാമതായി ഒരു വലിയ രഹസ്യം പറയാം. ഒരു കുട്ടിയും (ഓരോ മനുഷ്യനും) സൃഷ്ടിയുടെ (പ്രകൃതിയുടെ) ഒരു സവിശേഷമായ പ്രതിഭാസമാണ്. അനന്തമായ ശേഷികൾ ഓരോ മനുഷ്യന്റെയും മസ്തിഷ്കത്തിൽ ഉറങ്ങുന്നു. ഒരു മനുഷ്യ മസ്തിഷ്കത്തിൽ ഉള്ളത് നൂറു ബില്യണിലേറെ (പതിനായിരം കോടിയിലേറെ) ന്യൂറോണുകൾ. ഓരോ ന്യൂറോണും മറ്റു ന്യൂറോണുമായി ബന്ധപ്പെടാൻ, നെറ്റ്‌വർക്കിങ് ചെയ്യാൻ, ശാഖകൾ (ടെന്റക്കിള്‍സ്) ഉണ്ട്. ചെറിയ ദൂരത്തിലും വലിയ ദൂരത്തിലും ബന്ധപ്പെടാൻ രണ്ടുതരം. ഒരു ന്യൂറോണ് ഒരു നിമിഷം പതിനായിരം ബന്ധപ്പെടൽ നടത്താൻ ശേഷിയുണ്ട്. അപ്പോൾ പതിനായിരം കോടി ന്യൂറോണുകൾക്ക് എത്രയെത്ര കോടി ബന്ധങ്ങൾക്ക് കഴിയും. അഥവാ മസ്തിഷ്കാവസ്ഥകൾ അനന്തം!
അതെ; അങ്ങനെ അനന്തമായ ശേഷിയുള്ള ഒരു സൂപ്പർ സൂപ്പര്‍ കമ്പ്യൂട്ടർ കൊണ്ടാണ് നിങ്ങളുടെ മക്കൾ ഇരിക്കുന്നത് (നിങ്ങളും). ഈ സൂപ്പർ കമ്പ്യൂട്ടറിലേക്ക് പ്രോഗ്രാമുകൾ നൽകണം. അതാണ് പഠനം. പരിശീലനം. ബഹുതല ബുദ്ധിയുള്ള ഈ മസ്തിഷ്കത്തിലേക്ക് ഒരു പ്രത്യേക വിഷയം (അറിവ്) മാത്രം നൽകിയാൽ മറ്റുള്ള ശേഷികൾ മുരടിക്കും. വളർച്ച പൂർണമാകില്ല. കുട്ടിയുടെ സമഗ്ര വികസനത്തിന് ശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഭാഷയും എല്ലാം നൽകണം. സാഹിത്യവും കലയുമെല്ലാം. ഇങ്ങനെ ബഹുതല ബുദ്ധി വികസിപ്പിച്ചാണ് ലിയനാർഡോ ഡാവിഞ്ചി കലാകാരനും ശാസ്ത്രജ്ഞനുമായ ജീനിയസ് ആയത്.
നമ്മുടെ ശരീരത്തിലെ ഒരു ഭാഗത്തെ കോശങ്ങൾ മാത്രം പെരുകുന്നത് അല്ലേ കാൻസർ? പഠനവും അങ്ങനെ പരിമിതപ്പെടുത്തി കുട്ടിയെ മനോരോഗികൾ ആക്കരുത്. പത്താംക്ലാസ് വരെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത് അതിനാണ്. ലോകമെങ്ങും അങ്ങനെയാണ് പഠിപ്പിക്കുന്നതും.
നമ്മുടെ കുട്ടി ഉണക്ക എൻജിനീയർ (ഡോക്ടർ) ആയാൽ പോരല്ലോ. അത്തരം എൻജിനീയർ (ഡോക്ടർ) രാക്ഷസരാകും. നമുക്ക് വേണ്ടത് ചിരിക്കാൻ അറിയുന്ന, സ്നേഹിക്കാനറിയുന്ന, എംപതിയും സിംപതിയും ഉള്ള, മനസ്സിൽ സംഗീതവും കവിതയും ഉള്ള ഡോക്ടറെ (എൻജിനീയറെ) ആണ്. ശാസ്ത്രജ്ഞന്മാരേയും ആണ്. അത്തരം ആൾക്കാർക്കെ ആറ്റംബോംബിനെതിരായി ശബ്ദിക്കാൻ ആകൂ. സമൂഹത്തിന്റെ കണ്ണുനീരൊപ്പാനാകൂ.
ഭാഷാ ശേഷിയാണ് കൊച്ചുകുട്ടികൾ (പ്രൈമറി ലെവലില്‍) നേടേണ്ട പരമപ്രധാനമായ കഴിവ്. നല്ല എൻജിനീയറും ഡോക്ടറും നഴ്സും മനുഷ്യനും ആകാൻ ആശയവിനിമയ ശേഷി വേണം. അതാണ് ഭാഷാശേഷി നൽകുന്നത്.
സാഹിത്യ ബോധമില്ലാത്തവന്‍ വെറും മൃഗതുല്യനല്ലേ? മനുഷ്യനെ മനുഷ്യനാക്കുന്നത് സാഹിത്യവും കലയും തന്നെ. ഒരു രാജ്യത്തിന്റെ സംസ്കാരത്തിന്റെ അളവുകോലാണ് അവിടത്തെ ജനതയുടെ സാഹിത്യ ബോധവും കലാബോധവും. മ്യൂണിച്ചില്‍ തെരുവിൽ ഭിക്ഷക്കാര്‍ ഭിക്ഷയാചിക്കുന്നത് ശാസ്ത്രീയ സംഗീത മേള നടത്തിയാണ്. അണുവായുധങ്ങൾക്കെതിരെ അവർ പൊതുയോഗം നടത്തുന്നിട പകുതി സമയം ശാസ്ത്രീയ സംഗീതത്തിന് നൽകും. അതാണ് ഒരു ജനതയുടെ സംസ്കാരം വെളിപ്പെടുത്തുന്ന ആവേശകരമായ കാഴ്ച.
അതിനാൽ പ്രിയപ്പെട്ടവരേ, നമ്മുടെ കുട്ടികൾ കണക്കിലും സയന്‍സിലും മിടുക്കരായിക്കൊള്ളട്ടെ. പക്ഷെ കൂട്ടത്തിൽ സാമൂഹ്യ ബോധം അവർക്ക് ഉണ്ടാകാനായി സാമൂഹ്യശാസ്ത്രവും അവർ പഠിക്കട്ടെ. സംഗീതവും. പിന്നെ അവർ നന്നായി ഭാഷകളും പഠിക്കട്ടെ. മലയാളം തന്നെ ആദ്യം. പിന്നെ മറ്റു ഭാഷകളും. അവര്‍ പാടാനും ആടാനും പഠിക്കട്ടെ. അവര്‍ ചിരിക്കാനറിയുന്ന ഡോക്ടർമാരും എൻജിനീയർമാരും തൊഴിലാളികളുമൊക്കെ ആകും. മനുഷ്യരാകും. മക്കള്‍ അങ്ങനെയുള്ളവരായി മാറിയില്ലെങ്കിൽ നാളെ അവർ നമ്മളെ വീട്ടിനു പുറത്താക്കില്ലേ?
കുമാരനാശാന്റെ നാലുവരി കവിത പാടിക്കൊണ്ട് നമുക്ക് ഈ വിചിന്തനം നിർത്താം.
“സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു.
സ്നേഹം താൻ ശക്തി ജഗത്തിൽ -സ്വയം
സ്നേഹം താൻ സൗന്ദര്യമാർക്കും” .
📃. നമുക്ക് വേണ്ട ഉണക്ക എന്‍ജിനീയർമാരെ
📃✍. Prof. Sivadas Sankarannai