അവരിൽ ഒരാളായ വേലുത്തമ്പി ദളവയെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം. ഒരു പുതിയ വാക്ക് പഠിക്കാം... ആ വാക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ വാക്യവും പരിചയപ്പെടാം..കൂടുതൽ വാക്യങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാം.
1765-ൽ പഴയ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ തലക്കുളം എന്ന ഗ്രാമത്തിലെ വലിയവീട്ടിൽ വേലുത്തമ്പി ജനിച്ചത്. വേലായുധൻ ചെമ്പകരാമൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ മണക്കര കുഞ്ഞു മയാറ്റി പിള്ളയും അമ്മ തലക്കുളം വലിയ വീട്ടിൽ വള്ളിയമ്മ പിള്ള തങ്കച്ചിയും ആയിരുന്നു. 1802 ൽ വേലുത്തമ്പി തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവയായി നിയമിതനായി. പരസ്യമായി ബ്രിട്ടീഷുകാരെ എതിർത്ത ധീരനായിരുന്നു വേലുത്തമ്പി. 1809 ജനുവരി 11 പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ നാട്ടുകാരായ പടയാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പട്ടാളം അദ്ദേഹം അഭയം പ്രാപിച്ചിരുന്ന മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠം വളഞ്ഞു. ബ്രിട്ടീഷ് പട്ടാളത്തിന്റെ കൈകൊണ്ട് മരിക്കാൻ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം ആ സാമ്രാജ്യത്തിനു പിടികൊടുക്കാതെ അവിടെ വെച്ച് 1809-ൽ ജീവത്യാഗം ചെയ്തു.