കൗതുകം പൂണ്ട കണ്ണും മനസ്സുമായി മാനത്തേയ്‌ക്ക് നോക്കി നിൽക്കുന്ന കുട്ടിയുടെ അമ്പിളിമാമന്റെ പൂനിലാവിനെ വിളിക്കുകയാണ് കവി. പിഞ്ചുകൈ നീട്ടി കുഞ്ഞ് കൗതുകത്തോടെ നിലാവിനെ സ്വാഗതം ചെയ്യുന്നു. അമ്പിളിയാകുന്ന തേരിൽ നിന്നിറങ്ങി മേഘമാകുന്ന ആനപ്പുറത്ത് കയറി കുട്ടിയുടെ അടുത്തേയ്‌ക്ക് ഓടി വരൂ എന്ന് പറയുന്നു. ഭൂമിയിൽ ഇറങ്ങി കളിക്കുകയാണെങ്കിൽ പാലും പഴവും പൂന്തേനും പൂവുമെല്ലാം തരാമെന്ന് നിലവിനോട് പറയുന്നു. വിണ്ണിൽ നിന്ന് അമ്പിളിക്കൊച്ചമ്മാവൻ കണ്ണാടി കൊടുത്തയയ്‌ക്കും, തുമ്പപ്പൂവിനേക്കാൾ വെണ്മയുള്ള നിലാവാകുന്ന തൂവാലയും നിനക്കായി കൊടുത്തയയ്‌ക്കും. പൂനിലാവേ നീ ഓടിവാ, ഓമനക്കുഞ്ഞിന്റെ മുന്നിലേക്കു വാ എന്നാണ് കവി സ്‌നേഹപൂർവം നിലവിനോട് പറയുന്നത്.