ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Mathematics - 45.
മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്താം
സിംഹരാജനെ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി മാനുകൾ രണ്ട് കൂട്ടങ്ങളായി വരികയാണ്.
ഒന്നാമത്തെ കൂട്ടം : 12 മാനുകൾ
രണ്ടാമത്തെ കൂട്ടം : 13 മാനുകൾ
ആകെ എത്ര മാനുകളാണ് വരുന്നത്?
ഉത്തരം കണ്ടുപിടിക്കാൻ കൂട്ടുകയാണ് വേണ്ടത്. ഉത്തരം എത്രയാണെന്ന് ഊഹിക്കാൻ ശ്രമിച്ചാലോ?
A : 20 ൽ കുറവ്
B : 20
C : 20 ൽ കുടുതൽ
12 + 13 എന്ന ക്രിയയാണ് ചെയ്യേണ്ടത്. 12 ലും 13 ലും ഓരോ പത്തുകൾ ഉണ്ട്. പത്തുകൾ മാത്രം കൂട്ടുമ്പോൾ 20 കിട്ടും. ഇനി ഒന്നുകൾ കൂട്ടാനുണ്ട്. അതിനാൽ ഉത്തരം 20 ൽ കൂടുതലാണെന്ന് ഉറപ്പാണ്. 20 നോട് 3 + 2 (ഒന്നുകൾ) കൂടി കൂട്ടുമ്പോൾ 25 ആണ് ഉത്തരം.
ഇനി ഇതുപോലെ മറ്റൊരു കണക്ക് പരിശോധിച്ചു നോക്കാം.
38 ഉം 23 ഉം ചേർന്നാൽ എത്ര?
ഉത്തരത്തെക്കുറിച്ചുള്ള 3 ഓപ്ഷൻസ് ഇവയാണ് -
A : 60 ൽ കുറവ്
B : 60
C : 60 ൽ കൂടുതൽ
38 + 23 എന്ന ക്രിയയാണ് ചെയ്യേണ്ടത്. രണ്ടു സംഖ്യകളിലേയും പത്തുകൾ കൂട്ടുമ്പോൾ ( 3 പത്തുകൾ + 2 പത്തുകൾ) 50 കിട്ടും. ഒന്നുകൾ കൂട്ടുമ്പോൾ (8 ഒന്നുകൾ + 3 ഒന്നുകൾ) 11 കിട്ടും.
50 + 11 = 61 ആണ് ഉത്തരം.
ഇത് 60 ൽ കൂടുതൽ ആണല്ലോ.
ഒരേ ഉത്തരം വരുന്ന ക്രിയകൾ കണ്ടെത്താം
25, 16, 26, 15, 17 എന്നീ സംഖ്യകളിൽ രണ്ടെണ്ണം വീതം കൂട്ടുമ്പോൾ ഒരേ ഉത്തരം ലഭിക്കുന്ന ജോഡികൾ ഏതൊക്കെ?
ഊഹിച്ച് ഉത്തരം പറയാൻ ചിലർക്കൊക്കെ സാധിച്ചേക്കും. എങ്കിലും കൃത്യമായി ഉത്തരം കണ്ടെത്താൻ ഓരോ സംഖ്യകളോടും മറ്റെല്ലാ സംഖ്യകളും കൂട്ടേണ്ടി വരും. ആവർത്തനം ഒഴിവാക്കാം.
ആദ്യം 25 നോട് മറ്റ് എല്ലാ സംഖ്യകളും കൂട്ടി നോക്കാം.
25 + 16 = 41
25 + 26 = 51
25 + 15 = 40
25 + 17 = 42
ഇനി 16 നോടൊപ്പം മറ്റു സംഖ്യകൾ കൂട്ടി നോക്കാം. ഇവിടെ 16 + 25 എന്ന ക്രിയ ചെയ്യേണ്ടതില്ല. കാരണം 25 + 16 നമ്മൾ നേരത്തെ കണ്ടു പിടിച്ചതാണ്. സംഖ്യകളുടെ സ്ഥാനം മാറിയാലും ഉത്തരത്തിൽ വ്യത്യാസം വരില്ലല്ലോ.
16 + 26 = 42
16 + 15 = 31
16 + 17 = 33
26 + 15 = 41
26 + 17 = 43
15 + 17 = 32
ആവർത്തനം ഒഴിവാക്കിയപ്പോൾ 10 ക്രിയകളാണ് ചെയ്യേണ്ടി വന്നത്. ഇതിൽ ഒരേ ഉത്തരം വരുന്ന രണ്ട് ജോഡികൾ ഉണ്ട്.
25 + 16 = 41
26 + 15 = 41
25 + 17 = 42
16 + 26 = 42
സ്വന്തമായി ചോദ്യങ്ങൾ ഉണ്ടാക്കി ചുറ്റുമുള്ളവരോട് ചോദിച്ചും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും മന:ഗണിത സാധ്യതകൾ നിങ്ങൾ സ്വയം വികസിപ്പിച്ചെടുക്കണം.
Your Class Teacher