ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Class 2 Teacher's Note 14 January 2021

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
ജീവികളെക്കുറിച്ച് അറിയാം, പറയാം, എഴുതാം
നിങ്ങളുടെ കൂട്ടുകാർ കുട്ടികൾ മാത്രമാണോ? പൂച്ചക്കുട്ടിയെയും ആട്ടിൻ കുട്ടിയെയും പശുവിനേയുമൊക്കെ നിങ്ങൾക്ക് ഇഷ്ടമാണ്. ഇത്തരം ജീവികളും ഒരു തരത്തിൽ നമ്മുടെ കൂട്ടുകാരാണ്.
ടീച്ചറുടെ ഇത്തരം ഒരു കൂട്ടുകാരനെക്കുറിച്ചാണ് ആദ്യം പറഞ്ഞത്.

ആരിവൻ?
- ഒരു ചെറിയ ജീവിയാണ്
- ഉറുമ്പിനേക്കാൾ വലുതാണ്
- വാലുണ്ട്
- ധാന്യങ്ങളും പഴങ്ങളും തിന്നുന്നു
- ചാര നിറമാണ്
- മരങ്ങളിൽ ചാടിച്ചാടി നടക്കുന്നു
- 'ഛിൽ, ഛിൽ..' എന്നാണ് ശബ്ദം

എല്ലാവർക്കും ഉത്തരം കിട്ടി, അല്ലേ? ഇത് നമ്മുടെ അണ്ണാൻ ആണ്. ഒന്നാം ക്ലാസ്സിൽ അണ്ണാനേക്കുറിച്ച് ഒരു പാട്ട് പഠിച്ചത് ഓർമയുണ്ടോ?
'അണ്ണാറക്കണ്ണാ തൊണ്ണൂറു വാലാ
ചെങ്കദളിപ്പഴം തിന്നാൻ വായോ'
എന്നു തുടങ്ങുന്ന പാട്ട്.
ടീച്ചർ പാട്ടു പാടി വിളിച്ചപ്പോൾ അണ്ണാറക്കണ്ണൻ വന്നു. അവൻ്റെ കൂട്ടുകാരുടെ ചിത്രങ്ങൾ വരച്ചു കാണിക്കണമെന്നാണ് അവൻ ടീച്ചറോട് ആവശ്യപ്പെട്ടത്.

അക്ഷര ചിത്രങ്ങൾ
ടീച്ചർ എന്തൊക്കെയാണ് വരച്ചത്?
- '5' കൊണ്ട് കിളി
- '5' കൊണ്ട് തത്ത
- 'ഹ' കൊണ്ട് കോഴിയമ്മ
- 'ത' കൊണ്ട് ആനക്കുട്ടൻ
- 'ന' കൊണ്ട് ആമ
- 'ന' കൊണ്ട് എലിക്കുട്ടൻ
എല്ലാ ചിത്രങ്ങളും നിങ്ങളും വരച്ചിട്ടുണ്ടാവുമല്ലോ. കൂടുതൽ അക്ഷര ചിത്രങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ അവയും വരച്ചോളൂ.

അണ്ണാൻ അവനെ നമ്മൾക്ക് സ്വയം പരിചയപ്പെടുത്തി. ഇത് പാഠപുസ്തകത്തിലും ഉണ്ട്. അണ്ണാൻ്റ കൂട്ടുകാരെയാണ് പിന്നെ നമ്മൾ പരിചയപ്പെട്ടത്. ആദ്യം വന്നത് കോഴിയാണ്.

കോഴി പറഞ്ഞത്
ഞാൻ കോഴി. ആൺ കോഴികളെ 'പൂവൻ കോഴി' എന്നും പെൺ കോഴികളെ 'പിടക്കോഴി' എന്നും വിളിക്കുന്നു. പിടക്കോഴി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. മണ്ണിലെ പുഴുക്കളും വിത്തുകളുമൊക്കെയാണ് ഞങ്ങളുടെ ആഹാരം. പറക്കാൻ കഴിവുണ്ടെങ്കിലും അത്യാവശ്യത്തിനു മാത്രമേ ഞങ്ങൾ പറക്കാറുള്ളൂ.

പൂച്ച പറഞ്ഞത്
വീട്ടിൽ വളർത്തുന്ന ഒരു ജീവിയാണ് ഞാൻ. പേര് പൂച്ച. ഞങ്ങൾക്ക് ഒളിപ്പിച്ചു വെക്കാൻ കഴിയുന്ന കൂർത്ത നഖങ്ങളുണ്ട്.
...............
...............
തൊണ്ട വേദനയായതിനാൽ മുഴുവൻ കാര്യങ്ങളും പൂച്ചയ്ക്ക് പറയാൻ കഴിഞ്ഞില്ല. ബാക്കി കാര്യങ്ങൾ നിങ്ങൾ കൂട്ടി ചേർത്ത് എഴുതണേ.

അതുപോലെ പശു, പൂമ്പാറ്റ എന്നീ ജീവികൾ നമ്മുടെ മുന്നിൽ വന്നാൽ അവർ അവരെക്കുറിച്ച് എന്തൊക്കെയായിരിക്കും പറയുക? നിങ്ങൾ തന്നെ എഴുതി നോക്കൂ. എന്നിട്ട് ഗ്രൂപ്പിൽ അയച്ചു തരൂ.

കൂടുതൽ ജീവികളെ നമുക്ക് അടുത്ത ക്ലാസ്സിൽ പരിചയപ്പെടാം.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !