അമ്മയുടെ നാടിന്റെ പ്രത്യേകതകൾ വായിച്ചാലോ? നിങ്ങളുടെ നാടിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി ഒരു ലഘു വിവരണം തയാറാക്കൂ...
എന്റെ നാടിന്റെ പേര് മുത്താരംകുന്ന് എന്നാണ്. പേരുപോലെ തന്നെ ധാരാളം കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ നാട്. പച്ചവിരിച്ച പാടങ്ങളും അതിനിടയിലൂടെ മന്ദം മന്ദം ഒഴുകുന്ന കുഞ്ഞി തോടുകളും എന്റെ നാട്ടിലുണ്ട്. പാടത്തിന്റെ അരികിലെ പറമ്പിൽ വരിവരിയായി നിൽക്കുന്ന തെങ്ങുകളുടെ കാഴ്ച ഒന്ന് വേറെ തന്നെയാണ്. പാടത്തിന്റെ നടുവിൽ കൂടി കടന്നുവരുന്ന റോഡ് പറമ്പിൽ എത്തുമ്പോൾ അതിനിരുവശവും വാകകളും മാവും മറ്റു വൃക്ഷങ്ങളും തണലേകി നിൽക്കുന്നു. അമ്പലമുറ്റത്ത് പഴക്കമേറിയ ഒരു ആൽമരവും അതിന് തൊട്ടടുത്തയായി ഒരു പഴയ കൂത്തമ്പലവുമുണ്ട്. ഞാൻ അച്ഛന്റെ കൂടെ അവിടെപ്പോയി അവധിദിനങ്ങളിൽ ഇരിക്കാറുണ്ട്. എന്റെ ഗ്രാമം എനിക്ക് ഏറെ ഇഷ്ടമാണ്.