പശ്ചിമഘട്ടം

Mash
0
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ട മലനിരകളെ പറ്റി വിവിധ ക്ലാസുകളിൽ പഠിക്കാൻ ഉണ്ടല്ലോ ഇതാ കുറച്ചു വിവരങ്ങൾ
കേരളത്തിലെ കിഴക്കേ അറ്റത്ത് കാസർഗോഡ് മുതൽ പാറശ്ശാല വരെ നീളുന്ന ഒരു ഉഗ്രൻ കോട്ട ഉണ്ട്. പ്രകൃതി കെട്ടിയ കോട്ട. അതെ നമ്മുടെ സഹ്യപർവ്വതം തന്നെ. അറബിക്കടലിൽ നിന്നുയരുന്ന മഴ മേഘങ്ങളെ തടഞ്ഞുനിർത്തി നമുക്ക് ധാരാളം മഴ നൽകുന്നതും ഈ മലനിരകളാണ്.
യഥാർത്ഥത്തിൽ സഹ്യപർവ്വതം എന്നത് അങ്ങ് വടക്ക് ഗുജറാത്ത് മുതൽ ഇന്ത്യയുടെ തെക്കേ അറ്റം വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ കേരളത്തിവെറെ അതിരിൽ വരുന്ന ഭാഗത്തിന്റെ പേരാണ്. പശ്ചിമഘട്ടത്തിന്റെ വടക്കൻ പ്രദേശങ്ങളാണ് സഹ്യാദ്രി എന്നറിയപ്പെടുന്നത്.
ഏകദേശം അഞ്ച് മുതൽ ഏഴ് കോടി വരെ വർഷം മുമ്പായിരുന്നു ഈ മലനിരകൾ രൂപപ്പെട്ടത് എന്ന് കരുതപ്പെടുന്നു. പഴക്കത്തിൽ മാത്രമല്ല ജൈവ സമ്പത്തിനെ കാര്യത്തിലും പശ്ചിമഘട്ട മലനിരകൾ ഏറെ മുന്നിലാണ്. ഹിമാലയത്തെക്കാളും പഴക്കംചെന്നതായതുകൊണ്ടു തന്നെയാവും ഇത്രയേറെ വൈചിത്ര്യം നിറഞ്ഞതും വിപുലമായ ജൈവസമ്പത്ത് ഇവിടെ ഉണ്ടായത്. 
പശ്ചിമഘട്ടത്തിന്റെ ആകെ നീളം ഏകദേശം 1600 കിലോമീറ്ററാണ്. ശരാശരി ഉയരമാകട്ടെ 1200 മീറ്ററും. ഇപ്പോഴിതാ ഈ അദ്ഭുതമലനിരകൾ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്നു .

പൈതൃകപ്പട്ടികയിലെ പശ്ചിമഘട്ടം
ഐക്യരാഷ്ട്രസഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് യുനെസ്കോ (UNESCO) .ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന എന്നാണ് മുഴുവൻ പേര്.ലോക സാംസ്കാരിക ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള സ്മാരകങ്ങളെയും പ്രകൃതി പരമായി പ്രത്യേകതയുള്ള പ്രദേശങ്ങളെയും ലോകത്തിന്റെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതിനായി 1972 മുതൽ ഈ സംഘടന മുൻകൈയെടുക്കുന്നു.
ലോക പൈതൃകപ്പട്ടികയിൽ ഇടം നേടാൻ മാത്രം എന്തൊക്കെ പ്രത്യേകതകളാണ് പശ്ചിമഘട്ടത്തിന് ഉള്ളതെന്ന് നോക്കാം.
ഹിമാലയ പർവ്വതനിരകളേക്കാൾ പഴക്കം ചെന്ന പശ്ചിമഘട്ടം ഇന്ത്യൻ മൺസൂണിന്റെ മുഖ്യ സൂത്രധാരനാണ്. ഭൂമിയിലെ തന്നെ ഏറ്റവും മികച്ച മൺസൂൺഘടനയാണ് ഇന്ത്യയിലേത്. ഇത്രയധികം മഴ നമുക്ക് തരുന്നത് പശ്ചിമഘട്ടമാണ്.
ലോകത്ത് മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത ജൈവവൈവിധ്യമാണ് മറ്റൊന്ന്. ജൈവവൈവിധ്യ മേഖലകളിൽ ഹോട്ടസ്റ്റ് സ്പോട്ടായി പരിഗണിച്ചിട്ടുള്ളവയിൽ എട്ടാമതാണ് പശ്ചിമഘട്ടത്തിന്റെ സ്ഥാനം.
പശ്ചിമഘട്ടത്തിലെ സസ്യങ്ങളെ ശാസ്ത്രജ്ഞർ മുപ്പതോളം വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആയിരത്തിലധികം അപൂർവയിനം കുമിളുകൾ ഇരുനൂറിലേറെ വ്യത്യസ്ത പന്നലുകൾ.ഓർക്കിഡുകൾ. പതിനായിരത്തിലധികം ഷഡ്പദങ്ങൾ, മുന്നൂറിലേറെ ശലഭങ്ങൾ, ചിലന്തികൾ, തവളകൾ, സസ്തനികൾ, പാമ്പുകൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നായി 325 ഓളം ജീവജാലങ്ങൾ വംശനാശ ഭീഷണി നേരിടുന്നുമുണ്ട്. 

കിഴക്കുള്ള പടിഞ്ഞാറൻ മല 
പശ്ചിമഘട്ട മലനിരകൾ കേരളത്തിന്റെ കിഴക്കുഭാഗത്താണല്ലോ. പശ്ചിമം എന്നാൽ പടിഞ്ഞാറെന്നാണ് അർത്ഥം. പിന്നെന്തിനാണ് നമ്മൾ കിഴക്കുള്ള ഈ മലനിരയെ പശ്ചിമഘട്ടം എന്ന് വിളിക്കുന്നത്?
ഇന്ത്യയുടെ ഒരു ഭൂപടം എടുത്ത് നിരീക്ഷിച്ചാൽ ഇതിന് ഉത്തരം കിട്ടും.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ രാജ്യത്തിന്റെ പശ്ചിമ കടലോരത്തിന് ഏതാണ്ട് സമാന്തരമായ ഇതിന്റെ കിടപ്പാണ് ഈ പേരിന് കാരണം

പശ്ചിമഘട്ടത്തിന്റെ ദാനം
ജനിതക വൈവിധ്യം കൊണ്ടും പരിസ്ഥിതി സന്തുലനാവസ്ഥ കൊണ്ടും ലോക ശ്രദ്ധ നേടിയ സൈലന്റ് വാലി എന്ന മഴക്കാടുകളെ പശ്ചിമഘട്ടത്തിന്റെ ദാനം എന്ന് വിശേഷിപ്പിക്കാം. പശ്ചിമഘട്ടത്തോടൊപ്പം സൈലന്റ് വാലിയും ലോക പൈതൃക പദവി പ്രകാരം ഇനി സംരക്ഷിക്കപ്പെടും.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ ചെരുവിലായാണ് സൈലന്റ് വാലി.

ഹോട്ട് സ്പോട്ട്
നാശോന്മുഖത ഏറിയ അതിലോലമായ പരിസ്ഥിതി പ്രദേശമാണ് ഹോട്ട് സ്പോട്ടുകൾ. തദ്ദേശീയ സവിശേഷതകളുള്ളതും അവിടങ്ങളിൽ മാത്രം കാണപ്പെടുന്നതുമായ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ ആപത്കരമാം വിധം ശോഷിച്ചുകൊണ്ടിരിക്കുന്ന മേഖലകളാണിവ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !