അനഘ കണ്ണുകള്‍ ഇറുക്കെ ചിമ്മി.നാണുമാഷ് ഗോപുവിനെ ഇപ്പോള്‍ അടിക്കും.അയ്യോ കാണാന്‍ വയ്യ.ചെത്തിമിനുക്കിയ ആ പുളിവടി കൊണ്ടുവന്നത് ഗോപു തന്നെയാണ്.അവന്‍ ഇന്ന് കണക്കിന്റെ ഹോംവര്‍ക്ക് ചെയ്തിട്ടില്ല.
നിന്നെക്കൊണ്ട് ഞാന്‍ ചെയ്യിപ്പിക്കുമെടാ
മാഷ് ടെ കണ്ണില്‍ തീ പാറുന്നുണ്ട്.
എന്റെ മുത്തപ്പാ,ആദ്യത്തെ അടിയില്‍ തന്നെ ആ വടി ഒടിഞ്ഞുപോകട്ടെ.
അനഘ മനസ്സില്‍ പറഞ്ഞു.
ക്ലാസില്‍ നിശ്ശബ്ദത.
പെട്ടെന്ന് അടിക്കാനോങ്ങിയ മാഷുടെ കയ്യില്‍ നിന്ന് വടി
ശ്ശും...
വാതിലിനടുത്ത് ഇരിക്കുന്ന ഫാത്തിമയുടെ മുന്നിലാണ് വടി ചെന്നുവീണത്.
വടിയെടുക്കാന്‍ മാഷ് വാതിലിനടുത്തേക്ക് കുതിച്ചു.
ഉമ്മോ..ദാ വടി പറക്കുന്നേ...
ഫാത്തിമ ഉറക്കെ വിളിച്ചു പറഞ്ഞു.
എല്ലാവരും വാതിലിനടുത്തേക്ക് ഓടി.
മാഷ് വരാന്തയില്‍ എത്തിക്കഴിഞ്ഞു.
അനഘ കണ്ണു തിരുമ്മി മിഴിച്ചു നോക്കി.ഇതെന്തു കഥ?
വടി,വരാന്തയില്‍ ഓഫീസിനു മുന്നിലായി കുത്തനെ നില്‍ക്കുകയാണ്.വടിയുടെ പിറകെ മാഷ്.മാഷ് മാരും ടീച്ചര്‍മാരും ഓടി വന്നു.പിന്നാലെ കുട്ടികളും.
വടിയിപ്പോള്‍ കൊടിമരത്തിനടുത്താണ്.
വലിയ കൊടിമരത്തിനടുത്ത് ഒരു ചെറിയ കൊടിമരം പോലെ.
മാഷ് മാരും കുട്ടികളും എല്ലാം ഇപ്പോള്‍ ഗ്രൗണ്ടിലാണ്.
ഹെഡ്മാഷുമുണ്ട്.
കാലു തളര്‍ന്ന് നടക്കാന്‍ വയ്യാത്ത ഗീതമാത്രം ഇല്ല.
അവള്‍ വാതില്‍ക്കല്‍ നിന്ന് ഏന്തിവലിഞ്ഞ് നോക്കുകയാണ്.
ഗ്രൊണ്ടിന്റെ അറ്റവും കടന്ന് വടി കണാരേട്ടന്റെ വയലിലെത്തി.കള പറിച്ചു കൊണ്ടു നിന്ന അമ്മൂമ്മമാര്‍ പറക്കുന്ന വടിയും ആള്‍ക്കൂട്ടവും കണ്ട് അന്തം വിട്ടു.അടുത്ത നിമിഷം അവരും പിറകെ പാഞ്ഞു.തോട്ടിന്റെ കരയില്‍ അതാ കുത്തനെ നില്‍ക്കുന്നു വടി.നാണുമാഷ് തോട്ടിലേക്ക് ഒറ്റച്ചാട്ടം
ഒന്ന് ചാടിയാലെന്താ എന്ന് അനഘക്കും തോന്നി.
മുങ്ങിയും പൊങ്ങിയും മാഷ് വെള്ളത്തില്‍ പരതുകയാണ്.കുരുത്തംകെട്ട ആ വടിയെവിടെ?
തോട്ടിന്‍കരയില്‍ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു നിന്നു.
മാഷക്ക് വടി കിട്ടുമോ?
അനഘയുടെ ചങ്കിടിപ്പിന് വേഗം കൂടി.
നിമിഷങ്ങള്‍ കടന്നു പോയി.മാഷ് കരയ്ക്ക് കയറി.
മുഖത്ത് നിരാശ.പെട്ടെന്ന് .ബ്ലോം...
എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് ഗോപു വെള്ളത്തിലേക്ക് എടുത്തുചാടി,ഒറ്റ മുങ്ങല്‍.
ഗോപു വടിയുമായി കരയ്ക്ക് കയറി.
ദാ മാഷേ വടി...
അടി വാങ്ങാനായി കൈ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു.
നാണുമാഷ് വടി വാങ്ങി.ഗോപുവിന്റെ കണ്ണുകളിലേക്കും വടിയിലേക്കും മാറിമാറി നോക്കി.പിന്നെ വടി കഷണങ്ങളാക്കി പൊട്ടിച്ച് തൊട്ടിലേക്കെറിഞ്ഞു.എന്നിട്ട് ഗോപുവിനെ നോക്കി പുഞ്ചിരിച്ചു.
ഈ കഥ രചിച്ചത് :- ഉണ്ണിക്കൃഷ്ണന്‍ പയ്യാവൂര്‍
കൂട്ടുകാര്‍ കഥ വായിച്ചല്ലോ
താഴെ നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതാമോ?
1)കഥയില്‍ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായത് ആരെയാണ്? എന്തുകൊണ്ട്?
2)വടി കിട്ടിയിട്ടും ഗോപുവിനെ നാണുമാഷ് അടിച്ചില്ല.എന്തുകൊണ്ട്?
3) കഥയിലെ ഇഷ്ടപ്പെട്ട ഒരു സന്ദര്‍ഭം എഴുതാമോ?
കഥക്ക് പേരുണ്ട്.എന്നാലും നിങ്ങള്‍ക്ക് മറ്റൊരു പേര് നിര്‍ദേശിക്കാമോ?
4 ) ദാ മാഷേ വടി...അടി വാങ്ങാനായി കൈ നീട്ടിക്കൊണ്ട് ഗോപു പറഞ്ഞു.
നിങ്ങളാണ് ഗോപുവിന്റെ സ്ഥാനത്ത് എന്ന് സങ്കല്‍പ്പിക്കൂ.നിങ്ങളും നാണുമാഷും എന്താണ് സംസാരിക്കുക.സംഭാഷണം എഴുതൂ.