കണ്ണന്റെ അമ്മ എന്ന പാഠഭാഗത്തെ കവിതയുടെ ആശയം
വികൃത്തിത്തരങ്ങൾ കാണിച്ചശേഷം അമ്മയെ പറ്റിച്ചു സ്ഥിരമായി പോകാറുള്ള സ്‌ഥലത്തേയ്‌ക്ക് കണ്ണൻ പോയി. കണ്ണനെ പലയിടങ്ങളിലും തേടിയലഞ്ഞ ശേഷം അമ്മ കാട്ടിലുമെത്തി. വിഷമിച്ചുകരഞ്ഞ് ചുവന്നകണ്ണുകളോടെ അവിടുത്തെ ഓരോ ജീവികളോടും 'നിങ്ങൾ എന്റെ കണ്ണനെ കണ്ടോ?' എന്ന് 'അമ്മ യശോദ ചോദിച്ചുകൊണ്ട് നടക്കുകയാണ്. 'ഞങ്ങൾ കണ്ണനെ കണ്ടില്ലെന്ന്' മൂളിക്കൊണ്ട് കരിവണ്ടും തുമ്പിയും യശോദയോട് പറഞ്ഞു. ഞങ്ങളും കണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് മലർച്ചെണ്ടുകളും മിണ്ടാതെ നിന്നു. 'ഞാൻ ഇന്നിതുവരെ' കണ്ണനെ കണ്ടിട്ടേയില്ലെന്നു പറഞ്ഞ് പേടമാൻ കണ്ണും നീട്ടി വനത്തിൽ കണ്ണനെ തിരയുന്നു. കണ്ണൻ ഈ കാട്ടിൽ വന്നിട്ടേയില്ലെന്നു പറഞ്ഞ് കാളിന്ദിയോളങ്ങൾ തുള്ളുകയാണ്. യശോദയ്ക്ക് കണ്ണനെ അന്വേഷിച്ചു നടന്നു നടന്ന് കാലുകൾ കഴച്ചതുകൊണ്ട് തിരിച്ചുപോകാൻ തുടങ്ങി. അപ്പോൾ കാടിന്റെ നീല ഹൃദയത്തിൽ നിന്ന് ഒരു ഓടക്കുഴൽ നാദം ഉയരുന്നതുകേട്ടു. അത് കേട്ടപ്പോൾ അമ്മയ്ക്കുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. കണ്ണനെ അടിയ്‌ക്കാൻ വേണ്ടി കൈയിൽ കൊണ്ടുവന്ന വടി കൈയിൽ നിന്ന് വീണുപോകുന്നു.അമ്മയുടെ മുഖം പുഞ്ചിരികൊണ്ട് തിളങ്ങി. കണ്ണന്റെ ഓടക്കുഴൽനാദം കണ്ണുംപൂട്ടി നിന്ന് അമ്മ കേൾക്കുന്നു.
Post A Comment:
0 comments: