LSS - USS പരീക്ഷകൾ മുൾക്കിരീടമാകുമ്പോൾ

Mashhari
0
മാസങ്ങളോളം നീണ്ടു നിന്ന അതി തീവ്രപരിശീലനം കഴിഞ്ഞ പട്ടാളക്കാരെ പോലെ നമ്മുടെ കുട്ടികളെ വലിയൊരു പോർക്കളത്തിലേക്ക് ഓരോ പരിശീലന കേന്ദ്രവും തള്ളിവിട്ടു കഴിഞ്ഞു.  കഠിന പരിശ്രമം അവസാനിച്ചിട്ടും അവരുടെ മേലുള്ള നീരാളിപ്പിടുത്തത്തിന് പരിസമാപ്തി ആയില്ല.
വലിയൊരു യുദ്ധം കഴിഞ്ഞ് ജയതോൽവികളറിയാതെ സ്വന്തം കൂരയിലേക്ക് ദീർഘനിശ്വാസമിട്ട് തളർച്ചയോടെ മടങ്ങിയിട്ടും കുരുന്നുകൾക്ക് രക്ഷയില്ല. മാനസിക പിരിമുറക്കത്തിന്റെ ഉച്ചകോടിയിൽ നിന്ന് കുതറി മാറും മുമ്പേ വീണ്ടും പിടി വീണു കഴിഞ്ഞു. പരീക്ഷയെഴുതിയ ചോദ്യക്കടലാസുകളും, ഉത്തര സൂചികയും ഒത്തു നോക്കി തന്നാലാവും വിധം അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ മാനസികനിലയെ പാടേ കാറ്റിൽ പറത്തി വിശകലനത്തിന്റെയും, താരതമ്യത്തിന്റെയും, കുറ്റപ്പെടുത്തലിന്റെയും ഭീകര താണ്ഡവം നടത്തും.

അഹോരാത്ര പ്രകടനം നടത്തി, മരണക്കിണറിലെ അഭ്യാസം കഴിഞ്ഞ് തളർന്നിരിക്കുന്ന അധ്യാപകർക്കും രക്ഷയില്ല. അവർക്ക് സ്വസ്ഥതയും, ആത്മവീര്യവും എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.....  ഉത്ക്ണoയുടെ പീക്കിലുള്ള രക്ഷിതാക്കൾ ഫോൺ വിളിച്ച് മാർക്ക് അധികമാണോ, കുറവാണോ, സ്കോളർഷിപ്പ് കിട്ടുമോ എന്നൊക്കെ അര മണിക്കൂറോളം നീണ്ടു നിൽക്കുന്ന സംഭാഷണങ്ങളിൽ മുഴുകി ഇത്തരം ചോദ്യശരങ്ങൾ എയ്തു വിടും.

ഏറ്റവും ഖേദകരം കുരുന്നുകളുടെ മനോനില തന്നെയാണ്. നിന്റെ ഏക അവസരമാണിത്. ജീവിതത്തിൽ ഇനി നിനക്ക് ഒരിക്കലും കിട്ടില്ല. മറ്റുള്ളവരുടെ പേരുകൾ പത്രങ്ങളിലും, ബാനറുകളിലും നിറഞ്ഞാടും എന്നൊക്കെ പ്രോത്സാഹനം എന്ന മട്ടിലുള്ള മേമ്പൊടി വിതറി മനോഹരമായി ഭീക്ഷണിപ്പെടുത്തും. ഉരുകി തീരുന്ന മെഴുകുതിരികളുടെ വിലാപങ്ങൾ നമ്മൾ കാതുകൾ കൊട്ടിയടച്ച് കാറ്റിൽ പറത്തും.

LSS, USS പരീക്ഷകൾ കുട്ടികളുടെ ശേഷി നിലവാരത്തിന്റെ ഉയർന്ന തലം പരിശോധിക്കുന്ന പരീക്ഷകൾ ആയതു കൊണ്ടു തന്നെ അവയെ സ്വാഗതം ചെയ്യേണ്ടതാണ്.എന്നാൽ അവ മത്സരാധിഷ്ഠിതത്തിന്റെ പാരമ്യത്തിൽ ഗൗനിക്കുമ്പോഴാണ് രക്ഷിതാക്കൾക്കും, കുട്ടികൾക്കും, അധ്യാപകർക്കും ഇതൊരു കീറാമുട്ടിയായി തോന്നുന്നത്. കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും തുറന്ന് പറയുന്നില്ല എന്നത് പരമാർത്ഥം. രാജാവ് നഗ്നനാണ് എന്ന് എത്ര പേർ പറയും.?

സമീപകാലത്താണ് ഈ സ്കോളർഷിപ്പ് പരീക്ഷകൾ മത്സരബുദ്ധിയോടെയും, നിലനിൽപ്പിന്റെയും പ്രശ്നമായി ഏറ്റെടുക്കാൻ തുടങ്ങിയത്. എത്ര സ്കോളർഷിപ്പുകൾ കിട്ടുന്നുവോ അത്രയും കുട്ടികൾ പുതിയ പ്രവേശനത്തിൽ സ്വാധീനം ചെലുത്തും എന്ന കണക്കുകൂട്ടലിൽ വരെ എത്തി കാര്യങ്ങൾ.ചില സ്കൂളുകൾ USS, LSS പ്രൊഡക്റ്റുകളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി വർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തരം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ചില ജില്ലകളിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ വരെ മുളച്ച് പൊന്തിയിട്ടുണ്ട് എന്നത് മത്സരബുദ്ധി എന്നതിന് മകുടോദാഹരണമായി ചൂണ്ടിക്കാട്ടാം.

സ്കോളർഷിപ്പ് കിട്ടാത്ത വിദ്യാലയങ്ങളിലെ മേലധികാരികൾ ആത്മ ഭയത്തോടെയായിരിക്കും പല ചർച്ചകളിലും സന്നിഹിതരാവുക. കിട്ടാത്ത വിദ്യാലയങ്ങളെ എടുത്ത് പൊക്കി മറ്റുള്ളവർ "ടപ്പേ" എന്ന് താഴത്തിടുമ്പോൾ അതുവരെ ആ സ്കൂൾ ചെയ്ത എല്ലാ പ്രവർത്തനങ്ങളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പ്രതീക്ഷകൾ പോലെ ഒറ്റയടിക്ക് നിരുപാധികം മണ്ണിലമരും. മേലധികാരികളുടെ ആത്മനൊമ്പരങ്ങൾക്കു മീതെ പരിഹാസചിരികളുടെ ആലിപ്പഴങ്ങൾ പൊഴിയും. തല കുനിഞ്ഞ് സ്കൂളിലെത്തി അവർ അടുത്ത ബാച്ചിന്റെ കഠിന പരിശീലനത്തിന് നൂതന യുദ്ധതന്ത്രങ്ങളുമായി മുന്നിട്ടിറങ്ങും.

പരിശീലനത്തിന്റെ നാളുകളിൽ കുട്ടികളും അധ്യാപകരും പിരിമുറക്കത്തിന്റെ ജമണ്ടൻ കയ്പുനീർ വേണ്ടുവോളം നുണയുന്നുണ്ട്. രാവിലെയും, വൈകുന്നേരവും മാസങ്ങളോളം ക്ലാസുകൾ, പരീക്ഷയടുത്താൽ മുഴുനീളെ ക്ലാസുകൾ പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും കുത്തി നിറച്ച് കൊടുക്കുന്ന ആശയങ്ങൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് തടസമുണ്ടാക്കും എന്നതിൽ സംശയമില്ല. സൈദ്ധാന്തികപരമായി പഠനത്തിന് നിജപ്പെടുത്തിയ  മണിക്കൂറിലും ഇരട്ടിയായാണ് പലയിടങ്ങളിലും ക്ലാസ്.  മാത്രവുമല്ല പ്രവർത്തനാധിഷ്ഠിത ക്ലാസ്സുകളെ പിൻതുടരാതെ ഗൈഡുകളും, പഴയ കീറാമുട്ടി ചോദ്യപേപ്പറുകളേയും അവലംബിച്ചു തന്നെയാണ് ക്ലാസുകൾ നീങ്ങുന്നതും. പാകമാകാത്ത മാങ്ങകളെ കാർബൈഡ് ഇട്ട് പഴുപ്പിച്ചെടുക്കുന്ന സൈക്കോളജിക്കൽ സർജറി.പരീക്ഷാ ഭയം മാറ്റാൻ കൂൾ ഓഫ് ടൈമും ,അതിനപ്പുറത്തെ അഭ്യാസങ്ങളും കാഴ്ചവെക്കുന്ന മറ്റ് പരീക്ഷകൾ കുട്ടികൾ കൂളായി എഴുതുമ്പോൾ ഇത്തരം പരീക്ഷകൾ ഉത്കണ്ഠയുടെ ഉച്ചകോടിയിലിരുന്ന് കുട്ടികളെ ചക്ര ശാസം വലിപ്പിക്കുന്നു.

അദ്ധ്യാപകർക്കും ജോലി ഭാരം ഏറെയാണ്. സ്കോളർഷിപ്പ് പരിശീലനം ഒരു വശത്ത്, പാഠഭാഗങ്ങൾ, "ശ്രദ്ധ" യുമായുള്ള മുന്നേറ്റം എന്നിവ വേറൊരു വശത്ത്. ഇതിനു പുറമേ വാർഷികം, പഠനോത്സവം, ഗണിത വിജയം, തുടങ്ങിയ അജണ്ടകൾ നിരനിരയായി വച്ചിട്ടുമുണ്ട്. നടു നിവർന്ന് ശ്വാസം വിടുമ്പോഴേക്കും പാവം ആധിപിടിച്ച് നട്ടം തിരിയുന്ന രക്ഷിതാക്കളുടെ പരാതികൾക്കു മീതെ ന്യായാധിപനെ പോലെ വിധി പ്രസ്താവന നടത്തി അധ്യാപകർ തളർന്നുറങ്ങും.

പരീക്ഷകളും, ടാലന്റ് നിർണയിക്കലും വളരെ നല്ലതിനു തന്നെ. അവയെ നാമെല്ലാവരും സ്വാഗതം ചെയ്യുക തന്നെ വേണം. പക്ഷേ അമിതമായ മത്സരത്തിൽ മുങ്ങിപ്പോയി സ്കോളർഷിപ്പ് പരീക്ഷയുടെ ഉദ്യേശ്യ ശുദ്ധിക്ക് മങ്ങലേൽക്കാതെ നോക്കാൻ വളരെയധികം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ വിദ്യ അർത്ഥിക്കുന്നവരാണ്. അവരെ അടിച്ചേൽപ്പിക്കുന്ന രീതിയിലായിരിക്കരുത് പഠനവും പഠനരീതികളും. കുട്ടികൾ നാളെയുടെ കത്തിജ്വലിക്കേണ്ട വാഗ്ദാനങ്ങളാണ്. അവരെ ഇന്നിന്റെ ഉത്കണ്ഠയുടെ താഴുകൊണ്ട് പൂട്ടിയിടാതിരിക്കണം നാമോരോരുത്തരും.

കടപ്പാട് -  ജീജേഷ്.കൊറ്റാളി
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !