സൂര്യനിൽനിന്ന് ജന്തുക്കളിലേക്കുള്ള ഊർജ്ജത്തിന്റെ പ്രവാഹമാണ് പ്രകൃതിയിലെ ആഹാരബന്ധങ്ങൾ. ഇത്തരത്തിലുള്ള ആഹാരബന്ധങ്ങളെ ഭക്ഷ്യശൃംഖല എന്നു പറയുന്നു. ഭക്ഷ്യശൃംഖലകളിലെ ആദ്യ കണ്ണി എപ്പോഴും ഹരിതസസ്യങ്ങൾ ആയിരിക്കും. മാംസഭോജികൾ ആയിരിക്കും അവസാന കണ്ണികളായി വരുന്നത്. സസ്യങ്ങളും ജന്തുക്കളും മനുഷ്യരും എല്ലാം ആഹാര ശൃംഖലയിലെ കണ്ണികളാണ്.
ആഹാര ശൃംഖലയുടെ തുടക്കം ഹരിതസസ്യങ്ങളിൽ നിന്നായിരിക്കും. എന്താണ് ഇതിനു കാരണം? ഹരിതസസ്യങ്ങൾക്ക് മാത്രമേ സൂര്യനിൽ നിന്നുള്ള ഊർജ്ജം നേരിട്ട് സ്വീകരിക്കാൻ കഴിയൂ. അതുകൊണ്ടാണ് ഹരിതസസ്യങ്ങൾ പ്രകൃതിയിലെ ഉത്പാദകർ എന്ന് വിശേഷിപ്പിക്കുന്നത്. അവ സ്വയം ആഹാരം നിർമ്മിക്കുന്നു. ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികളെ ഉപഭോക്താക്കൾ എന്നു വിളിക്കുന്നു. ആവാസവ്യവസ്ഥയിലെ മൃതശരീരങ്ങളെയും മറ്റ് അവശിഷ്ടങ്ങളും വിഘടിപ്പിച്ച് പ്രകൃതിയിലേക്ക് തന്നെ മടക്കുന്ന ജീവികളാണ് വിഘാടകർ. ബാക്ടീരിയ, പൂപ്പലുകൾ എന്നിവയാണ് പ്രധാന വിഘാടകർ. സസ്യങ്ങളുടെയും ജന്തുക്കളുടെയും മൃതശരീരങ്ങളെ ഇവ വിഘടിപ്പിക്കുന്നു.
പ്രകൃതിയിലെ ചില ആഹാര ബന്ധങ്ങൾ
പുല്ല് > പുൽച്ചാടി > തവള > പാമ്പ് > പരുന്ത്
പുല്ല് > പുഴു > കോഴി > കുറുക്കൻ
പുല്ല് > മുയൽ > കടുവ
പുല്ല് > പുൽച്ചാടി > തവള > പാമ്പ് > മയിൽ