ഓസോൺ ദിനം (World Ozone Day)

Mashhari
0
സപ്തംബർ 16 ഓസോൺ ദിനം. മാരകമായ പല വിപത്തുകളിൽ നിന്നും ഒരു കുട പോലെ ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ കവചത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകാൻ ഒരു ദിനം.

വെയിലും മഴയും ഏൽക്കാതെ കുട നമ്മെ സംരക്ഷിക്കുന്നതു പോലെ അപകടകരമായ അൾട്രാവയലറ്റ് രശ്മിയിൽ നിന്നും ഓസോൺ ഭൂമിയെ സംരക്ഷിക്കുന്നതു കൊണ്ടാണ് അതേപ്പറ്റി പറയുമ്പോഴെല്ലാം നാം 'കുട ' എന്ന് വിശേഷിപ്പിക്കുന്നത്.

മൂന്ന് ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന ഓക്സിജന്റെ മറ്റൊരു രൂപമാണ് ഓസോൺ. ഇളം നീല നിറമാണിതിന്. അന്തരീക്ഷത്തിന്റെ താഴെത്തട്ടിലും മുകളിലുള്ള സ്ട്രാറ്റോസ്ഫിയറിലും ഓസോണുണ്ട്. സ്ട്രാറ്റോസ്ഫിയറിൽ പത്തു മുതൽ നാൽപ്പത് കിലോമീറ്റർ ഉയരത്തിലാണ് ഓസോൺ കുടുതലായുള്ളത്. അപകടകാരികളായ അൾട്രാവയലറ്റ് തരംഗങ്ങളെ ആഗിരണം ചെയ്യാൻ ഇവയ്ക്ക് കഴിവുണ്ട്. ഭൂമിയെ ചുറ്റിയുള്ള ഓസോണിന്റെ ഈ കവചം അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്താതാണ് അവ ഭൂമിയിൽ പതിക്കുന്നത് തടയുന്നത്.

ജീവികളിൽ ത്വക്കിലെ ക്യാൻസർ, പ്രതിരോധശേഷിക്കുറവ്, കാഴ്ചത്തകരാറ് എന്നിവയാണ് അൾട്രാവയലറ്റ് കിരണങ്ങൾ പതിക്കുന്നതു കൊണ്ടുണ്ടാവുന്ന ദോഷങ്ങൾ.

കുടകീറിയതിന് പിന്നിൽ
വ്യവസായിക ഉത്പന്നങ്ങളിൽ നിന്ന് പുറത്തു വരുന്ന ക്ലോറോ ഫ്ലൂറോ കാർബണുകളാണ്‌ ഓസോൺ കുടയ്ക്ക് ഏറ്റവും ഭീഷണിയുയർത്തുന്നത്. CFC എന്ന ഈ വാതകത്തിനു പകരം പുതിയ വാതകങ്ങൾ ഇപ്പോൾ കണ്ടെത്തിയീട്ടുണ്ട്. എന്നാൽ ഒരിക്കൽ അന്തരീക്ഷത്തിലെത്തിയ CFC ദീർഘകാലം നിലനിൽക്കും എന്നുള്ളതു കൊണ്ട് ഇത്ര കാലം നാം പുറത്തുവിട്ട വാതകങ്ങളുടെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്.
ഓസോണിന് ഭീഷണിയാകുന്ന പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവയിൽ എയർ കണ്ടീഷണറും റഫ്രിജറേറ്ററുകളും പെർഫ്യൂമുകളും ഷേവിങ് ക്രീമുകളും എല്ലാം ഉൾപ്പെടും

ഓസോൺ ശോഷണം കൂടിയാൽ
ഓസോൺ ശോഷണത്തിന്റെ ഫലമായി കടലിലെ സസ്യപ്ലവഗങ്ങളുടെ അളവിൽ കാര്യമായ കുറവ് ഉണ്ടാകുന്നു.ഇത് അത്തരം പ്ലവഗങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ജീവികളുടെ നിലനിൽപ്പിന് ഭീഷണിയാവുന്നു. കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്ത് കാർബൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സസ്യപ്ലവഗങ്ങളുടെ പങ്ക് വളരെ വലുതാണ്.
അൾട്രാവയലറ്റ് കിരണങ്ങൾ കൂടുതലായി ഭൂമിയിലെത്തിയാൽ സ്വാഭാവികമായും അന്തരീക്ഷ താപനിലയിൽ കാര്യമായ വർധനവുണ്ടാകും.

ഓസോൺ ചക്രം
തരംഗദൈർഘ്യം കുറഞ്ഞ അൾട്രാ വയലറ്റ് രശ്മികൾ ഓക്സിജൻ തന്മാത്രയിൽ പതിക്കുമ്പോൾ അത് വിഘടിച്ച് ഓക്സിജൻ ആറ്റങ്ങൾ ഉണ്ടാകും. ഈ വിഘടനം നടക്കുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ താപ വികിരണങ്ങൾ ആയി മാറും. ഇങ്ങനെ സ്വതന്ത്രമാകുന്ന ഓക്സിജൻ ആറ്റങ്ങൾ ഓക്സിജൻ തന്മാത്രയും ആയി ചേർന്ന് ഓസോൺ ഉണ്ടാകും.
തരംഗദൈർഘ്യം കൂടിയ അൾട്രാവയലറ്റ് രശ്മികൾ ഓസോണിൽ പതിക്കുമ്പോൾ ഓസോൺ വിഘടിക്കുകയും വീണ്ടും ഓക്സിജൻ സ്വതന്ത്രമാവുകയും ചെയ്യും.
ഈ പ്രവർത്തനങ്ങൾ ഒരു ചക്രം പോലെ തുടർന്നുകൊണ്ടേയിരിക്കും. ഇതിനാണ് ഓസോൺ ചക്രം എന്ന് പറയുന്നത്.

താഴത്തെ ഓസോൺ
അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ ഉള്ള ഓസോൺപാളി  സംരക്ഷണകവചമാണെങ്കിൽ താഴെതട്ടിലുള്ള ഓസോൺ അപകടകാരിയാണ്. രോഗപ്രതിരോധ ശക്തിയെ താറുമാറാക്കുക, ശ്വാസകോശം, കണ്ണുകൾ എന്നിവയ്ക്ക് തകരാറുകൾ ഉണ്ടാക്കുക എന്നിവയെല്ലാം ഓസോണിന്റെ ആധിക്യം മൂലം ഉണ്ടാകുന്ന ദോഷങ്ങളാണ്. പഴയ ടയറുകൾ വെടിച്ചു കിറുന്നതിൽ അന്തരീക്ഷത്തിലുള്ള ഓസോണിന് പങ്കുണ്ട്.
താഴെത്തട്ടിലുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് കാര്യമായി വർദ്ധിച്ചത് വ്യവസായിക വിപ്ലവത്തോടെ ആണ്. വാഹനങ്ങളിൽ നിന്നും നിന്നും വ്യവസായശാലകളിൽ നിന്നും മറ്റും പുറംതള്ളുന്ന നൈട്രജൻ ഓക്സൈഡും കാർബൺ മോണോക്സൈഡും ഹൈഡ്രോകാർബണുമൊക്കെ ഓസോൺ നിർമ്മാണത്തിന് കാരണക്കാരാണ്. ഇലക്ട്രിക് മോട്ടോറുകൾ, എയർ പ്യൂരിഫയറുകൾ, ലേസർ പ്രിൻററുകൾ, ഫോട്ടോകോപ്പി യന്ത്രങ്ങൾ എന്നിവയെല്ലാം ഓസോണിനെ അളവ് കാര്യമായി വർദ്ധിപ്പിക്കുന്നുണ്ട്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !