അൻറാർട്ടിക്കയിലെ തണുപ്പുകാലം നമുക്ക് സങ്കൽപ്പിക്കുന്നതിനുമപ്പുറമാണ്. - 80 ഡിഗ്രി സെൽഷ്യസ് ഒക്കെയാവും അപ്പോൾ അവിടുത്തെ താപനില. തണുപ്പ് കാലം ആവുമ്പോഴേക്കും അൻറാർട്ടിക്കയിലെ ധ്രുവനീർച്ചുഴി (Polar vortex) എന്നു പേരുള്ള വൃത്താകൃതിയിലുള്ള ശക്തമായ കാറ്റ് രൂപപ്പെടും. ഇത് വൃത്തത്തിനു പുറത്തുള്ള വായുവിനെ അകത്തേക്കോ അകത്തുള്ളതിനെ പുറത്തേക്കോ കടക്കാൻ അനുവദിക്കില്ല.
തണുപ്പുകാലം കഴിയുംവരെ അൻറാർട്ടിക്ക യിൽ സൂര്യൻ എത്തിനോക്കുക പോലും ഇല്ല എന്ന് അറിയാമല്ലോ! കൊടുംതണുപ്പ് പോളാർ സ്ട്രാറോസ്ഫെറിക് എന്നു പേരുള്ള മേഘങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഈ മഞ്ഞു മേഘങ്ങളിൽ നൈട്രിക് ആസിഡും ഐസുമൊക്കെ ഉണ്ടാകും. വസന്തകാലം തുടങ്ങുമ്പോൾ സൂര്യപ്രകാശം വീണ്ടും അൻറാർട്ടിക്കയിലെത്തും. അപ്പോൾ അന്തരീക്ഷത്തിലുള്ള ക്ലോറോ ഫ്ലൂറോ കാർബണുകൾ അൾട്രാവയലറ്റ് വികിരണങ്ങളുടെ സാന്നിധ്യത്തിൽ ക്ലോറിനും ബ്രോമിനുമൊക്കെയായി വിഘടിക്കും. ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിൻ ഓസോൺ പാളിയെ ആക്രമിക്കും.
സെപ്റ്റംബർ മാസത്തിൽ അൻറാർട്ടിക്കയ്ക്ക് മുകളിലുള്ള ഓസോൺ തുള വലുതാവുകയും ഡിസംബർ പകുതിയോടെ ഓസോൺ സമ്പുഷ്ടമായ വായു പ്രവേശിച്ച് തുള അടയുകയും ചെയ്യുന്നു.