NO എന്നതിന് പകരം കുട്ടി ON എന്നെഴുതുന്നുണ്ടോ?

Mashhari
0
പഠന വൈകല്യമെന്താണ് എന്ന് തിരിച്ചറിയാതെ അധ്യാപകരും രക്ഷിതാക്കളും പെരുമാറുന്നത്, കുട്ടികളോട് ചെയ്യുന്ന നീതികേടാണ്. NO എന്നതിന് പകരം ON എന്ന് കുട്ടി പലപ്പോഴും എഴുതുന്നത് അറിവില്ലായ്മ കൊണ്ടല്ല മറിച്ച് കുട്ടിയുടെ ശരി അതായത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ശരിയെ മനസ്സിലാക്കാത്ത മുതിര്‍ന്നവരാണ് തെറ്റുകാര്‍.

തനതവസ്ഥയില്‍ പലകാര്യങ്ങളും സ്വയം ചെയ്യാനാവാത്ത മനുഷ്യര്‍കൂടി ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ലോകം. കാഴ്ചയില്ലാത്ത ഒരാള്‍ക്ക് താന്‍ കണ്ട അസ്തമയ ഭംഗിയെക്കുറിച്ച് കുറിപ്പെഴുതാനോ, രണ്ടു കൈകളുമില്ലാത്ത ഒരാള്‍ക്ക് ബാഡ്മിന്റണ്‍ കളിക്കാനോ സാധിക്കില്ല. ഇത്തരം പരിമിതികളുള്ളവരെയാണ് ‘ഡിസേബിള്‍ഡ്’ എന്ന് നിയമം വിവക്ഷിക്കുന്നത്. എന്നാല്‍ ആ പരിമിതിയെ മറികടക്കാനാവുംവിധം, മറ്റുള്ളവര്‍ക്കില്ലാത്ത ചില കഴിവുകള്‍ അവര്‍ക്കുള്ളതുകൊണ്ടോ, അത്തരം കഴിവുകള്‍ അവര്‍ ആര്‍ജ്ജിച്ചെടുക്കുന്നതുകൊണ്ടോ ആണ് ആധുനിക സമൂഹം ഭിന്നശേഷിക്കാര്‍ (Differently Abled) എന്നവരെ വിളിക്കുന്നത്. ബാഹ്യമായ ചില പിന്തുണാസംവിധാനങ്ങള്‍ അനിവാര്യമായിട്ടുള്ളവരും ഇക്കൂട്ടത്തിലുണ്ടാവാം.

നിയമത്തിന്റെ ഭാഷയില്‍ അന്ധതയും ബധിരതയും പോലെയുള്ള ഒരു ‘ഡിസബിലിറ്റി’യാണ് പഠനവൈകല്യവും. ചില പ്രത്യേക കാര്യങ്ങള്‍ പഠിക്കാനോ പ്രാവര്‍ത്തികമാക്കാനോ കഴിയാത്ത മസ്തിഷ്‌ക്കാവസ്ഥയാണ് പഠനവൈകല്യത്തിന് കാരണം. 2016ല്‍ പരിഷ്‌കരിക്കപ്പെട്ട Rights of persons with Disabilities Act (RPwD) പ്രകാരമുള്ള 21 ഡിസബിലിറ്റി വിഭാഗത്തില്‍ പഠനവൈകല്യത്തെയും (Learning Disability) ഉള്‍പ്പെടുത്തിയത് അതുകൊണ്ടാണ്.
പഠനവൈകല്യമുണ്ടെന്ന് സംശയിക്കപ്പെടുന്ന കുട്ടികളെ കണ്ടെത്തുകയും കൃത്യവും ശാസ്ത്രീയവുമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യേണ്ട പ്രാഥമിക ചുമതല അധ്യാപകര്‍ക്കുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലും ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive Education) ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ പാസാക്കിയ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് പാഠ്യപദ്ധതി മുതല്‍ പഠനാന്തരീക്ഷം വരെ അനുരൂപീകരിക്കണമെന്ന് RPwD ആക്ടും വ്യക്തമാക്കുന്നുണ്ട്.

പഠനത്തില്‍ പിന്നാക്കമായ കുട്ടികളെ മോശക്കാരായി കാണുന്ന പ്രവണതയാണ് പൊതുവെ നമ്മുടേത്. സ്വഭാവപരമായ കാരണങ്ങള്‍ (Behavioral Issues), കുടുംബപ്രശ്നങ്ങൾ, സാമൂഹ്യസാഹചര്യങ്ങൾ, ശാരീരികമായ അസുഖങ്ങൾ, അധ്യാപകരുടെ കഴിവുകേട്, സൗഹൃദപരമല്ലാത്ത സ്‌കൂള്‍ അന്തരീക്ഷം തുടങ്ങി പഠന പിന്നാക്കാവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ബുദ്ധിപരമായ പരിമിതി, കാഴ്ചയിലും കേള്‍വിയിലുമുള്ള പരിമിതികള്‍ എന്നിവയും പഠന പിന്നാക്കാവസ്ഥയുടെ കാരണങ്ങളാവാം. എന്നാല്‍ ഇത്തരം പരിമിതികളൊന്നുമില്ലാതെയും പഠനത്തില്‍ പിന്നാക്കമായി പോകുന്ന ധാരാളം കുട്ടികളുണ്ട്. പഠനവൈകല്യം എന്ന സവിശേഷ വിഭാഗത്തില്‍പ്പെട്ടവരാണവര്‍. പഠന പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരില്‍ ഏതാണ്ട് 25 ശതമാനം കുട്ടികള്‍ പഠനവൈകല്യമുള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു.

എന്താണ് പഠനവൈകല്യം?

കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന സവിശേഷമായ ഒരവസ്ഥയാണ് പഠനവൈകല്യം. ജന്മനാ ഉണ്ടാകുന്നതും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതുമായ ഒരവസ്ഥാവിശേഷമാണിത്. സംസാരം, വായന, എഴുത്ത്, ഗണിതം, യുക്തിചിന്ത തുടങ്ങിയവ ആര്‍ജ്ജിക്കുന്നതിനും പ്രയോഗിക്കുന്നതിനും പ്രകടമായ ബുദ്ധിമുട്ടനുഭവപ്പെടുക എന്നതാണ് ഇതിന്റെ സ്വഭാവം. ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധിനിലവാരമുണ്ടായിട്ടും ചില കാര്യങ്ങള്‍ പഠിക്കാനോ പ്രയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ് പഠനവൈകല്യം എന്നര്‍ത്ഥം.
വായനയിലെ പ്രശ്നങ്ങള്‍ (Dyslexia ), എഴുതുന്നതിനും വരയ്ക്കുന്നതിനുള്ള ക്രമക്കേടുകള്‍ (Dysgraphia), കണക്കുകളിലെ താളപ്പിഴകള്‍ (Discalculia) എന്നിവയാണ് കൂടുതലായും കണ്ടുവരുന്ന പഠനവൈകല്യ ലക്ഷണങ്ങള്‍. ഉച്ചാരണത്തിലുള്ള പ്രശ്നങ്ങള്‍ (Developmental Articulation Disorder), കാഴ്ച്ചക്കുണ്ടാകുന്ന ക്രമക്കേടുകള്‍ (Visual Processing Disorder ), വാക്കുകള്‍ ഉപയോഗിച്ചല്ലാതെ ആശയവിനിമയം നടത്താന്‍ സാധിക്കാത്ത അവസ്ഥ (Nonverbal Learning Disorder), ചലനശേഷിയുടെ വികാസഭംഗങ്ങള്‍ (Disparaxia) മുതലായവയും പഠനവൈകല്യങ്ങളില്‍ ഉള്‍പ്പെടുന്ന അവസ്ഥാവിശേഷങ്ങളാണ്. ക്രമമായി കാര്യങ്ങള്‍ ചെയ്യുന്നതിലും മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കുന്നതിലുമൊക്കെ പരാജയപ്പെട്ടുപോകുമെന്നതിനാല്‍ സ്‌കൂളിലും വീട്ടിലുമൊക്കെ നിരന്തരം കുറ്റവാളികളാക്കപ്പെടുന്ന ദയനീയമായ സ്ഥിതിയും ഈ കുട്ടികള്‍ നേരിടേണ്ടിവരുന്നു.

ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ ശൈശവാവസ്ഥയിലോ തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിച്ചാല്‍ കുട്ടികള്‍ പഠനവൈകല്യമുള്ളവരായിത്തീരാമെന്ന് ആധുനിക മസ്തിഷ്‌കശാസ്ത്രം പറയുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാവുന്ന അസുഖങ്ങള്‍, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പുള്ള പ്രസവം മുതലായവയും കുട്ടിയുടെ പഠനവൈകല്യത്തിന് കാരണമായേക്കാം. തലച്ചോറിലെ ട്യൂമര്‍, കേന്ദ്രനാഡീവ്യവസ്ഥയിലുണ്ടാവുന്ന അണുബാധ തുടങ്ങിയവയും കുട്ടിയെ പഠനവൈകല്യത്തിലേക്ക് നയിക്കാം. പാരമ്പര്യഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റുചില കാരണങ്ങളും സംശയിക്കപ്പെടുന്നവയാണെങ്കിലും ആധികാരികമായി തെളിയിക്കപ്പെട്ടവയല്ല. മരുന്നു കൊണ്ടോ മന്ത്രം കൊണ്ടോ പരിഹരിക്കാനാവില്ല എന്നതുകൊണ്ട് തന്നെ, ഇത്തരം കുട്ടികളെ തിരിച്ചറിയുകയും സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

തിരിച്ചറിയാനുള്ള മാര്‍ഗങ്ങൾ

പഠനവൈകല്യമുള്ളവര്‍ പഠിക്കുന്നതും പെരുമാറുന്നതുമൊക്കെ മിക്കപ്പോഴും മറ്റു കുട്ടികളെ പോലെതന്നെയാവും. അതിനാല്‍ ഇത്തരം കുട്ടികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടാവാറുണ്ട്. അതിനാല്‍തന്നെ പഠനവൈകല്യമുള്ളവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് അധ്യാപകരും രക്ഷിതാക്കളും കൃത്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.

 വായന, എഴുത്ത്, ഗണിതം എന്നിവയിലേതെങ്കിലും അസ്വാഭാവികമായി ബുദ്ധിമുട്ട് അനുഭവിക്കുകയും മറ്റുകാര്യങ്ങളില്‍ ബുദ്ധിപരമായ പരിമിതികള്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന കുട്ടികളെ പഠന വൈകല്യമുള്ളവരായി സംശയിക്കാവുന്നതാണ്.
ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും, ഒരു പ്രവര്‍ത്തനം ചെയ്തുതീര്‍ക്കാന്‍ വല്ലാതെ പ്രയാസപ്പെടുന്നുവെങ്കില്‍ അതും പഠന വൈകല്യത്തിന്റെ ലക്ഷണമാവാം. അക്ഷരങ്ങളും വാക്കുകളും സംഖ്യകളും തിരിച്ചെഴുതുന്ന പ്രവണതയും (ഉദാഹരണം 53ന് പകരം 35, bയ്ക്ക് പകരം d, no ക്ക് പകരം on) ഇത്തരം കുട്ടികളില്‍ വ്യാപകമായി കാണുന്നുണ്ട്. വശങ്ങള്‍ (വലത്, ഇടത്) തിരിച്ചറിയുന്നതിലെ പ്രയാസം, ഓര്‍മ്മക്കുറവ് എന്നിവയും പഠനവൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ജീവിതവ്യവഹാരങ്ങളുടെ സംയോജനം സാധ്യമാക്കുന്ന പ്രധാന ഘടകങ്ങളായ കാലം, സ്ഥാനം എന്നിവയില്‍ നിയന്ത്രണമില്ലാതാവുന്ന ദയനീയാവസ്ഥയും ഇത്തരം കുട്ടികളിലുണ്ടാവാം. സ്വന്തം മുറിപോലും വൃത്തിയാക്കിവെക്കാതെ അലങ്കോലമായിട്ടിടുക, സ്വന്തം സാധനങ്ങള്‍ നഷ്ടപ്പെടുത്തുക, സമയബോധവും സ്ഥലബോധവും ഇല്ലാതിരിക്കുക തുടങ്ങിയവയും ഇത്തരം കുട്ടികളില്‍ സാധാരണമാണ്.

പ്രീപ്രൈമറി – നഴ്സറി ക്ലാസുകളില്‍ വെച്ചുതന്നെ പഠനവൈകല്യമുള്ളവരെ കണ്ടെത്താന്‍ സാധിക്കും എന്നതാണ് വസ്തുത. സംസാരഭാഷ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്, ലളിതമായ നിര്‍ദ്ദേശങ്ങള്‍ പോലും മനസ്സിലാകായ്മ, ഒരു വസ്തുവിന്റെയോ നിറത്തിന്റെയോ പേരു പറയാനുള്ള താമസം, പുസ്തകങ്ങളിലുള്ള താല്പര്യക്കുറവ്, നിറം കൊടുക്കുന്നതിനും വരയ്ക്കുന്നതിനും പകര്‍ത്തിയെഴുതുന്നതിനുമുള്ള ബുദ്ധിമുട്ട്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ മുതലയാവയെ പഠനവൈകല്യത്തിന്റെ പ്രാഥമികലക്ഷണങ്ങളായി മനസ്സിലാക്കാവുന്നതാണ്.

പഠനവൈകല്യമുള്ള കുട്ടികളെ
തിരിച്ചറിയാനുള്ള ഉത്തരവാദിത്വം ഒന്നാമതായി ഏറ്റെടുക്കേണ്ടത് അധ്യാപകരാണ്. പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ നിരീക്ഷിക്കുന്നതില്‍ കുറേക്കൂടി ശ്രദ്ധചെലുത്തിയാല്‍ എളുപ്പത്തില്‍ മനസിലാക്കിയെടുക്കാവുന്ന ലക്ഷണങ്ങളാണ് മേല്‍പ്പറഞ്ഞവയെല്ലാം. സമഗ്ര ശിക്ഷാ പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളില്‍ നിയമിക്കപ്പെട്ടിട്ടുള്ള റിസോഴ്സ് അധ്യാപകര്‍ക്ക് (സ്പെഷല്‍ എഡ്യുക്കേറ്റര്‍മാര്‍ക്ക്) ഇക്കാര്യത്തില്‍ അധ്യാപകരെ സഹായിക്കാന്‍ സാധിക്കും.
സംശയം തോന്നുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് അവരെയും ഇക്കാര്യങ്ങള്‍ ബോധപ്പെടുത്തണം. അതിനുശേഷം ശിശുരോഗവിദഗ്ധര്‍, മന:ശാസ്ത്രവിദഗ്ധര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. പഠനവൈകല്യമുള്ള കുട്ടിയാണെന്ന് സര്‍ട്ടിഫൈ ചെയ്യപ്പെട്ടാല്‍ നിയമാനുസൃതം ലഭിക്കേണ്ട പരിഹാരബോധന സംവിധാനങ്ങള്‍, പരീക്ഷാ സൗകര്യങ്ങള്‍ മുതലയാവ ലഭ്യമാക്കേണ്ട ഉത്തരവാദിത്വവും സ്‌കൂളുകള്‍ക്കുണ്ട്. പഠനത്തില്‍ പിന്നോക്കമായ കുട്ടികളെ പത്താംക്ലാസ് ജയിപ്പിച്ചെടുക്കാനുള്ള കുറുക്കുവഴിയായി പഠനവൈകല്യത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ട്.


പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പരീക്ഷയില്‍ അധികസമയമോ എഴുതാനുള്ള സഹായിയെയോ അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ ആനുകൂല്യത്തെ പഠനവൈകല്യമില്ലാത്ത, എന്നാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത പൊതുവെ സ്‌കൂളുകളിലുണ്ട്. എസ് എസ് എല്‍ സി, പ്ലസ്ടു പോലെയുള്ള പൊതുപരീക്ഷകള്‍ ജയിപ്പിച്ചെടുക്കാനുള്ള തന്ത്രം എന്ന രീതിയില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികാരികളും ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കുന്നതായി പലപ്പോഴും ആരോപണമുണ്ടാവാറുണ്ട്. സ്വകാര്യപ്രാക്ടീസ് ചെയ്യുന്ന ചില സൈക്കോളജിസ്റ്റുകള്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഈ അരുതായ്മ വിദ്യാഭ്യാസ മേഖലയില്‍ നടന്നിരുന്നത്. എന്നാല്‍ പഠനവൈകല്യത്തെ 21 ഡിസെബിലിറ്റികളിലൊന്നായി നിയമം അംഗീകരിക്കുകയും ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കുകയും ചെയ്തതോടുകൂടി ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത ഇല്ലാതായിട്ടുണ്ട്.

ചെറിയ ക്ലാസുകളിലെ കുട്ടികളില്‍ പഠനവൈകല്യലക്ഷണങ്ങള്‍ക്ക് സമാനമായ സ്വഭാവസവിശേഷതകളും പഠനപ്രശ്നങ്ങളും സാധാരണയായി കണ്ടുവരാറുണ്ട്. എന്നാല്‍ ഒന്ന്, രണ്ട് ക്ലാസ്സുകള്‍ പിന്നിടുന്നതോടെ സാധാരണ കുട്ടികള്‍ ഇത്തരം പ്രശ്നങ്ങള്‍ മറികടക്കുകയാണ് പതിവ്. ആയതിനാല്‍ മൂന്നാം ക്ലാസ് മുതല്‍ മാത്രമേ, കുട്ടികളിലെ പഠനപ്രശ്നങ്ങള്‍ പഠനവൈകല്യം കാരണമാണെന്ന് ശാസ്ത്രീയമായി നിര്‍ണ്ണയിച്ച് സര്‍ട്ടിഫൈ ചെയ്യാറുള്ളൂ. അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കും മുമ്പെങ്കിലും പഠനവൈകല്യനിര്‍ണ്ണയം സാധ്യമായാലേ ഇത്തരം കുട്ടികളോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. പരിഹാസത്തിനും അപമാനത്തിനും വിധേയരായി, ആത്മവിശ്വാസം നഷ്ടപ്പെട്ട് ഒന്നിനും കൊള്ളാത്തവരായി മാറിക്കഴിഞ്ഞശേഷം പഠനവൈകല്യനിര്‍ണ്ണയവും പരിഹാരബോധനവും നടത്തിയതുകൊണ്ട് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. മാത്രവുമല്ല RPwD Act മൂന്നാം അധ്യായത്തിലെ ആറാം ഉപഖണ്ഡത്തില്‍ പറയുന്ന ‘Detect specific learnig disability in children at the earliest and take suitable pedagogical and other measures to overcome them’ എന്ന നിര്‍ദ്ദേശത്തിന്റെ ലംഘനവുമാണത്.

പഠനവൈകല്യമുള്ളവരാണെങ്കിലും, ബുദ്ധിപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരും ഇക്കൂട്ടത്തിലുണ്ടാവും. പ്രയാസകരമായ ചില പഠനമേഖലകളിലൊഴികെ മറ്റു മേഖലകളിലെല്ലാം ഇവര്‍ വളരെ മിടുക്കരുമായിരിക്കും. ഇത്തരം കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും പരിഗണിച്ചു കൊണ്ടായിരിക്കണം അവരോട് ഇടപെടേണ്ടത്. അവര്‍ക്ക് ചെയ്യാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ ചെയ്യിപ്പിക്കുന്നത് ദോഷഫലമാണുണ്ടാക്കുക.വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഒഴിവാക്കുകയും അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ അവസരം കൊടുത്തുകൊണ്ട് ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്താല്‍ വലിയ പുരോഗതിയാവും കുട്ടികളിലുണ്ടാവുക. പഠനവൈകല്യമുള്ള ഒരു കുട്ടിക്ക് എന്തൊക്കെ ചെയ്യാനാവും, എന്തൊക്കെ ചെയ്യാനാവില്ല എന്ന തിരിച്ചറിവ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടാവുക എന്നത് പ്രധാനമാണ്. ലിയനാഡോ ഡാവിഞ്ചി, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍, തോമസ് ആല്‍വ എഡിസണ്‍, വിന്‍സ്റ്റന്റ് ചര്‍ച്ചില്‍, ഗ്രഹാംബെല്‍, ജോര്‍ജ്ജ് വാഷിംഗ്ടെണ്‍, വാള്‍ട്ട് ഡിസ്നി തുടങ്ങി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ള മഹാപ്രതിഭകള്‍ പഠനവൈകല്യമുള്ളവരായിരുന്നു എന്ന് നമ്മള്‍ മറന്നുപോകരുത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !