ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

സുകുമാര്‍ അഴീക്കോട്

Mashhari
0

സാംസ്‌കാരിക കേരളത്തിന്റെ ശബ്ദസാഗരമായിരുന്ന ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും സാഹിത്യവിമര്‍ശകനും. വര്‍ത്തമാനകാലകേരളം നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട് പോരാടിയ സുകുമാര്‍ അഴീക്കോടിന്‍റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനമാണിന്ന്.

  1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോടാണ് ജനനം. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ്. പ്രൈമറിതലം മുതല്‍ പരമോന്നതസര്‍വ്വകലാശാലബിരുദതലം വരെ അദ്ധ്യാപകനായി. 1986-ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായിട്ടുണ്ട്.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു.  തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍ , ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

കാല്പനികകാവ്യഭാവുകത്വത്തിനുകൂലമായിട്ടാണ് ആദ്യകാലഅഴീക്കോട് നിരൂപണങ്ങള്‍. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. അഴീക്കോട് ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്. കാല്പനികതയുടെ ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു. 2012 ജനുവരി 24 തൃശ്ശൂരില്‍ വെച്ച് നിര്യാതനായി.
കടപ്പാട്: Trivandrum Teachers വാട്സാപ്പ് ഗ്രൂപ്പ്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !