വിഷുക്കണി - വൈലോപ്പിള്ളി

Mashhari
നീളമേറുന്നൂ, ചൂടും,
നിതരാം ദിനങ്ങൾക്കു
ചൂളയിൽനിന്നെന്നപോ-
ലടിക്കും പൊടിക്കാറ്റിൽ
നീറിവേ,ർത്തിമ താണു
കാണുകയാവാം ഭദ്രേ
നീ പകൽക്കിനാവ് -
പൂഞ്ചോലകൾ, വനങ്ങളും
അതു നല്ലത്, പക്ഷെ
വിഹരിപ്പതീ വെയ്ലിൽ
പുതുവേട്ടാളൻ കുഞ്ഞു-
പോലെയെൻ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളിൽ
പണ്ടുകാലത്തിൻ നീണ്ട
ചൂടാണ്ട മാസങ്ങളിൽ
പൂവിട്ടൊരുല്ലാസങ്ങൾ!
കൂട്ടുകാരോടുംകൂടി-
പ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങൾതൻ
ഭിന്നഭിന്നമാം സ്വാദും,
വയലിൻ കച്ചിപ്പുക-
മണവും സ്വർഗ്ഗത്തിലേ-
യ്ക്കുയരും വെണ്മുത്തപ്പ-
ത്താടിതൻ ചാഞ്ചാട്ടവും,
കശുവണ്ടിതൻ കൊച്ചു
കോമാളിച്ചിരിയും, കണ്‍-
മഷി ചിന്നിയ കുന്നി
മണിതൻ മന്ദാക്ഷവും ,
കടലിൻ മാറത്തു നി-
ന്നുയരും കാറ്റിൽ തെങ്ങിൻ-
മടലിൽ പച്ചോലകൾ
കല്ലോലമിളക്കുമ്പോൾ
വെട്ടിയ കുളങ്ങൾതൻ
പഞ്ചാരമണൽത്തിട്ടിൽ
വെട്ടവും നിഴലും ചേർ-
ന്നിയലും നൃത്തങ്ങളും
ഞാനനുഭവിക്കയാ-
ണോർമ്മയിൽ, ചുടുവെയ്ലിൽ
സാനന്ദം കളിച്ചാർക്കും
തോഴർതൻ ഘോഷങ്ങളും,
തേക്കുകാരുടെ പാട്ടും
അമ്മമാരുടെ നേരം-
പോക്കു,മാ നാടൻ ചക്കിൻ
സ്നിഗ്ദ്ധമാം ഞരക്കവും!
ഹാ, വെളിച്ചത്തിന്നോമ-
ന്മകളേ, കണിക്കൊന്ന-
പ്പൂവണിപ്പൊന്മേടമേ,
നല്ലനദ്ധ്യായത്തിന്റെ
ദേവതേ, സൂരോഷ്ണത്തെ-
ത്തൂനിഴലഴികളിൽ
കേവലം തടവിൽച്ചേർ-
ത്തുഗ്രവേനലിനേയും
എന്റെയീ മലനാട്ടി-
ലുത്സവക്കൊടിക്കീഴിൽ
ചെണ്ടകൊട്ടിയ്ക്കും നിന്റെ
ചാതുര്യമെന്തോതേണ്ടു?
മഴയെപ്പുകഴ്ത്തട്ടേ
മണ്ടൂകം, മാവിൻ ചുന
മണക്കും മേടത്തിന്റെ
മടിയിൽപ്പിറന്ന ഞാൻ
സ്വർഗ്ഗവാതിൽപക്ഷിയോ-
ടോപ്പമേ വാഴ്ത്തിപ്പാടു-
മുദ്ഗളം മലനാടു
വേനലിന്നപദാനം!
പിന്നെയുമൊന്നുണ്ടു, പ-
ണ്ടൊരു വേനലിലച്ഛൻ
കണ്ണട,ച്ചെൻവീടെല്ലാം
പകലുമിരുണ്ടപ്പോൾ
വന്നു ഞാൻ ഭദ്രേ കണി
കാണാത്ത കൌമാരത്തിൻ
ഖിന്നതയോടേ വിഷു-
നാളിൽ നിൻ തറവാട്ടിൽ.
അപ്പുറത്തുത്സാഹത്തി-
ലാണു നിന്നേട്ടൻ, ഞാനോ
നിഷ്ഫലമെന്തോ വായി-
ച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെൻ
കണ്മിഴി പൊത്തി, "ക്കണി-
കണ്ടാലു,"മെന്നോതി ഞാൻ
പകച്ചു നോക്കുന്നേരം
എന്തൊരത്ഭുതം, കൊന്ന-
പ്പൂങ്കുല വാരിച്ചാർത്തി-
സ്സുന്ദരസ്മിതം തൂകി
നില്ക്കുന്നു നീയെൻ മുന്നിൽ!
ലോലമായ്‌, വിളർത്തൊന്നു-
മറിയാത്തൊരു കുരു-
ത്തോല പോലെഴും പെണ്ണി
ന്നിത്ത്രമേൽ കുറുമ്പെന്നോ?
"പരിഹാസമോ, കൊള്ളാം"
എന്ന് ഞാൻ ചോദിയ്ക്കെ,യ-
പ്പരിതാപത്തിന്നാഴം
പെട്ടെന്നു മനസ്സിലായ്
ബാഷ്പ്പസങ്കുലമായ
കണ്‍കളോ "ടയ്യോ മാപ്പെ"
ന്നാപ്പരിമൃദുപാണി
നീയെന്റെ കൈയിൽ ചേർക്കെ,
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെൻ
ജീവിതം മുൻകാണാത്ത
ഭാഗ്യത്തെയല്ലോ നേടി!
തേനാളും കനിയൊന്നും
തിരിഞ്ഞു നോക്കീടാതെ
ഞാനാകും പുളിങ്ങയെ
യെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ
വരിഷങ്ങളും, മൗഢ്യം
ചിന്നീടും പല മഞ്ഞു-
കാലവും കടന്നു നാം
പിരിയാതെന്നേയ്ക്കുമായ്
കൈ പിടിക്കവേ, നിന്റെ
ചിരിയായ് വിഷുക്കണി-
യായിതെന്നുമെൻ വീട്ടിൽ
ഇങ്ങകായിലും, കായി-
ട്ടുല്ലസിക്കുമിത്തൊടി-
യിങ്കലും, തൊഴുത്തിലും,
തുളസിത്തറയിലും
പതിവായ് തവ നാളം
ദ്യോതിയ്ക്കേ, മമ യത്നം
പതിരായ്ത്തീരാറില്ലി-
പ്പുഞ്ചനെല്പ്പാടത്തിലും.
കീഴടക്കുന്നൂ പോലും
മനുജൻ പ്രകൃതിയെ!
കീഴടക്കാതേ, സ്വയ-
മങ്ങു കീഴടങ്ങാതെ
അവളെ സ്നേഹത്തിനാൽ
സേവിച്ചു വശയാക്കി,-
യരിയ സഖിയാക്കി
വരിച്ചു പാലിയ്ക്കുകിൽ
നാം ഭുജിക്കില്ലേ നിത്യ-
മാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ
കായ് മുറ്റുമൊരു സുഖം?
ഒന്നുതാനിനി മോഹം,
കണിവെള്ളരിയ്ക്കപോൽ
നിന്നുടെ മടിത്തട്ടിൽ
തങ്കുമീ മണിക്കുട്ടൻ
ഏതു ധൂസര സങ്കൽ-
പ്പങ്ങളിൽ വളർന്നാലും,
ഏതു യന്ത്രവല്ക്കൃത
ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാവട്ടേ
ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും -
ഇത്തിരി കൊന്നപ്പൂവും!

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !