രോഗം പരത്തുന്ന ജീവികൾ

RELATED POSTS

കൊതുക്
മലേറിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മന്ത്, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കിയാൽ മാത്രമേ ഈ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയൂ.
കൊതുകിനെ ഇല്ലാതാക്കാൻ നമ്മൾ ചെയ്യേണ്ടത്
 1. - മലിന ജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
 2. - ചിരട്ട, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കൂടുകൾ, പൊട്ടിയ കളിപ്പാട്ടങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
 3. - ശുദ്ധജല സംഭരണികൾക്കും വാട്ടർ ടാങ്കുകൾക്കും ഉറപ്പിച്ചടച്ച മൂടി ഉണ്ടാവണം.
 4. - കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യാൻ കഴിയില്ലെങ്കിൽ അതിനു മുകളിൽ ആഴ്ച തോറും മണ്ണെണ്ണ തളിക്കണം. മണ്ണെണ്ണ തളിക്കുമ്പോൾ കൊതുകിൻ്റെ കൂത്താടികൾ നശിക്കും. ഓടകളിലും ഇതുപോലെ ചെയ്യാം.
ഈച്ച
വയറിളക്കം, വയറുകടി, ടൈഫോയ്ഡ്, അതിസാരം, കോളറ, അന്ത്രാക്സ്, ക്ഷയം തുടങ്ങിയ രോഗങ്ങൾ ഈച്ചയാണ് പരത്തുന്നത്. ഈച്ചകൾ തുറന്നിരിക്കുന്ന ആഹാരസാധനങ്ങൾ, പഴങ്ങൾ, വെള്ളം ഇവയിൽ അവയുടെ വിസർജ്യം, ശർദ്ദിൽ, വിരമുട്ടകൾ, രോഗാണുക്കൾ എന്നിവയെ നിക്ഷേപിക്കുന്നു. ഈച്ചകൾ വരാനുള്ള സാഹചര്യവും ഈച്ചകൾ പെരുകുന്ന സാഹചര്യവും ഒഴിവാക്കിയെങ്കിലേ ഇവ പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപെടാൻ കഴിയൂ.
ഈച്ചയെ ഇല്ലാതാക്കാൻ നമ്മൾ ചെയ്യേണ്ടത്
 1. - ജൈവ മാലിന്യങ്ങൾ കൂട്ടിയിടരുത്
 2. - ആഹാര പദാർത്ഥങ്ങളും വെള്ളവും തുറന്നു വെക്കരുത്
 3. - പഴങ്ങൾ കഴുകി മാത്രം ഭക്ഷിക്കുക
 4. - ഓടകൾ ശുചീകരിക്കുകയോ അണുമുക്തമാക്കുകയോ ചെയ്യണം
 5. - ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ കമ്പോസ്റ്റാക്കി മാറ്റുകയോ കുഴിച്ചു മൂടുകയോ ചെയ്യുക.
എലി
എലിപ്പനി, റാറ്റ് ബൈറ്റ് ഫീവർ എന്നീ രോഗങ്ങൾ എലി നേരിട്ടും, എലിച്ചെള്ളുകൾ പ്ലേഗും വരുത്തുന്നു. വീടിൻ്റെ പരിസരത്തെ ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, മാളങ്ങൾ എന്നിവയിലാണ് ഇവയുടെ താമസം. ഇവയ്ക്ക് ആഹാരം ലഭിക്കാനുള്ള സാഹചര്യം ഒഴിവാക്കിയാൽ എലികൾ വരുന്നത് തടയാനും ഇവ പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപെടാനും കഴിയും.
എലികളെ ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ടത്
 1. - വീടിൻ്റെ പരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിടരുത്
 2. - വീടിൻ്റെ പരിസരത്തെ കുറ്റിക്കാടുകൾ വൃത്തിയാക്കണം
 3. - കപ്പ, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങൾ വീടിന് തൊട്ടടുത്ത് കൃഷി ചെയ്യരുത്
 4. - എലിപ്പെട്ടി, എലിവിഷം, എലിക്കെണി എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കണം
പാറ്റ
ടൈഫോയ്ഡ്, വയറിളക്കം, സൽമോനെല്ലോസിസ് തുടങ്ങിയ രോഗങ്ങൾ പാറ്റ പരത്തുന്നു. വീടിൻ്റെ മുക്കിലും മൂലയിലുമുള്ള വിടവുകളിൽ വളരുന്ന ഇവ ആഹാര സാധനങ്ങളിൽ രോഗാണുക്കളെ നിക്ഷേപിക്കുന്നു.
പാറ്റകളെ ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ടത്
 1. - വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
 2. - വീടിൻ്റെ ഓരോ മൂലയും വൃത്തിയാക്കണം
 3. - പഴയ സാധനങ്ങൾ വീടിനുള്ളിൽ ശേഖരിച്ചു വെക്കരുത്
 4. - പാറ്റാ ഗുളികകളും സ്പ്രേയും ഉപയോഗിച്ച് പാറ്റകളെ നശിപ്പിക്കാം


കൊതുക് - മലേറിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മന്ത്, ചിക്കുൻ ഗുനിയ.
ഈച്ച - വയറിളക്കം, വയറുകടി, ടൈഫോയ്ഡ്, അതിസാരം, കോളറ, മഞ്ഞപ്പിത്തം, അന്ത്രാക്സ്, ക്ഷയം, കണ്ണു രോഗം.
എലി - എലിപ്പനി, പ്ലേഗ്, റാറ്റ് ബൈറ്റ് ഫീവർ.
പാറ്റ - ടൈഫോയ്ഡ്, വയറിളക്കം, സൽമോനെല്ലോസിസ്.
വവ്വാൽ - നിപ്പ
നായ - റാബിസ്
കുരങ്ങ് - കുരങ്ങു പനി

Mal2 U3Post A Comment:

0 comments: