പൊതുവിദ്യാലയങ്ങള്‍ തുറക്കലും അക്കാദമിക മുന്നൊരുക്കങ്ങളും

RELATED POSTS

പൊതുവിദ്യാലയങ്ങള്‍ തുറക്കലും അക്കാദമിക മുന്നൊരുക്കങ്ങളും - ഡോ. പി.വി.പുരുഷോത്തമന്‍
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്.
വിക്റ്റേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസും സായാഹ്നങ്ങളില്‍ അതത് അധ്യാപകര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുമാണ് കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഉപകരണങ്ങളുടെ അഭാവം, റേഞ്ചിന്റെ കുറവ്, ഗാര്‍ഹിക പിന്തുണയിലെ ഏറ്റക്കുറച്ചില്‍, ഡിജിറ്റല്‍ രീതിയുടെ പരിമിതി തുടങ്ങിയവ മൂലം ഇതിന്റെ ഫലപ്രാപ്തിയില്‍ കുറവുകള്‍ ഉണ്ടായിട്ടുണ്ട്.
സമൂഹത്തിലെ പിന്നാക്ക കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഏറെ നഷ്ടം സംഭവിച്ചിട്ടുള്ളത്.
അതേസമയം, ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ഥിതി താരതമ്യേന മെച്ചമായിരുന്നു താനും.
സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
ഒട്ടേറെ മുന്നൊരുക്കങ്ങള്‍ ഇതിന് ആവശ്യമാണ്.
ആരോഗ്യസുരക്ഷയോടൊപ്പം സ്കൂള്‍ തുറന്നു കഴിഞ്ഞാല്‍ നടക്കേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗൗരവതരമായ ആലോചനകള്‍ ആവശ്യമുണ്ട്.
അക്കാദമികമായ മുന്നൊരുക്കങ്ങള്‍ കൃത്യമാവണമെങ്കില്‍ കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് കുട്ടികള്‍ക്ക് നഷ്ടപ്പെട്ടതെന്ത് എന്നത് സംബന്ധിച്ച വ്യക്തമായ തിരിച്ചറിവ് നമുക്ക് ഉണ്ടാവണം.
നഷ്ടങ്ങള്‍ ഒറ്റനോട്ടത്തില്‍
 1. സ്കൂള്‍ എന്നത് അറിവ് നേടാനുള്ള ഇടം മാത്രമല്ല.
 2. സ്കൂളിലെ കൂട്ടായ്മയും പരസ്പരമുള്ള ആശയക്കൈമാറ്റങ്ങളും പഠനാന്തരീക്ഷവും വിവിധ പ്രവര്‍ത്തനങ്ങളും ഒക്കെ ചേര്‍ന്നാണ് കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തിയിരുന്നത്.
 3. ഈ അനുഭവം നഷ്ടമാവുകയും വീട്ടിനകത്ത് തന്നെ മാസങ്ങളോളം കഴിയേണ്ടി വരികയും ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് പല മേഖലകളിലും ഏറ്റക്കുറച്ചിലുകളോടെ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
 4. കേരളത്തിലും ലോകമെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ ഇക്കാര്യം ശരിവെക്കുന്നു.
 5. എല്ലാവര്‍ക്കും തന്നെ ശാരീരിക വ്യായാമത്തില്‍ കുറവുണ്ടായി.
 6. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വന്നു. ദിനചര്യയുടെ താളം തെറ്റി.
 7. ആശയവിനിമയത്തിനുള്ള അവസരം കുറഞ്ഞു.
 8. പലരിലും വൈകാരിക പ്രകടനത്തില്‍ വ്യതിയാനമുണ്ടായി.
 9. ചിലര്‍ക്ക് ഭയവും അനിശ്ചിതത്വവും അനുഭവപ്പെട്ടു.
 10. എല്ലാവര്‍ക്കും തന്നെ സാമൂഹിക ശേഷികളില്‍ കുറവുണ്ടായി.
 11. ഡിജിറ്റല്‍ ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗം ശാരീരികവും ശീലപരവുമായ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കി.
 12. ഓണ്‍ലൈന്‍ രീതിയിലുള്ള പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ കൂട്ടായശ്രമങ്ങള്‍ നടന്നെങ്കിലും ആശയരൂപീകരണത്തില്‍ വലിയ കുറവുണ്ടായി.
 13. പഠനത്തില്‍ പ്രധാനമായ മുന്നറിവില്‍ നല്ല തോതിലുള്ള ചോര്‍ച്ച സംഭവിച്ചു.
 14. പഠിക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കുന്നതില്‍ പലര്‍ക്കും പ്രയാസം നേരിട്ടു.
 15. പ്രായോഗികമായ പല അനുഭവങ്ങളും കിട്ടാത്ത നില ഉണ്ടായി.
 16. വായന, സര്‍ഗാത്മകമായ ആവിഷ്കാരം, സംഘപ്രവര്‍ത്തനം എന്നിവയിലും പുതിയ സാഹചര്യം ഇടിവുണ്ടാക്കി.
 17. സ്കൂളില്‍ നിന്നും കിട്ടിയിരുന്ന കൂട്ടായ്മ, സ്നേഹം, അംഗീകാരം, പ്രോത്സാഹനം എന്നിവയും ഇല്ലാതായി.
 18. സ്കൂള്‍ അനുഭവം ഒരിക്കലും കിട്ടാത്തവരും അധ്യാപകരെ നേരില്‍ കാണാത്തവരും കൂട്ടത്തില്‍ ഉണ്ട്.

സ്കൂള്‍ തുറന്നാലും വളരെപ്പെട്ടെന്ന് പൂര്‍വസ്ഥിതിയിലേക്ക് എത്താനാവില്ല എന്ന് തീര്‍ച്ചയാണ്.
ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടതായി വരും.
ഇതുകൂടാതെ സ്കൂള്‍, ഓണ്‍ലൈന്‍ അനുഭവങ്ങളുടെ സങ്കരണം എന്നതും കുട്ടികളെയും അധ്യാപകരെയും സംബന്ധിച്ച് പുതിയ ഒന്നാണ്. ‘നോര്‍മല്‍’ ആയ ഒരു കാലത്തേക്കു വേണ്ടി തയ്യാറാക്കിയ കരിക്കുലത്തില്‍ പല മാറ്റങ്ങളും വരുത്തണം.
പഠനം, പരീക്ഷ, ഗൃഹപാഠം, രക്ഷാകര്‍ത്തൃപിന്തുണ തുടങ്ങിയവയിലും ഒട്ടേറെ പുതുക്കലുകള്‍ ആവശ്യമായി വരും.
ഓണ്‍ലൈന്‍ രീതികള്‍ ഉപയോഗിക്കുന്നതിന് ഉണ്ടായിവന്നിട്ടുള്ള പുതിയ സൗകര്യങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ അടച്ചിടല്‍ കാലത്ത് അക്കാര്യത്തില്‍ ലഭിച്ചിട്ടുള്ള പരിചയവും ഒരു നേട്ടമായി കണ്ടുകൊണ്ടുള്ള പുനരാലോചനകളാണ് നടക്കേണ്ടത്.


എങ്ങനെ മുന്നോട്ടുപോകാം ?
വ്യക്തിത്വവികാസത്തില്‍ ഉണ്ടായിട്ടുള്ള നഷ്ടങ്ങളും അക്കാദമിക കാര്യങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകളും പരിഗണിച്ചു കൊണ്ടുള്ള ഒരു പൊതുസമീപനം രൂപപ്പെടുത്തി വേണം മുന്നോട്ടു പോകാന്‍.
ആദ്യ ദിവസം - മഞ്ഞുരുക്കല്‍
പാട്ടുപാടിയും കഥകള്‍ പറഞ്ഞും ചിത്രങ്ങള്‍ വരച്ചും ഒന്നാം ദിവസം ആഹ്ലാദകരമാക്കണം.
ഇതിനിടയില്‍ സ്കൂളില്‍ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും എന്തുകൊണ്ട് നാം അവ പാലിക്കണമെന്ന് ബോധ്യപ്പെടുത്തുകയും വേണം.
ഒരാഴ്ചക്കാലം - വികാസനഷ്ടങ്ങള്‍ നികത്തല്‍
ശാരീരിക വ്യായാമം, വൈകാരിക സംതുലനം, സാമൂഹ്യ ഇടപെടല്‍, ആശയവിനിമയം, സര്‍ഗാത്മക പ്രകടനം, ആത്മവിശ്വാസം എന്നിവ ലക്ഷ്യമാക്കിയുള്ള സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വേണം ആദ്യത്തെ ഒരാഴ്ച പിന്നിടാന്‍.
വായന പ്രോത്സാഹിപ്പിക്കാന്‍ വായനാ സാമഗ്രികള്‍ ലഭ്യമാക്കല്‍, പത്രവായന തിരിച്ചുപിടിക്കല്‍, കോവിഡ് സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ രൂപപ്പെടുത്തല്‍ എന്നിവയ്ക്ക് ഈ ഘട്ടത്തില്‍ തുടക്കമിടാം.
രക്ഷിതാക്കളുടെ സഹായത്തോടെ നടത്താവുന്ന ലഘുവായ നിരീക്ഷണങ്ങള്‍, നിര്‍മാണങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ വഴി പഠനത്തോട് താത്പര്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.
ഇക്കാലത്ത് പോരായ്മകള്‍ എടുത്തു പറയാതെ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനായിരിക്കണം അധ്യാപകശ്രദ്ധ.
ശീലങ്ങളിലും ജീവിതശൈലിയിലും വന്നിട്ടുള്ള ശൈഥില്യങ്ങള്‍ പരിഹരിക്കാനും ഇക്കാലത്ത് രക്ഷിതാക്കളുടെ പിന്തുണയോടെ ശ്രമിക്കാം.
തുടര്‍ന്നുള്ള ദിവസങ്ങള്‍
സിലബസിലെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കാനുള്ള സമയം ഇനിയില്ല എന്നതിനാല്‍ ചില ഫോക്കസ് ഏരിയകള്‍ തെരഞ്ഞെടുത്ത് പഠിപ്പിക്കുകയാവും ഉചിതം.
തുടര്‍പഠനത്തെ കാര്യമായി ബാധിക്കുന്ന ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കാം.
ഒപ്പം മുന്നറിവുകളില്‍ വന്നിട്ടുള്ള ശോഷണം പരിഹരിക്കാനും ശ്രമിക്കാം.
ഭാഷാവിഷയങ്ങളില്‍ പാഠപുസ്തകത്തെ അധികമായി ആശ്രയിക്കാതെ, ശേഷികളില്‍ ഊന്നിയുള്ള പഠനത്തിന് അവസരമൊരുക്കാം.
പ്രായോഗിക പ്രവര്‍ത്തനങ്ങളും അകലം പാലിച്ചുള്ള സംഘപ്രവര്‍ത്തനങ്ങളും സ്കൂളിലും മറ്റുള്ളവ, ഓണ്‍ലൈന്‍ രീതിയില്‍ വീട്ടില്‍ വെച്ചും പഠിക്കുക എന്ന തരംതിരിവ് ഉണ്ടാക്കാം. വ
ീട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍ത്താവിന്റെ ഗുണാത്മക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശ്രമിക്കാം.
പരീക്ഷ
ഇത്തരത്തില്‍ അയവുള്ള ഒരു സമീപനവുമായി മുന്നോട്ടു പോകുന്നതില്‍ വിലയിരുത്തല്‍ പ്രക്രിയ ഒരുതരത്തിലും തടസ്സം സൃഷ്ടിക്കരുത്. വാര്‍ഷിക പരീക്ഷ, ടേം പരീക്ഷ എന്നിവ ഒഴിവാക്കുകയും തുടര്‍വിലയിരുത്തല്‍ ഫലപ്രദമാക്കുകയും ചെയ്യുന്നത് നന്നായിരിക്കും. തുടര്‍വിലയിരുത്തലിലൂടെ പഠനപിന്തുണ ആവശ്യമുള്ള മേഖല തിരിച്ചറിയാനും സഹായം ലഭ്യമാക്കാനും കഴിഞ്ഞാല്‍ അത് കുട്ടിയുടെ മുന്നോട്ടുപോക്കിനും ആത്മവിശ്വാസ വികസനത്തിനും സഹായകമാവും. ഓണ്‍ലൈന്‍ പഠനം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ സ്കൂള്‍ തലത്തില്‍ കുട്ടികളുടെ എണ്ണം ക്രമീകരിക്കേണ്ടി വരും. ഒരു ക്ലാസില്‍ കുട്ടികള്‍ നന്നെ കുറവാണെങ്കില്‍ അത്തരം വിദ്യാലയങ്ങളില്‍ മുഴുവന്‍ കുട്ടികളും വരുന്നതില്‍ പ്രശ്നമില്ല.
ക്വാറന്റയിന്‍ സാഹചര്യവും കുട്ടികളുടെ ഹാജരിനെ നിര്‍ണയിക്കും. ചിലപ്പോള്‍ ചില ക്ലാസുകള്‍ കുറച്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കേണ്ടതായും വരും. ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടി കാണാമെന്നതിനാല്‍ വിക്റ്റേഴ്സ് ചാനല്‍ വഴി ദിവസേനയുള്ള സംപ്രേക്ഷണം തുടരാവുന്നതാണ്.
സ്കൂളില്‍ അതത് ദിവസങ്ങളില്‍ വരാത്തവര്‍ക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ പിന്തുണയും കുറച്ചു കാലത്തേക്ക് അധ്യാപകര്‍ക്ക് തുടരേണ്ടിവരും.

മുന്നൊരുക്കങ്ങള്‍ എന്തൊക്കെ ?
ഒട്ടേറെ മുന്നൊരുക്കം വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റും നേതൃത്വത്തില്‍ നടന്നാലേ ഇത്തരമൊരു പദ്ധതി സമയബന്ധിതമായും വിജയകരമായും നടപ്പിലാക്കാനാവൂ. അവ എന്തൊക്കെയെന്നു നോക്കാം.

 1. - പഠനം, വിലയിരുത്തല്‍, അധ്യാപക പിന്തുണ, വിദ്യാര്‍ഥി പിന്തുണ, ഉദ്യോഗസ്ഥ പിന്തുണ തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു സമീപനരേഖ തയ്യാറാക്കേണ്ടി വരും. ഇതില്‍ സിലബസിന്റെ അനുരൂപീകരണം, വികേന്ദ്രീകൃതമായി പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കല്‍, പരിശീലനം, ഓഫ്‍ലൈന്‍ - ഓണ്‍‍ലൈന്‍ ക്രമീകരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായ ആക്ഷന്‍പ്ലാനും തയ്യാറാക്കണം.
 2. - വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ സംഘടിപ്പിക്കണം.
 3. - അധ്യാപകരുടെ ചെറുകൂട്ടായ്മകള്‍ ക്ലാസ് - വിഷയ തലത്തില്‍ മുഖാമുഖമായി ചേര്‍ന്ന് ആദ്യത്തെ രണ്ട് ആഴ്ചത്തേക്കുള്ള പ്രവര്‍ത്തന പാക്കേജുകള്‍ തയ്യാറാക്കണം.
 4. - സ്കൂള്‍ പി. ടി. എ, സപ്പോര്‍ട്ട് ഗ്രൂപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളും പരിസരവും ശുചിയാക്കുകയും പ്രവര്‍ത്തനസജ്ജമാക്കുകയും വേണം. - ആദ്യദിവസത്തേക്ക് ക്ലാസും പരിസരവും അലങ്കരിക്കുന്നതും നന്നാവും.
 5. - ആദ്യ ദിവസങ്ങളില്‍ സ്കൂള്‍ പി.ടി.എ.യുടെ പ്രതിനിധികളായി ഏതാനും രക്ഷിതാക്കള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഉണ്ടാവുന്നത് നല്ലതാണ്.
 6. ആദിവാസി - ഇതര പിന്നോക്ക മേഖലകളില്‍ നടന്നു വരുന്ന പഠനകേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണം. ഇവിടെയും പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
 7. - കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള മറ്റ് ഒരുക്കങ്ങളും ക്രമീകരണങ്ങളും സമാന്തരമായി സ്കൂളില്‍ നടക്കേണ്ടതുണ്ട്.
 8. - അക്കാദമിക കാര്യത്തില്‍ സന്ദര്‍ഭാനുസരണം പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്കൂള്‍ എസ്.ആര്‍.ജി.ക്ക് നല്‍കുന്നത് ഈ സന്ദര്‍ഭത്തില്‍ ഉചിതമായിരിക്കും.
 9. - വിദ്യാഭ്യാസ ഓഫീസര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നതും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്യുന്നതും നല്ലതാണ്.
 10. - പുതിയ സാഹചര്യത്തില്‍ സ്കൂളിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാന - ജില്ലാ - ഉപജില്ലാ തലങ്ങളില്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നത് കാര്യങ്ങള്‍ സുഗമമാക്കും.
 11. - അതുപോലെ തദ്ദേശ - ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പഞ്ചായത്ത് തലത്തില്‍ പ്രധമാധ്യാപകരുടെയും പി.ടി.എ. പ്രസിഡണ്ടുമാരുടെയും അധ്യാപക പ്രതിനിധികളുടെയും വിദ്യാഭ്യാസപ്രവര്‍ത്തകരുടെയും ആസൂത്രണ - വിലയിരുത്തല്‍ യോഗങ്ങള്‍ ചേരുന്നതിനും ക്രമീകരണമുണ്ടാകണം.

OtherPost A Comment:

0 comments: