*1. 2021-22 അദ്ധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍*
2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുന്‍വര്‍ഷത്തേതു പോലെ തന്നെ ഡിജിറ്റല്‍ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്. ഇതിലേക്കായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുന്നതാണ്. മുന്‍വര്‍ഷം ടെലികാസ്റ്റ് ചെയ്ത ക്ലാസ്സുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്ലാസ്സുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസ്സുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളായിരിക്കും നല്‍കുക.
കഴിഞ്ഞ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനാവശ്യമായ നടപടികള്‍ ഉറപ്പാക്കിയിരുന്നു. ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖല ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷം ഏതാണ്ട് പൂര്‍ണ്ണമായും ചാനല്‍ അധിഷ്ഠിതമായിരുന്നു ക്ലാസ്സ് എങ്കില്‍ ഈ വര്‍ഷം സ്കൂള്‍ തലത്തിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അദ്ധ്യാപകര്‍ സ്കൂളിലെത്തുന്നതും സ്കൂളിലെ ഐ. റ്റി. സൗകര്യം കൂടി ഉപയോഗിക്കുന്നതുമാണ്. മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ നടത്തിപ്പ് തുടര്‍ പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണ്ണയം എന്നിവയെല്ലാം തൻമൂലം കൂടുതല്‍ ഫലപ്രദമാകുന്നതാണ്.
*2. പ്രവേശനോത്സവം*
അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് കുട്ടികളെ വരവേറ്റിരുന്നത് ആഹ്ലാദകരമായ പ്രവേശനോത്സവത്തിലൂടെയായിരുന്നു. എന്നാല്‍ 2020-ല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂള്‍ നടപടികള്‍ ഡിജിറ്റല്‍ ക്ലാസ്സിലേക്ക് മാറിയപ്പോള്‍ പ്രവേശനോത്സവം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
വെര്‍ച്വല്‍ പ്രവേശനോത്സവം രണ്ടു തലങ്ങളിലായിട്ടാണ് സംഘടിപ്പിക്കുന്നത്. 2021 ജൂണ്‍ 1-ന് രാവിലെ 10.00 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രോഗ്രാം ആരംഭിക്കും. ബഹു. മുഖ്യമന്ത്രി ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് 11 മണി മുതല്‍ സ്കൂള്‍തല പ്രവേശനോത്സവച്ചടങ്ങുകള്‍ വെര്‍ച്വല്‍ ആയി ആരംഭിക്കുന്നതാണ്. ജനപ്രതിനിധികളും, പ്രധാനാദ്ധ്യാപകരും ആശംസകള്‍ നേരും. കുട്ടികള്‍ സകുടുംബം പരിപാടികളുടെ ഭാഗഭാക്കാകുന്നതാണ്. പരിപാടിയുമായി ബന്ധപ്പെട്ട് എം.പി.മാര്‍, എം.എല്‍.എ. മാര്‍ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് ക്ഷണക്കത്ത് നല്‍കി, ഈ ചടങ്ങിന്‍റെ ഭാഗമാകുന്നതാണ്.
*3. യൂണിഫോം വിതരണം*
a) 2020-21 വര്‍ഷത്തിലെ കുട്ടികള്‍ക്ക് നല്‍കേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അദ്ധ്യയന വര്‍ഷം അവസാനം എല്ലാ ഉപജില്ലകളിലേയും വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.
b) ആകെ 9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിലേക്കായി വിതരണ സജ്ജമായിട്ടുള്ളത്.
c) ഈ വര്‍ഷം ബഡ്ജറ്റില്‍ ആകെ 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം സ്കൂള്‍ തുറക്കുന്ന പക്ഷം കൈത്തറി യൂണിഫോം നല്‍കാത്ത കുട്ടികള്‍ക്ക് യൂണിഫോം അലവന്‍സ് 600/- രൂപ ക്രമത്തില്‍ നല്‍കുന്നതിന് സാധിക്കുന്നതാണ്.
d) കൈത്തറി യൂണിഫോം നല്‍കുന്നത് 1-4, 1-5. 1-7, 5-7 ക്ലാസ്സുകള്‍ ഉള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 1-4 ക്ലാസ്സുകള്‍ ഉള്ള എയ്ഡഡ് സ്കൂളുകള്‍ക്കും ആണ്.
e) 2021-22 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 29/05/2021 ശനിയാഴ്ച തിരുവനന്തപുരത്ത് മണക്കാട് ഗവണ്‍മെന്‍റ് സ്കൂളില്‍ വച്ച് നടക്കും.
*4. ടെക്സ്റ്റ് ബുക്ക് വിതരണം*
a) 202122 അദ്ധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠ പുസ്തകങ്ങള്‍ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്.
b) 13064 സൊസൈറ്റികള്‍ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. പ്രസ്തുത പാഠ പുസ്തകങ്ങള്‍ കേരള സിലബസ് ഗവണ്‍മെന്‍റ്/എയ്ഡഡ്/ അണ്‍-എയ്ഡഡ് (അംഗീകൃത) സ്കൂളുകള്‍ക്ക് വിതരണം ചെയ്തു വരുന്നു. പാഠ പുസ്തകത്തിന്‍റെ അച്ചടിയും വിതരണവും കെ.ബി.പി.എസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
c) സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും, ഹബ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങള്‍ എത്തിക്കുകയും അവിടെ നിന്നും കെ.ബി.പി.എസ് തന്നെ ചുമതലപ്പെടുത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവിധ സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
d) കഴിഞ്ഞ രണ്ടാഴ്ചകാലമായി സംസ്ഥാനമാകെ കോവിഡ് മഹാമാരി വ്യാപനം അതിരൂക്ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ പാഠപുസ്തക വിതരണത്തിനു ലോക് ഡൗണില്‍ പ്രത്യേക ഇളവ് ലഭിച്ചതിനാല്‍ 24/05/2021 മുതല്‍ വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ എഴുപത് ശതമാനത്തോളം (70%) ഒന്നാം വാല്യം പാഠ പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ സൊസൈറ്റികളിലേക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
e) ജൂണ്‍ 1-നകം അടിയന്തിരമായി അച്ചടി പൂര്‍ത്തിയാക്കാമെന്ന് കെ.ബി.പി.എസ് ഉറപ്പു നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്കൂളില്‍ എത്തിയിട്ടുള്ള പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. ഇളവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇത് പൂര്‍ത്തീകരിക്കുന്നതാണ്. ഒന്നാം ക്ലാസിലെ പുതിയ കുട്ടികള്‍ക്കുള്ള പാഠപുസ്തകവിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 29/05/2021 ന് രാവിലെ 10 മണിയ്ക്ക് മണക്കാട് ഗവ.റ്റി.റ്റി.ഐ യില്‍ വച്ച് നടത്തുന്നതാണ്.
ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.ജീവന്‍ബാബു.കെ ഐ.എ.എസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.