സർ
കഴിഞ്ഞ രണ്ടു മൂന്നു തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ പഠനോന്മുഖമായി രൂപകൽപന ചെയ്ത വിദ്യാലയ ഭിത്തികൾ തെരഞ്ഞെടുപ്പുദ്യോഗസ്ഥർ അവരുടെ പ്രദർശന വസ്തുക്കൾ ഒട്ടിച്ച് നശിപ്പിച്ചതായി നിരവധി ആക്ഷേപങ്ങൾ ചിത്ര സഹിതം നവ മാധ്യമങ്ങളിൽ പങ്കിട്ടത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടു കാണും എന്നു കരുതുന്നു.
ബിൽഡിംഗ് ആസ് എ ലേണിംഗ് എയിഡ് (BaLA ) എന്ന പരിപാടി വിദ്യാലയങ്ങൾ ഏറ്റെടുത്തതിൻ്റെ ഭാഗമായാണ് വിദ്യാലയ ചുവരുകളിൽ പ0ന ചിത്രങ്ങൾ നിറഞ്ഞത്.
ഇതിനായി രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പും ഫണ്ട് വിനിയോഗിക്കുകയുമുണ്ടായി.
തെരഞ്ഞെടുപ്പു പ്രക്രിയ ഹരിത ചട്ടം പാലിച്ചാവണം എന്നു പറയുന്നതുപോലെ പോളിംഗ് കേന്ദ്രം ഒരുക്കൽ വിദ്യാർഥി പക്ഷ സമീപനം കണക്കിലെടുത്താകണം എന്നു പറയാൻ കഴിഞ്ഞില്ല. അതിൻ്റെ അക്കാദമിക ദുരന്തമാണ് ചുവടെയുള്ള ചിത്രം.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര ജാഗ്രത കാട്ടിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തിരുന്നെങ്കിൽ പരിഹാരം ഉണ്ടാക്കാനാകുമായിരുന്നു.
ഇതിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ വിദ്യാലയത്തിൽ പ്രിസൈഡിംഗ് ഓഫീസറായി ചുമതല നിർവഹിച്ചത് ഒരു ഹെഡ്മാസ്റ്ററായിരുന്നു എന്നതാണ് ഏറെ വേദനാജനകം
അന്താരാഷ്ട്ര നിലവാരത്തിലേക്ക് അക്കാദമിക ധാരണ ഉയരാത്ത അധ്യാപകർ വകുപ്പിലുണ്ട്.
അധ്യാപകരായ പോളിംഗ് ഉദ്യോഗസ്ഥർ ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ
എന്താണ് പരിഹാരം?
6 x 4 വലുപ്പത്തിലുള്ള തൂക്കിയിടാവുന്നതോ ചാരിവെക്കാവുന്നതോ ആയ ഒരു തുണി ബോർഡ് ഓരോ ബൂത്തിലും ക്രമീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുക.
(ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ഭാവിയിൽ ആലോചിക്കാവുന്നതാണ്)
പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ വിദ്യാർഥി പക്ഷ വിദ്യാലയത്തെ നോവിക്കരുതെന്ന് പറയുക.
അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർഥിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഒരാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തലപ്പത്ത് ഇപ്പോൾ ഉണ്ട് എന്നത് പ്രതീക്ഷക്ക് വക നൽകുന്നു.
തെരഞ്ഞെടുപ്പ് കാരണം ഉപയോഗശൂന്യമായ വിദ്യാലയ ചുമരുകളുടെ കണക്കെടുക്കുകയും അത് പൂർവസ്ഥിതിയിലാക്കുന്നതിന് ധനസഹായം ചെയ്യുകയും വേണം.
കാമ്പസിനെ പoനോപകരണമാക്കുക എന്ന ആശയം സാക്ഷാത്കരിക്കാൻ ജനാധിപത്യ പ്രക്രിയ കൈത്താങ്ങാകട്ടെ.
വിനയപൂർവ്വം
അധ്യാപകർ
(ഇതിനോട് മനപ്പൊരുത്തമുള്ളവർ ഈ പോസ്റ്റ് സുഹൃത്തുക്കൾക്കും മറ്റും പങ്കിടുക)