ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Mathematics - 51.
പലതുള്ളി പെരുവെള്ളം
മഴക്കലണ്ടർ
2020 ജൂണിലെ മഴക്കലണ്ടറാണ് നമ്മൾ പരിശോധിച്ചത്. മഴ പെയ്ത ദിവസങ്ങൾ മേഘത്തിൻ്റെ ചിത്രം കൊണ്ടും മഴ പെയ്യാത്ത ദിവസങ്ങൾ സൂര്യൻ്റെ ചിത്രം കൊണ്ടും അടയാളപ്പെടുത്തിയിട്ടുണ്ട്. എണ്ണി നോക്കിയപ്പോൾ -
മഴ പെയ്ത ദിവസങ്ങൾ 22
മഴ പെയ്യാത്ത ദിവസങ്ങൾ 9
ജൂൺ മാസത്തിൽ മഴ പെയ്ത ദിവസങ്ങളാണ് കൂടുതൽ.
ടീച്ചർ കാണിച്ച കലണ്ടറിൽ ഒന്നാം തിയ്യതി ഒന്നും അടയാളപ്പെടുത്തിയിട്ടില്ല. അതു കൊണ്ടാണ് രണ്ടും കൂട്ടി നോക്കുമ്പോൾ 30 കിട്ടാത്തത്. ചിലപ്പോൾ രണ്ടാം തിയ്യതി മുതലായിരിക്കും അടയാളപ്പെടുത്താൻ തുടങ്ങിയത്.
ഈ വർഷം മഴക്കാലം തുടങ്ങിയാൽ മഴ പെയ്ത ദിവസങ്ങൾ നിങ്ങൾ കലണ്ടറിൽ അടയാളപ്പെടുത്തി വെക്കണം. ഓരോ മാസവും എത്ര ദിവസം മഴ പെയ്തെന്ന് പിന്നീട് അതു നോക്കി നമുക്ക് കണ്ടു പിടിക്കാം.
കലണ്ടർ നോക്കാൻ പഠിക്കാം
ഒരു മാസത്തിലെ ഏതു തിയ്യതിയും ഏതു ദിവസമാണെന്നു കണ്ടു പിടിക്കാൻ സൗമ്യ ടീച്ചർ നമ്മളെ പഠിപ്പിച്ചു. പിന്നീട് ഓരോ മാസവും എത്ര ദിവസങ്ങൾ വീതമുണ്ടെന്ന് നമ്മൾ പരിശോധിച്ചു.
കലണ്ടറിൽ നോക്കി എഴുതൂ
ഒരു വർഷത്തിലെ മാസങ്ങളുടെ പേരും ദിവസങ്ങളുടെ എണ്ണവും ഒരു പട്ടികയായി എഴുതണം. ആകെ 12 മാസങ്ങളാണ് ഉള്ളത്.
കലണ്ടർ കൗതുകം
2020 ജനുവരി മാസത്തെ കലണ്ടറിൽ ടീച്ചർ രണ്ട് ചതുരങ്ങൾ അടയാളപ്പെടുത്തി. ആദ്യത്തെ ചതുരത്തിൽ -
5 6
12 13
എന്നീ സംഖ്യകളാണുള്ളത്. ഇവയെ കോണോടു കോൺ കൂട്ടുമ്പോൾ -
12 + 6 = 18
5 + 13 = 18
എന്ന് കിട്ടുന്നു.
രണ്ടാമത്തെ ചതുരത്തിൽ -
17 18
24 25
എന്നീ സംഖ്യകളാണ് ഉള്ളത്. ഇവയിൽ കോണോടു കോണുള്ള രണ്ട് സംഖ്യകൾ വീതം കൂട്ടുമ്പോൾ -
24 + 18 = 42
17 + 25 = 42
എന്ന് കിട്ടുന്നു.
ഇതേ മാതൃകയിൽ നിങ്ങളും നിങ്ങളുടെ വീട്ടിലെ കലണ്ടറിൽ ചതുരങ്ങൾ അടയാളപ്പെടുത്തി സംഖ്യകൾ കോണോടു കോൺ കൂട്ടി നോക്കി പ്രത്യേകത കണ്ടെത്തണം.
വെള്ളം കിട്ടാത്തവർ എത്ര പേരെന്ന് കണ്ടെത്താം
വേനൽക്കാലമായി. കിണറുകളൊക്കെ വറ്റി. വെള്ളം കിട്ടാതായി.
വെള്ളവുമായി ടാങ്കർ ലോറി എത്തി. ആളുകൾ കുടങ്ങളുമെടുത്ത് വരി നിന്നു. വരിയിൽ 45 പേർ ഉണ്ട്.
മയൂഖയുടെ അമ്മ 27 മത് ആണ് നിൽക്കുന്നത്. മയൂഖയുടെ അമ്മയ്ക്ക് വെള്ളം കിട്ടിയപ്പോഴേക്കും വെള്ളം തീർന്നു. വെള്ളം കിട്ടാത്ത എത്ര പേരുണ്ട്?
ആകെ ഉള്ളവരുടെ എണ്ണത്തിൽ നിന്നും വെള്ളം കിട്ടിയവരുടെ എണ്ണം കുറച്ചാൽ വെള്ളം കിട്ടാനുള്ളവരുടെ എണ്ണം കിട്ടും.
45 -
27
__
ഒന്നുകളുടെ സ്ഥാനത്ത് 5 ൽ നിന്നും 7 കുറയ്ക്കാൻ പറ്റില്ല. പത്തുകളുടെ സ്ഥാനത്തുള്ള 4 പത്തിൽ നിന്നും 1 പത്ത് എടുത്ത് 5 ഒന്നുകളോട് ചേർക്കണം. ഇപ്പോൾ 15 ആയി. 15 ൽ നിന്ന് 7 കുറച്ചാൽ 8.
ഇനി പത്തുകളുടെ സ്ഥാനത്ത് മുകളിലെ സംഖ്യയിൽ 3 പത്തുകൾ മാത്രമേയുള്ളൂ. 3 പത്തിൽ നിന്നും 2 പത്ത് കുറച്ചാൽ 1 പത്ത്.
18 ആണ് ഉത്തരം.
45 -
27
__
18
ചെയ്തു നോക്കാം
(ആദ്യത്തെ മൂന്ന് പ്രവർത്തനങ്ങൾ നമ്മൾ കഴിഞ്ഞ ദിവസം ചെയ്തല്ലോ.)
4. അലീനയുടെ കൈയിൽ 43 നെല്ലിക്ക ഉണ്ടായിരുന്നു. അതിൽ 18 എണ്ണം റാണിക്കും 17 എണ്ണം ഷാജിക്കും കൊടുത്തു. ബാക്കി എത്രയുണ്ട്?
(റാണിക്കും ഷാജിക്കും കൂടി കൊടുത്തതെത്രയെന്ന് കൂട്ടി നോക്കി കണ്ടെത്തണം. ആകെയുണ്ടായിരുന്ന 43 ൽ നിന്ന് അത് കുറച്ചാൽ അവളുടെ കൈയിൽ ബാക്കിയുള്ള നെല്ലിക്കയുടെ എണ്ണം കിട്ടും.)
5 . അർഷാദ് കടയിൽ നിന്ന് 38 രൂപയ്ക്ക് പഴവും 14 രൂപയ്ക്ക് ബിസ്ക്കറ്റും വാങ്ങി. 60 രൂപ കൊടുത്താൽ ബാക്കി എത്ര കിട്ടും?
(സാധനങ്ങളുടെ ആകെ വില കൂട്ടി നോക്കി കണ്ടെത്തണം. കടക്കാരന് കൊടുത്ത 60 ൽ നിന്ന് അത് കുറച്ചാൽ ബാക്കി കിട്ടേണ്ട തുക കണ്ടെത്താം.)
ക്രമം പൂർത്തിയാക്കുക
83, 73, 63, --, --, --
(10 വീതം കുറച്ചെഴുതുക)
52, 54, 56, --, --, --
(2 വീതം കൂട്ടി എഴുതുക)
45, 50, 55, --, --, --
(5 വീതം കൂട്ടി എഴുതുക)
ഒളിച്ചിരിക്കുന്നതാര്?
താഴെ കൊടുത്തിരിക്കുന്ന ക്രിയകൾ ചെയ്ത് ഉത്തരങ്ങൾ കണ്ടെത്തി, പാഠപുസ്തകത്തിലെ ചിത്രത്തിൽ, ഉത്തരങ്ങളായി കിട്ടിയ കളങ്ങൾക്ക് നിറം കൊടുത്താൽ ഒളിച്ചിരിക്കുന്ന വിരുതനെ കണ്ടെത്താം.
32 + 54
99 + 12
23 + 12 + 34
20 + 10 + 50
13 + 5 + 41
62 - 19
94 - 28
25 + 45
12 + 66
89 - 31
15 + 21 + 9
70 - 22
26 + 56
37 + 47
34 + 64
മൂന്ന് സംഖ്യകൾ താഴെ താഴെ എഴുതി കൂട്ടുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആദ്യം രണ്ട് സംഖ്യകൾ കൂട്ടിക്കിട്ടിയ ഉത്തരത്തോട് മൂന്നാമത്തെ സംഖ്യ കൂട്ടിയാൽ മതി.
Your Class Teacher