ഒരാൾ അപകടത്തിൽ പെട്ടാൽ ആശുപത്രിയിലോ ഡോക്ടറുടെ അടുത്തോ എത്തിക്കുന്നതിനിടയിൽ ഉള്ള സമയത്ത് അയാൾക്ക് നൽകേണ്ട പരിചരണമാണ് പ്രഥമശുശ്രൂഷ.
റോഡപകടം, മുറിവ്, ഒടിവ്, ജന്തുക്കളുടെ ആക്രമണം, അഗ്നിബാധ, അസുഖങ്ങൾ എന്നിങ്ങനെ പ്രഥമശുശ്രൂഷ ആവശ്യമായ ഘട്ടങ്ങൾ പലതാണ്. ഓരോ ഘട്ടത്തിലും നൽകേണ്ട പ്രഥമശുശ്രൂഷയും വ്യത്യസ്തമാണ്.
രോഗിയുടെ അസ്വസ്ഥത കുറയ്‌ക്കാനും നില ഗുരുതരമാകാതിരിക്കുന്നതിനും പ്രഥമശുശ്രൂഷ സഹായിക്കും. ചിലപ്പോൾ പ്രഥമശുശ്രൂഷ കൊണ്ടുമാത്രം ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നും വരും.
മുറിവുകൾ
മുറിവുണ്ടാകുന്ന സ്ഥലം വിരലുകൾ കൊണ്ടോ വൃത്തിയുള്ള തുണികൊണ്ടോ ചേർത്ത് പിടിച്ചു രക്തപ്രവാഹം തടയാൻ ശ്രമിക്കണം. മുറിവിന് മുകളിൽ തൂവാല കൊണ്ട് വരിഞ്ഞു കെട്ടുകയുമാവാം.
പൊള്ളൽ
പൊള്ളൽ പല കാരണങ്ങൾ കൊണ്ട് ആകാം. പൊള്ളൽ ഏൽക്കാൻ ഇടയായ സാഹചര്യത്തിൽ നിന്നും ആളിനെ എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.
# ചൂട് (ലോഹങ്ങൾ)തീ എന്നിവ കൊണ്ടുള്ള ചെറിയ പൊള്ളലാണെങ്കിൽ പൊള്ളിയ ഭാഗം വെള്ളത്തിൽ മുക്കി പിടിക്കുക. അല്ലെങ്കിൽ ആ ഭാഗത്ത് തണുത്ത വെള്ളം ഒഴിച്ചുകൊണ്ടിരിക്കുക.
# വേദന കുറഞ്ഞാൽ വൃത്തിയുള്ള തുണികൊണ്ട് ആ ഭാഗം നന്നായി അയച്ചു പൊതിഞ്ഞു വയ്ക്കാം.
# വസ്‌ത്രത്തിൽ തീ പിടിച്ചീട്ടുണ്ടെങ്കിൽ ആളെ നിലത്ത് കിടത്തി ഉരുട്ടുക.
# കട്ടിയുള്ള പുതപ്പ് കൊണ്ട് മൂടി തീ കെടുത്തുക.
# ഉരുകി പിടിച്ച വസ്‌ത്രം പൊളിച്ചുമാറ്റാൻ ശ്രമിക്കരുത്.
# രാസവസ്തുക്കൾ കൊണ്ടുള്ള പൊള്ളലേറ്റാൽ ആ രാസവസ്‌തുവിന്റെ കുപ്പിയുടെ മേലേയുള്ള ലേബലിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രഥമശുശ്രൂഷ നോക്കുക. പൊള്ളിയ ഭാഗത്ത് ധാരാളം വെള്ളം ഒഴിക്കുക. കൈകൊണ്ട് തിരുമ്മരുത്.
കടി കിട്ടിയാൽ
പട്ടി, പൂച്ച, കുരങ്ങ് തുടങ്ങിയ ജീവികളുടെ കടി മുറിവുണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്. അത് മാരകമായ രോഗങ്ങളും വരുത്തിയേക്കാം.
കടി കിട്ടിയ ഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാം.
കടിച്ച ജീവിയുടെ ഉമിനീര് മുറിവിലോ പരിസരത്തോ ശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കണം.
കടിച്ച മൃഗത്തെ നിരീക്ഷിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ എത്രയും വേഗം പേ വിഷബാധയ്‌ക്കുള്ള കുത്തിവയ്പ്പ് എടുക്കേണ്ടതാണ്.
പാമ്പ് കടിച്ചാൽ
പട്ടിയും പൂച്ചയും കടിക്കുന്നതുപോലെയല്ല പാമ്പ് കടിക്കുന്നത്. കടിച്ച പാമ്പിനെ തിരിച്ചറിയാൻ കഴിയുമോ എന്ന് നോക്കണം. അത് ചികിത്സയ്ക്ക് ഗുണം ചെയ്യും.
കടിയേറ്റ ആളുടെ ശരീരം അനങ്ങാതെ നോക്കുക. ശരീരം അനങ്ങുമ്പോൾ രക്തചംക്രമണം വേഗത്തിലാവുകയും വിഷം വേഗത്തിൽ ശരീരത്തിൽ പടരുകയും ചെയ്യും.
കടിയേറ്റ ആളെ ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ അരുത്.
കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവലിന് താഴെ വരത്തക്കവിധം വയ്‌ക്കാൻ ശ്രദ്ധിക്കുക.
മുറിവിന്റെ ഭാഗം ഞെക്കി കഴിയുന്നത്ര രക്തം പുറത്ത് കളയുക.
മുറിവിന് മുകളിലായി തുണിയോ ചരടോ കൊണ്ട് കെട്ടുന്നെങ്കിൽ അധികം മുറുക്കാതെ കെട്ടിനിടയിലൂടെ ഒരു വിരൽ കടക്കാൻ പാകത്തിൽ അയച്ചുവേണം കെട്ടാൻ.
കൃത്രിമ ശ്വാസം
പലസാഹചര്യങ്ങളിലും ആളുകൾക്ക് ശ്വാസതടസം അനുഭവപ്പെടാം. അപ്പോൾ കൃത്രിമ ശ്വാസം കൊടുത്ത് അവരെ രക്ഷിക്കാൻ കഴിയും. രോഗിയെ മലർത്തി കിടത്തി കഴുത്ത് അൽപം ഉയർത്തി പിന്നിലേക്ക് ആകണം. ഇനി രോഗിയുടെ മൂക്ക് പൊത്തിപ്പിടിച്ചു വായിലൂടെ ശക്തമായി ഊതുക. രോഗിക്ക് സ്വയം ശ്വസിക്കാൻ കഴിയും. ഇത് പലതവണ ആവർത്തിക്കേണ്ടി വന്നേക്കാം. കൃത്രിമ ശ്വാസം നൽകുമ്പോൾ രോഗിയുടെ നെഞ്ച് ഭാഗം വികസിക്കും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ശ്വാസകോശത്തിൽ തടസമുണ്ടെന്നാണ് അർത്ഥം.
മിന്നലേറ്റാൽ
ഇടിമിന്നലേറ്റാൽ പൊള്ളൽ, ഷോക്ക് എന്നിവയുണ്ടാകാം. മിന്നലേറ്റ ആളെ തറയിൽ മലർത്തി കിടത്തുക. ശ്വസോഛ്വാസവും നെഞ്ചിടിപ്പും പരിശോധിക്കണം. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസം നൽകുക. ഹൃദയം ഇടിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഇടതു കൈപ്പത്തി ആളുടെ ഹൃദയത്തിന് മുകളിൽ വച്ച് മറ്റേ കൈപ്പത്തി കൊണ്ട് അതിന് മുകളിൽ ഇടവിട്ടിടവിട്ട് ശക്തിയായി അമർത്തുക.
ഒടിവ്
ഒടിവുള്ളഭാഗം കഴിവതും അനങ്ങാതെ നോക്കുക. കൈയിലാണ് ഓടിവെങ്കിൽ സ്കാർഫോ മറ്റോ കൊണ്ട് കൈ ശരീരത്തോട് ചേർത്ത് കെട്ടി സപ്പോർട്ട് കൊടുക്കാം. കാലിലാണ് ഓടിവെങ്കിൽ ചെറിയ മരക്കഷണമോ മറ്റോ വച്ച് കെട്ടി ഇളക്കം തട്ടാതെ ആശുപത്രിയിൽ എത്തിക്കാം. ഐസ് തുണിയിൽ പൊതിഞ്ഞു ഒടിവുള്ള ഭാഗത്ത് വയ്‌ക്കുന്നത് നീര് കുറയാൻ സഹായിക്കും.
ഫസ്റ്റ് എയ്ഡ് കിറ്റ്
# ഒരു പെട്ടി
# കോട്ടൺ (പഞ്ഞി, തുണി)
# ബാൻഡേജുകൾ
# വേദന സംഹാരികൾ
# ആന്റിസെപ്റ്റിക് ക്രീം, ലോഷൻ
# ഒ.ആർ.എസ് മിശ്രിതം
# കത്രിക
# പ്ലാസ്റ്റർ
# കൈയുറ
# തെർമോ മീറ്റർ
# പെൻടോർച്ച്
# സോപ്പ്