ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Malayalam
6. ഞാനാണ് താരം
ഒരു പരീക്ഷണം ചെയ്തു നോക്കാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോകുന്നവയും പൊങ്ങിക്കിടക്കുന്നവയും കണ്ടു പിടിക്കാൻ.
ഇല, കടലാസ് തുടങ്ങിയവ പൊങ്ങിക്കിടന്നപ്പോൾ കല്ല്, ആണി തുടങ്ങിയവ മുങ്ങിപ്പോയി. പട്ടിക എല്ലാവരും പൂർത്തിയാക്കിയിട്ടുണ്ടാവും.
പച്ചക്കറികൾ മുങ്ങുമോ?
ഇനി ഇതേ പരീക്ഷണം പച്ചക്കറികൾ ഉപയോഗിച്ച് ചെയ്തു നോക്കാം. തക്കാളി, കാരറ്റ്, കോവക്ക, വഴുതനങ്ങ, മുളക് തുടങ്ങിയവ വെള്ളത്തിൽ ഇട്ടു നോക്കാം. മുണ്ടുന്നതും പൊങ്ങുന്നതും പട്ടികയാക്കി എഴുതാം.
കട്ടൻചായ ഉണ്ടാക്കാം
ടീച്ചർ നമ്മളെ കട്ടൻചായ ഉണ്ടാക്കി കാണിച്ചു. ചായപ്പൊടിയും പഞ്ചസാരയും ഉണ്ടെങ്കിൽ കട്ടൻ ചായ ഉണ്ടാക്കാൻ കഴിയില്ല. വെള്ളം കൂടി വേണം.
തിളച്ച വെള്ളത്തിൽ ചായപ്പൊടി ഇട്ടു. അപ്പോൾ വെള്ളത്തിൻ്റെ നിറം മാറി. പിന്നെ ഗ്ലാസ്സിലേക്ക് അരിച്ചൊഴിച്ച് പഞ്ചസാര ചേർത്തിളക്കി. പഞ്ചസാര അതിൽ അലിഞ്ഞ് ചേർന്നപ്പോൾ ചായയ്ക്ക് നല്ല മധുരം കിട്ടി.
അലിയുന്നവ, അലിയാത്തവ
എല്ലാ വസ്തുക്കളും പഞ്ചസാര പോലെ വെള്ളത്തിൽ അലിഞ്ഞു ചേരുമോ? ഉപ്പ് അലിഞ്ഞു ചേരും. മുളകുപൊടി അലിയുമോ?
ഇക്കാര്യവും നമുക്ക് പരീക്ഷിച്ചു നോക്കി പട്ടികപ്പെടുത്താം.
വെള്ളം വലിച്ചെടുക്കുന്ന വസ്തുക്കൾ
ടീച്ചർ ചായയുണ്ടാക്കിയപ്പോൾ അൽപ്പം ചായ മേശപ്പുറത്തു വീണു. സ്പോഞ്ച് ഉപയോഗിച്ച് തുടച്ചപ്പോൾ ആ വെള്ളം കാണാനില്ല. സ്പോഞ്ച് ആ വെള്ളത്തെ വലിച്ചെടുത്തു.
ഇതുപോലെ വെള്ളം വലിച്ചെടുക്കുന്ന വേറെയും വസ്തുക്കളില്ലേ? തുണി, ചണച്ചാക്ക് പോലെയുള്ളവ. അവ ഏതൊക്കെയാണെന്ന് കണ്ടെത്തി എഴുതണേ.
ക്ലാസ്സിലേക്ക് ഒരു താരം
സ്കൂളിൽ പോവുന്ന കുട്ടികളുടെ സംസാരം ശ്രദ്ധിച്ചോ? ക്ലാസ്സിലേക്ക് ഒത്തിരി പ്രത്യേകതകളുള്ള, എല്ലാവർക്കും ഉപയോഗമുള്ള ഒരു 'താരം' വരുന്നെന്നാണ് ടീച്ചർ പറഞ്ഞിരിക്കുന്നത്. ആരായിരിക്കും ആ താരം? അതു കണ്ടു പിടിക്കാൻ പേജ് 97 ൽ തുടങ്ങുന്ന 'ഞാനാണ് താരം' എന്ന പാഠഭാഗം വായിച്ചാൽ മതി. എല്ലാവരും വായിച്ച് അതാരാണെന്ന് കണ്ടു പിടിക്കണേ.
Your Class Teacher