
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
കാട് ഞങ്ങളുടെ വീട്
മനക്കണക്കായി ഉത്തരം പറയുവാൻ ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ടീച്ചർ ക്ലാസ്സ് തുടങ്ങിയത്.
150 ൽ നിന്ന് 5 കുറച്ചാൽ എത്രയാണ്?
ഇത്തരം ചോദ്യങ്ങൾ ധാരാളം പരിശീലിച്ചിട്ടുള്ളതിനാൽ നമുക്ക് വേഗത്തിൽ 145 എന്ന് ഉത്തരം പറയാൻ പറ്റി.
ജോലി വിഭജനം
കാവൽക്കാരെ തിരഞ്ഞെടുത്തു കഴിഞ്ഞു.
സിംഹം 18
പുലി 17
കടുവ 16
കഴുകൻ 33
ആന 34
പരുന്ത് 32
എന്നിങ്ങനെയാണ് കാവൽക്കാരുടെ എണ്ണം. ഇവർ ആകെ 150 പേർ ഉണ്ട്. എല്ലാവരും ദിവസവും കാവൽ നിൽക്കേണ്ടതുണ്ടോ?
ഒരു ദിവസം 50 പേർ മാത്രം കാവൽ നിന്നാൽ മതിയെന്നാണ് സിംഹരാജൻ്റെ തീരുമാനം. രണ്ട് കൂട്ടങ്ങൾ മാത്രം ഓരോ ദിവസം കാവൽ നിൽക്കുക. അവരുടെ എണ്ണം 50 ആയിരിക്കണം.
അപ്പോൾ എല്ലാവർക്കും, ഒരു ദിവസം ജോലി ചെയ്താൽ അടുത്ത രണ്ട് ദിവസം വിശ്രമം ലഭിക്കും.
ഒന്നാം ദിവസം
ഒന്നാം ദിവസം സിംഹങ്ങൾ കാവലിനു പോകാൻ തയ്യാറായി. അവരുടെ എണ്ണം 18 ആണ്. അവരോടൊപ്പം ആരാണ് ജോലിക്കു പോവേണ്ടത്?
ഉത്തരം കണ്ടെത്താൻ 18 നോട് എത്ര കൂട്ടിയാൽ 50 കിട്ടുമെന്നു നോക്കണം. ഒരു സംഖ്യയോട് എത്ര കൂട്ടിയാൽ മറ്റൊരു സംഖ്യ കിട്ടുമെന്നു കണ്ടു പിടിക്കാൻ വ്യവകലന ക്രിയയാണ് ചെയ്യേണ്ടത്. വലിയ സംഖ്യയിൽ നിന്ന് ചെറിയ സംഖ്യ കുറയ്ക്കണം. ഇവിടെ 50 ൽ നിന്ന് 18 കുറയ്ക്കണം.
50 - 18
ക്രിയ എളുപ്പമാക്കാൻ രണ്ടു സംഖ്യകളെയും വ്യാഖ്യാനിച്ചെഴുതാം.
40 + 10 -
10 + 8
___
30 + 2 = 32
ഒന്നുകളുടെ സ്ഥാനത്തു കുറയ്ക്കുമ്പോൾ മുകളിലത്തെ അക്കം ചെറുതാണെങ്കിൽ പത്തുകളുടെ സ്ഥാനത്തു നിന്ന് ഒരു പത്ത് അതിനോടു ചേർക്കണമെന്ന നിയമം അറിയാമല്ലോ. അങ്ങനെ മാറ്റി എഴുതുമ്പോൾ
50 -
18
എന്നതിലെ മുകളിലെ 50 ലെ ഒന്നുകളുടെ സ്ഥാനത്തെ 0 വെട്ടി 10 ഉം പത്തുകളുടെ സ്ഥാനത്തെ 5 വെട്ടി 4 ഉം ആക്കി ക്രീയ ചെയ്താൽ മതി.
ഈ നിയമം നമ്മുടെ മനസ്സിലുണ്ടെങ്കിൽ വെട്ടി എഴുതിയില്ലെങ്കിലും ഉത്തരം കണ്ടെത്താൻ കഴിയും. ഒന്നുകളുടെ സ്ഥാനത്തേക്ക് ഒരു പത്തിനെ എടുത്തിട്ടുണ്ടെങ്കിൽ അക്കാര്യം ഓർത്തിരിക്കണമെന്നു മാത്രം.
50 -
18
__
32
എന്ന് നമുക്ക് ഉത്തരം കിട്ടിയല്ലോ. പരുന്തുകളുടെ കൂട്ടമാണ് 32 പേർ ഉള്ളത്.
അപ്പോൾ ആദ്യ ദിവസം കാവൽ നിൽക്കുന്നത് സിംഹങ്ങളും പരുന്തുകളുമാണ്.
ഉത്തരം ശരിയാണോയെന്ന് സംശയമുണ്ടെങ്കിൽ അവയുടെ എണ്ണം ഒന്നു കൂട്ടി നോക്കുക. 50 ഉത്തരം കിട്ടുന്നെങ്കിൽ നമ്മൾ കണ്ടത്തിയത് ശരിയാണ്.
സിംഹം 18 +
പരുന്ത് 32
___
50
ഇപ്പോൾ സംശയം മാറിയല്ലോ.
രണ്ടാം ദിവസം
രണ്ടാം ദിവസം പുലികളോടൊപ്പം ആരാണ് കാവൽ നിൽക്കേണ്ടത്?
പുലികളുടെ എണ്ണം 17.
50 ൽ നിന്ന് 17 കുറയ്ക്കണം.
കിട്ടുന്ന ഉത്തരം നോക്കി ഏതു കൂട്ടമാണെന്നു കണ്ടെത്താം.
ഇത് നിങ്ങൾക്ക് സ്വന്തമായി ചെയ്യാമെന്നു കരുതുന്നു. ഇതുപോലെ മൂന്നാം ദിവസത്തെ കാവൽക്കാർ ആരൊക്കെയാണെന്നും കണ്ടെത്തണം. ഇത് ഒന്നിച്ചു പോകുന്നവർ എന്ന പ്രവർത്തനമായി പാഠപുസ്തകത്തിൽ നൽകിയിട്ടുണ്ട്.
മന:ഗണിതം
ഗണിത ക്രീയകളുടെ ഉത്തരം വേഗത്തിൽ കണ്ടെത്താൻ മനസ്സിൽ കൂട്ടലും കുറയ്ക്കലും നടത്താൻ പ്രാവീണ്യം നേടേണ്ടത് വളരെ പ്രധാനമാണ്. അതിനായി പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ കണ്ടെത്തുകയും വേണം. ഇത് രസകരമായ ഒരു കളിയാണ്. ബുദ്ധികൊണ്ടുള്ള കളി! കളിക്കൊപ്പം നമ്മുടെ ബുദ്ധി വികസിക്കുകയും ചെയ്യും.
Your Class Teacher