Class 2 Teacher's Note 24 February 2021

RELATED POSTS

ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE STD 2. Malayalam
അണ്ണാൻകുഞ്ഞും ആനമൂപ്പനും
കഥയുടെ അവസാന ഭാഗം നമ്മൾ വായിച്ചു കേട്ടു (പേജ് 84,85).
ചോദ്യങ്ങൾ
1. കുറുക്കൻ പാറക്കല്ലിൽ കയറി കൂവി വിളിച്ചപ്പോൾ ആരൊക്കെയാണ് എത്തിയത്?
കരടിമൂപ്പനും കടുവമൂപ്പനും കുരങ്ങച്ചനും സിംഹച്ചാരും കാട്ടിലെ മറ്റു ജീവികൾ എല്ലാവരും എത്തി.
2. മൃഗങ്ങൾ എങ്ങനെയാണ് മനുഷ്യരെ തുരത്തിയോടിച്ചത്?
ആനകൾ ചിന്നം വിളിച്ചു, സിംഹങ്ങൾ അലറി, കടുവകളും കരടികളും പുലികളും ഒച്ചവെച്ചു, കുറുക്കൻമാർ ഓരിയിട്ടു, കാട്ടുകടന്നലുകളും തേനീച്ചകളും മുന്നേ പറന്ന് ആക്രമിച്ചു. കാടിളക്കി വരുന്ന ജീവികളെ കണ്ട് മനുഷ്യർ ജീവനും കൊണ്ട് ഓടി.

മൃഗങ്ങളുടെ ശബ്ദം
ആന ചിന്നം വിളിക്കുന്നതും സിംഹം ഗർജിക്കുന്നതും കുറുക്കൻമാർ ഓരിയിടുന്നതും എങ്ങനെയാണെന്ന് നമ്മൾ കേട്ടു. ഈ ശബ്ദങ്ങൾ അനുകരിച്ച് നോക്കി നിങ്ങളും പഠിച്ചാൽ കഥ നാടകമാക്കുമ്പോൾ പ്രയോജനപ്പെടും.

കഥയിൽ ആരെല്ലാം?
കഥ ആദ്യം മുതൽ വീണ്ടും വായിക്കണം. എന്നിട്ട് ഈ കഥയിൽ ഏതൊക്കെ ജീവികളാണ് ഉള്ളതെന്ന് കണ്ടു പിടിക്കണം. അവരുടെ പേരുകൾ പേജ് 86 ലെ 'പറയാം എഴുതാം' എന്ന പ്രവർത്തനത്തിനൊപ്പമുള്ള ബോക്സിൽ എഴുതണം.

കഥ എഴുതാം
മരം വെട്ടുകാരും വേട്ടക്കാരും പേടിച്ചോടിയതോടെ ഈ കഥ ഇവിടെ അവസാനിച്ചു. എന്നാൽ തോറ്റോടിയ വേട്ടക്കാർ വെറുതെയിരിക്കുമോ? കൂടുതൽ സന്നാഹങ്ങളുമായി അവർ വീണ്ടും വരില്ലേ?
കഥയുടെ തുടർച്ച നമുക്ക് എഴുതി നോക്കിയാലോ?

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കഥയ്ക്ക് പേര് വേണം
* നല്ല തുടക്കം വേണം
* വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ഭാഷയിൽ എഴുതണം
* സംഭവങ്ങൾക്ക് ക്രമമായ വളർച്ച ഉണ്ടാവണം
* ആശയങ്ങൾ ക്രമമായി ഖണ്ഡിക തിരിച്ച് എഴുതണം
* അവസാനം നന്നാവണം
* ആവശ്യമായ ചിഹ്നങ്ങൾ ചേർക്കണം
* വാക്കുകൾക്കിടയിൽ അകലം വേണം
എങ്ങനെ തുടങ്ങാം?
മണിമലക്കാടിനെ ആക്രമിക്കാൻ വന്ന നാട്ടു മനുഷ്യരെയൊക്കെ കാട്ടിലെ കൂട്ടുകാർ തുരത്തിയോടിച്ചു. എന്നത് കഥയുടെ ആദ്യ വാചകമാവട്ടെ.

നാടകം
കോട്ടയം രാമപുരം ഉപജില്ലയിലെ മോനിപ്പള്ളി NSS സ്ക്കൂളിലെ കൂട്ടുകാർ ഈ കഥ നാടകമാക്കി അവതരിപ്പിച്ചതു കണ്ടില്ലേ? എന്തു രസമായിരുന്നു!

മുഖംമൂടി തയ്യാറാക്കാം
നമുക്കും കഥ നാടകമാക്കി അഭിനയിക്കണമെങ്കിൽ ആദ്യം മുഖം മൂടികൾ ഉണ്ടാക്കണം. കടലാസിൽ വരച്ച് നിറം കൊടുത്ത് മുറിച്ചെടുത്ത് കട്ടിക്കടലാസിൽ ഒട്ടിച്ച് ചരടു കെട്ടി മാസ്ക്കുകൾ ഉണ്ടാക്കാൻ ശ്രമം തുടങ്ങിക്കോളൂ. എന്നിട്ട് കഥ അഭിനയിച്ച് ഗ്രൂപ്പിൽ അയയ്ക്കണേ.

Your Class Teacher

Teachers NotePost A Comment:

0 comments: