കേരളീയരുടെ ഉറ്റ മിത്രമാണു വാഴ. വാഴയും വാഴപ്പഴവും നമ്മുടെ നിത്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യത്തിനും അലങ്കാരത്തിനും നമുക്കു വാഴ വേണം. കേരളത്തിൽ എല്ലാക്കാലത്തും വാഴപ്പഴം സുലഭമാണ്.
വാഴയ്ക്കു നല്ല നനവുള്ള മണ്ണു വേണം. വെള്ളം കെട്ടി നില്ക്കരുത്. ധാരാളം സൂര്യപ്രകാശവും വേണം. ആദ്യമായി മണ്ണു നല്ലവണ്ണം കിളച്ചു മറിക്കണം. വേണ്ടേ അകലത്തിൽ തടമെടുത്തു വാഴക്കന്നു നടണം. തടത്തിൽ പച്ചിലവളവും ചാണകപ്പൊടിയും ചേർക്കണം. നടാൻ ഉപയോഗിക്കുന്ന കന്നുകൾ നല്ല കരുത്തുള്ളവയായിരിക്കണം. ആവശ്യത്തിനു വെള്ളവും വളവും നല്കിയാൽ നല്ല കുല ലഭിക്കും.
സാധാരണയായി കന്നു നട്ട് എട്ടൊൻപതു മാസത്തിനകം വാഴ കുലയ്ക്കും. കുല വെട്ടിയശേഷം കന്നുകൾ ഇളക്കി നടാവുന്നതാണ്. വാഴക്കുഷി ആദായകരമായ ഒരു തൊഴിൽ ആണ്.
പൂവൻ, പടറ്റി, മൊന്തൻ, പാളയംകോടൻ, കദളി, കണ്ണൻ, ചെങ്കദളി തുടങ്ങി പലയിനം വാഴകൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്. ഇവയെല്ലാം നാടൻ ഇനങ്ങളാണ്. മോറീസ്, റോബസ്റ്റ തുടങ്ങിയ മറുനാടൻ ഇനങ്ങളും ഇവിടെ ഉണ്ട്. എന്നാൽ നമ്മൾ വൻതോതിൽ കൃഷിചെയ്യുന്നതു നേന്ത്രവാഴയാണ്. വാഴപ്പഴങ്ങളിൽ ഏറ്റവും വലുത് നേന്ത്രപ്പഴം ആണ്. നേന്ത്രക്കായ് കൊണ്ട് ഉണ്ടാക്കുന്ന ഉപ്പേരി കേരളീയർക്കു പ്രിയപ്പെട്ടതാണ്. അതു മറുനാടുകളിൽപ്പോലും പ്രസിദ്ധമാണ്.
വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗമുള്ളവയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും വയസ്സായവർക്കും വാഴപ്പഴം ഒരുത്തമാഹാരം ആണ്. അതിന്റെ രുചിയും ഗുണവും ഒന്നു വേറെതന്നെ. വാഴപ്പിണ്ടിയും, വാഴക്കൂമ്പും കറിവയ്ക്കാൻ കൊള്ളാം. വാഴക്കൂമ്പിനു കുടപ്പൻ, ചുണ്ട് എന്നിങ്ങനെ പല പേരുകളുമുണ്ട്. വാഴപ്പിണ്ടിയ്ക്കും ചിലയിനം വാഴകളുടെ മാണത്തിനും ഔഷധഗുണമുണ്ട്. സദ്യ ഉണ്ണാൻ നമുക്കു വാഴയില കൂടിയേ തീരു. വാഴനാരുപോലും വളരെ ഉപയോഗമുള്ളതാണ്. മാല കെട്ടാനും പലതരം കൗതുകവസ്തുക്കൾ, കൂടകൾ, സഞ്ചികൾ എന്നിവ ഉണ്ടാക്കാനും
അത് ഉപയോഗിക്കുന്നുണ്ട്.