കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് തെങ്ങ്. തെങ്ങിന്റെ എല്ലാ ഭാഗവും തന്നെ ഓരോരോ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. തെങ്ങിന്റെ തേങ്ങ ചേർത്ത് നാം പലതരം കറികളും പലഹാരങ്ങളും ഉണ്ടാക്കുന്നു. ഓല ഉപയോഗിച്ച് വീടുകൾ മേയുകയും പായയും ഉണ്ടാക്കുന്നു. ഓലയുടെ ഈർക്കിൽ ഉപയോഗിച്ച് ചൂൽ ഉണ്ടാക്കുന്നു. കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങൾ ഉണ്ടാക്കാനും ഓല ഉപയോഗിക്കാറുണ്ട്. ദാഹം അകറ്റാൻ ഏറ്റവും നല്ലതാണ് ഇളനീർ. വിളയാത്ത തേങ്ങയെയാണ് ഇളനീർ എന്ന് വിളിക്കുന്നത്. ധാരാളം പോഷകഗുണമുള്ള പാനീയമാണ് ഇളനീർ. തേങ്ങ ഉണക്കി ആട്ടി എടുക്കുന്നതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ പാചകത്തിനായി ഉപയോഗിക്കുന്നു. തടി ഉപയോഗിച്ച് കസേരകളും മേശകളും കട്ടിലും മറ്റും പണിയാറുണ്ട്. തേങ്ങയുടെ പുറം ഭാഗമാണ് ചകിരി. ഇത് ഉപയോഗിച്ചാണ് കയർ ഉണ്ടാക്കുന്നത്. കൂടാതെ ചവിട്ടിയും മറ്റു കൗതുക വസ്തുക്കൾ ഉണ്ടാക്കാനും ചകിരി ഉപയോഗിക്കാറുണ്ട്. തേങ്ങയുടെ ചിരട്ട ഉപയോഗിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന തവികളും മറ്റും ഉണ്ടാക്കാറുണ്ട്, കൂടാതെ ധാരാളം കൗതുക വസ്തുക്കളും ചിലർ ഉണ്ടാക്കും. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും (തടി, മടൽ, ചിരട്ട, ചകിരി ....) തന്നെ വിറകിനായി ഉപയോഗിക്കാറുണ്ട്. ചില്ലകൾ ഇല്ലാത്ത ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്. ഏറ്റവും മുകൾ ഭാഗത്തായാണ് ഇലകളും കായകളും കാണുന്നത്. കുലകളായാണ് കായകൾ കാണുന്നത്. ഒരു കുലയിൽ തന്നെ ഏകദേശം നാൽപതോളം തേങ്ങകൾ കാണാറുണ്ട്.