ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Teacher's Note 23 November 2020

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
23/11/2020
     *TEACHER'S NOTE*
Std 2. Malayalam - 32.

            യൂണിറ്റ് 4
 *ഈ തെറ്റിന് ശിക്ഷയില്ല*

'ആരാണ് കേമി?' എന്ന് മൂന്നു പൂവുകൾ തർക്കിക്കുകയാണ്. അതിനിടയിലാണ് ഒരു പൂമ്പാറ്റക്കുട്ടൻ അതുവഴി പോയത്. അവന് അവരുടെ തർക്കം കേൾക്കാൻ സമയമില്ല. അവൻ കാട്ടിലെ വിശേഷം അറിയാൻ പോവുകയാണ്.

 *കാട്ടിൽ ആരൊക്കെ?*

പക്ഷികൾ
മൃഗങ്ങൾ
മരങ്ങൾ
പൂമ്പാറ്റകൾ
പുഴകൾ
-
ഇനിയും ആരൊക്കെയുണ്ടാവും? പറഞ്ഞു നോക്കാം.

 *കാട്ടിലെ മൃഗങ്ങൾ*

കാട്ടിലെ മൃഗങ്ങളുടെ പേരു പറഞ്ഞാലോ? പറഞ്ഞു കഴിഞ്ഞെങ്കിൽ എഴുതി നോക്കാം.
ആന
പുലി
മാൻ
കരടി
കഴിയുന്നത്ര മൃഗങ്ങളുടെ പേര് കണ്ടുപിടിച്ച് ഈ ലിസ്റ്റ് വിപുലീകരിച്ച് നോട്ട് ബുക്കിൽ എഴുതണം.

*പലതരം മണങ്ങൾ*

കാട്ടിൽ പലതരം മണങ്ങളുണ്ടാവും. പഴുത്ത പഴങ്ങളുടെ മണം, പൂക്കളുടെ മണം, ഇലകളുടെ മണം, ..... എല്ലാം അനുഭവിക്കണമെങ്കിൽ കാട്ടിലേക്ക് പോയി നോക്കുക തന്നെ വേണം.

*മണമുള്ള ഇലകൾ*

കറിവേപ്പില
നാരകം
തുളസി
എന്നീ ചെടികളുടെ ഇലകൾക്ക് നല്ല മണം ഉണ്ട്, അല്ലേ? ഇതുപോലെ മണമുള്ള ഇലകളുള്ള കൂടുതൽ ചെടികളുടെ പേര് കണ്ടുപിടിച്ച് നോട്ട് ബുക്കിൽ എഴുതാമോ?

*കിളി പറഞ്ഞത്*

അതുവഴി പോയ ഒരു ഓലേഞ്ഞാലി കിളി കാട്ടിലെ വിശേഷമെന്തെന്ന് നമ്മളോടു പറഞ്ഞു. ഉറവിടമറിയാത്ത വിശേഷപ്പെട്ട സുഗന്ധമാണ് കാട്ടിലെ പുതിയ വിശേഷം. അവൻ അത് കണ്ടു പിടിക്കാൻ പോവുകയാണ്.

*വായന*

ഇപ്പോൾ സുഗന്ധത്തിൻ്റെ ഉറവിടമെന്തെന്ന് അറിയാൻ നിങ്ങൾക്കും ആഗ്രഹം വന്നു തുടങ്ങി, അല്ലേ? നമ്മളെന്തിനാണ് കഷ്ടപ്പെടുന്നത്? പാഠപുസ്തകത്തിലെ കഥ വായിച്ചു നോക്കിയാൽ നമുക്ക് വിശേഷം അറിയാമല്ലോ.
      'ഈ തെറ്റിന് ശിക്ഷയില്ല' എന്ന കഥയുടെ രണ്ട് ഖണ്ഡികയാണ് ടീച്ചർ വായിച്ചു തന്നത്.

- എവിടെ നിന്നാണ് സുഗന്ധം വരുന്നത്?
കേശൻ രാജാവിൻ്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ ഒരു വിശേഷപ്പെട്ട പൂ വിരിഞ്ഞു നിൽക്കുന്നു. അതിൽ നിന്നാണ് സുഗന്ധം വരുന്നത്.

- സുഗന്ധത്തിൻ്റെ ഉറവിടം ആരാണ് ആദ്യം കണ്ടെത്തിയത്?
ഓലേഞ്ഞാലിക്കിളി

      ഇതുപോലെ വായിച്ച ഭാഗത്തു നിന്നും ചോദ്യങ്ങൾ കണ്ടെത്തി നിങ്ങളും പരസ്പരം ചോദിക്കണം.

*കണ്ടെത്താം*

സുഗന്ധം
ഓലേഞ്ഞാലിക്കിളിയാണ്
കേശൻ രാജാവിൻ്റെ
പൂന്തോട്ടത്തിൽ
മോഹം
എന്നീ വാക്കുകളാണ് നമുക്ക് പാഠഭാഗത്തു നിന്ന് കണ്ടെത്താനുള്ളത്. ഇവ കണ്ടെത്തി വാക്കുകൾക്കു ചുറ്റും വട്ടമിടണേ.

 *ആ പൂ വരയ്ക്കാം*

വിശേഷപ്പെട്ട ആ പൂവിൻ്റെ പ്രത്യേകതകൾ എന്തൊക്കെയായിരിക്കും? അതിന് എത്ര വലിപ്പമുണ്ടാവും? ഏതൊക്കെ നിറങ്ങളുണ്ടായിരിക്കും? ഒന്നു ഭാവനയിൽ കണ്ടു നോക്കൂ.
        നിങ്ങളുടെ ഭാവനയിലെ പൂവിൻ്റെ ചിത്രം വരച്ച് നിറം കൊടുത്ത് ഭംഗിയാക്കി ഗ്രൂപ്പിൽ ഫോട്ടോ ഇടണേ.
        കഥയുടെ ബാക്കി ഭാഗം നമുക്ക് അടുത്ത ക്ലാസ്സിൽ പഠിക്കാം. ഇപ്പോഴേ അറിയണമെങ്കിൽ തനിയെ വായിച്ചു നോക്കിക്കൊള്ളൂ.

*Your Class Teacher*

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !