കുട്ടികൾക്കായി ഒരു കുട്ടിക്കവിത കരടിയുമായി ബന്ധപ്പെട്ട ഒരു ചെറിയ കവിത......
കാട്ടിൻ നടുവിലെയാൽമരച്ചോട്ടിലായ്
കിട്ടൻ കരടിതൻ വിദ്യാലയം
കുട്ടിക്കരണം മറിയാൻ പഠിക്കുവാൻ
കുട്ടിക്കുരങ്ങുകളെത്തിയപ്പോൾ
മണ്ണു തുളച്ചൊരു മാളം പണിയുവാൻ
ചുണ്ടെലിക്കൂട്ടം പഠിച്ചു വേഗം
തത്തമ്മക്കുഞ്ഞുങ്ങൾ നൃത്തം പഠിക്കുമ്പോൾ
നത്തിന്റെ താളം കുയിൽപ്പാട്ടുമായ്
തേൻ കൂടെടുക്കാൻ പഠിക്കുവാനത്തീ
കരടിക്കിടാങ്ങളഞ്ചാറു പേരും
കൂകിത്തെളിഞ്ഞ കുറുക്കൻ കിടാങ്ങളോ
കാടിനെമൊത്തമിളക്കിയല്ലോ
സിംഹകുമാരനങ്ങെത്തി ഭരണത്തിൻ
ചാതുര്യമൊക്കെപ്പഠിക്കുവാനായ്
കാട്ടിലെ പൈതങ്ങളൊത്തുകൂടി
പാഠം പഠിച്ചു മിടുക്കരായി
രചന :- ഹരീഷ് ആർ നമ്പൂതിരിപ്പാട്