Gecko (പല്ലി)

Mash
0
ഉത്തരത്തിലും ഭിത്തിയിലുമൊക്കെക്കൂടി യാതൊരു കൂസലുമില്ലാതെ നടന്നുപോകുന്ന പല്ലിയെ കണ്ടില്ലേ? എന്തുകൊണ്ടാണ് ഇവ ഇത്തരത്തിൽ അടിയിൽകൂടി സഞ്ചരിച്ചാൽ പോലും പിടിവിട്ട് താഴെ വീഴാത്തത്? പല്ലികളുടെ കാലിന്റെ പ്രത്യേകത കൊണ്ടാണിത്. പൂച്ചയുടെ കാലിന്റെ അടിവശം കൂട്ടുകാർ കണ്ടിട്ടുണ്ടാവുമല്ലോ! അല്പം തടിച്ചുയർന്ന് പതുപതുത്തതാണിത്.
ഇതുപോലെ പല്ലിയുടെയും കൈകാലുകളുടെ അടിഭാഗം വളരെ പതുപതുത്തതാണ്. ഇതിനെ 'പാഡ്' എന്നാണ് പറയുക. ഈ പാഡിനുള്ളിൽ ധാരാളം ചെറിയ കൊളുത്തുകളുണ്ട്. ഭിത്തിയുടേയും മറ്റും പ്രതലത്തിലുള്ള തീരെ ചെറിയ കുഴികളിൽ ഈ കൊളുത്തുകൾ ഉറപ്പിച്ചാണ് പല്ലി മുൻപോട്ട് നീങ്ങുന്നത്. അതുകൊണ്ടാണ് ഇവ താഴെ വീഴാത്തതും.
ജീവൻ രക്ഷിക്കാൻ വാൽ വിദ്യ 
കാലിന് മാത്രമല്ല വാളിനുമുണ്ട് ചില പ്രത്യേകതകൾ. പല്ലി ഏതെങ്കിലും ശത്രുവിന്റെ മുൻപിൽ പെട്ടാൽ അവ വാലിളക്കാൻ തുടങ്ങും. ശത്രുവിന്റെ ശ്രദ്ധ തിരിക്കാനുള്ള സൂത്രമാണിത്. എന്നിട്ടും രക്ഷയില്ലെന്നു വന്നാൽ വാൽ മുറിച്ചുകൊടുക്കും. മുറിഞ്ഞു പോയ വാൽ കുറേ നേരത്തേയ്‌ക്ക് നിർത്താതെ പിടച്ചുകൊണ്ടിരിക്കും. ഇതിനിടയ്ക്ക് പല്ലി ജീവനും കൊണ്ട് രക്ഷപെടുകയും ചെയ്യും!
ഇങ്ങനെ വാൽ മുറിക്കുന്നതുകൊണ്ട് പല്ലിയ്ക്ക് കുഴപ്പമൊന്നും സംഭവിക്കാറില്ല. മൂന്നോ നാലോ തവണ പൊഴിച്ചുകളഞ്ഞാലും പല്ലിയുടെ വാൽ വീണ്ടും മുളച്ചുവരാറുണ്ട്.

ഭക്ഷണം വാലിൽ!
ശത്രുക്കൾ മാത്രമല്ല പല്ലിയുടെ വാൽ ശാപ്പിടുന്നത്. സ്വന്തം വർഗക്കാരും ചിലപ്പോൾ അത് ചെയ്യാറുണ്ട്. ഭക്ഷണമൊന്നും കിട്ടാതെ വരുമ്പോൾ വലിയ പല്ലികൾ എന്തുചെയ്യുമെന്നോ?പാവം, ചെറിയ പല്ലികളുടെ വാല് അകത്താക്കും! പല്ലികളുടെ വാലിൽ കൊഴുപ്പാണ് സംഭരിച്ചു വച്ചിരിക്കുന്നത്. ഭക്ഷണം കിട്ടാതെ വരുന്ന സമയങ്ങളിൽ വാലിലെ കൊഴുപ്പ് ഇവർ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ഭക്ഷണത്തിന് ദൗർലഭ്യം ഉണ്ടാകുന്ന കാലങ്ങളിൽ പല്ലികൾ ശത്രുക്കളുടെ മുൻപിൽ പെട്ടാലും വാൽ മുറിക്കൽ വിദ്യ പ്രയോഗിക്കാറില്ല.

വായാടികളായ ആണുങ്ങൾ 
പല്ലി ചിലയ്ക്കുന്നത് കൂട്ടുകാർ കേട്ടിട്ടില്ലേ? നമ്മൾ ചിലപ്പോൾ പൂച്ചകളെ വിളിക്കാനായി പുറപ്പെടുവിക്കുന്ന ഒച്ചയിലാണ് മിക്കപ്പോഴും പല്ലികൾ ചിലയ്ക്കുക. ആൺപല്ലികൾക്കു മാത്രമേ ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കാനുള്ള കഴിവുള്ളു. മറ്റു പല്ലികളുമായി വഴക്കുണ്ടാക്കുമ്പോഴോ ആക്രമിക്കാൻ ഒരുങ്ങുമ്പോഴോ ഒക്കെ ഇവ സാധാരണയിലും ഉറക്കെ വേഗത്തിൽ ചിലയ്ക്കാറുണ്ട്. മിക്കപ്പോഴും എവിടെയെങ്കിലും മറഞ്ഞിരുന്നുകൊണ്ടായിരിക്കും പല്ലികൾ ശബ്ദം ഉണ്ടാക്കുക.

ഞങ്ങൾ ഒരേ കുടുംബം 
ഓന്ത്, അരണ, ഉടുമ്പ്, പല്ലി ഇവയെല്ലാം ഒരേ കുടുംബക്കാരാണ്. മൂവായിരത്തോളം വ്യത്യസ്ത ഇനങ്ങളുണ്ട് ഈ വമ്പൻ കുടുംബത്തിൽ. ഇന്ത്യയിൽ 2270 ഇനത്തിൽപെട്ട പല്ലികളെ ഇതുവരെ കണ്ടെത്തിയീട്ടുണ്ട്. ഓരോ വർഷവും പത്തു പതിനഞ്ചോളം പുതിയ ഇനങ്ങളെ കണ്ടെത്തുന്നുമുണ്ട്. കാടുകളിലും മറ്റും ആരുടേയും ശ്രദ്ധയിൽ പെടാതെ കഴിഞ്ഞിരുന്ന വിരുതന്മാരാണ് അവർ. പുഴപ്പല്ലി, തടിപ്പല്ലി, മഞ്ഞവയറൻ വീട്ടുപല്ലി, ഏഷ്യൻ വീട്ടുപല്ലി എന്നിവയാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പല്ലികൾ.  ഏഷ്യൻ വീട്ടുപല്ലിയാണ് നമ്മുടെ വീടുകളിൽ ഉള്ളത്. വീട്ടിൽ കാണുന്ന പല്ലികൾ എല്ലാത്തിനും ഒരേ നിറമായിരിക്കില്ല. ചിലതിന് ഇളം തവിട്ട് നിറമായിരിക്കും. മറ്റു ചിലതിന് കടും തവിട്ട്. ശരീരം നിറയെ പുള്ളികളും അടയാളങ്ങളും ഉള്ളവരുമുണ്ട്. വളരെ മൃദുലമാണ് പല്ലിയുടെ പുറം തൊലി. അതുകൊണ്ടു തന്നെ ഇവയ്ക്ക് വേഗം പരിക്ക് പറ്റുകയും ചെയ്യും. 
ചെറുപ്രാണികളും ചിലന്തിയുമാണ് പ്രധാന ആഹാരം. ഉറുമ്പുകളെ തിന്നാറില്ല. വലിയ ഇരകളെ വായിലാക്കിയാൽ എവിടെയെങ്കിലും ശക്തിയായി അടിച്ചു കൊല്ലുന്ന ശീലവും ഇവയ്ക്കുണ്ട്. നമ്മുടെ വീടുകളിൽ കാണുന്ന പല്ലികൾക്ക് സാധാരണയായി 12 മുതൽ 15 സെന്റിമീറ്റർ നീളമേ ഉണ്ടാകാറുള്ളൂ. മിക്ക പല്ലികളും മുട്ടകളിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നവരാണ്. ചിലയിനം പാമ്പുകളെപ്പോലെ വയറിനുള്ളിൽ മുട്ടയിട്ട് വിരിയിച്ചു പ്രസവിക്കുന്ന ഏതാനും പല്ലികളും ഉണ്ട്.

ഗൗളിശാസ്ത്രം 
ഗൗളിശാസ്‌ത്രം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? ഇതിന് യഥാർത്ഥ ശാസ്‌ത്രവുമായി ഒരു ബന്ധവുമില്ല കേട്ടോ. പല്ലി ചിലയ്ക്കുന്ന സമയം, സ്ഥലം എന്നിവ നോക്കി ചിലർ ഫലം പറയാറുണ്ട്. അതുപോലെ പല്ലി ദേഹത്തുവീണാലും ചിലർ അതിന്റെ ഫലം പറയും. ഇങ്ങനെ പറയുന്ന രീതിക്കാണ് ഗൗളിശാസ്‌ത്രം എന്ന് പറയുന്നത്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !