വെണ്ണക്കണ്ണൻ - കൃഷ്ണഗാഥയ്ക്ക് പിന്നിലെ ഐതിഹ്യം

RELATED POSTS

കോലത്തിരി നാട്ടിലെ രാജാവായിരുന്നു ഉദയവർമ്മൻ. അദ്ദേഹം ചെറുശേരി നമ്പൂതിരിയുമായി ചതുരംഗം (Chess) കളിക്കുകയായിരുന്നു. തൊട്ടടുത്തായി തൊട്ടിലിൽ കുട്ടിയെ കിടത്തി താരാട്ടുപാടി ഉറക്കുകയാണ് രാജപത്നി. ചതുരംഗക്കളിയിൽ വിദഗ്ദ്ധയായ രാജ്ഞി കളിയിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോൾ കണ്ടത് അടിയറവ് പറയാനൊരുങ്ങുന്ന രാജാവിനെയാണ്. ഒരു നീക്കം കൂടി പിഴച്ചാൽ രാജാവിന് തോൽവി ഉറപ്പ്. കുട്ടിയെ താരാട്ടു പാടി ഉറക്കാനെന്ന മട്ടിൽ
"ഉന്തുന്തു/ന്തുന്തുന്തു/ന്തുന്തുന്തു /ന്തുന്തുന്തു
ന്തുന്തുന്തു /ന്തുന്തുന്തു /ന്താളെയുന്ത്"
എന്ന് രാജ്ഞി പാടി. അർഥം മനസ്സിലാക്കിയ രാജാവ് കാലാൾ കരു നീക്കി പരാജയത്തിൽ നിന്നും കരകയറി. സന്തുഷ്ടനായ രാജാവ് പത്നി പാടിയ ഈണത്തിൽ ഒരു കാവ്യം രചിക്കാൻ ചെറുശ്ശേരിയോട് ആവശ്യപ്പെട്ടുവെന്നും അപ്രകാരം രചിക്കപ്പെട്ടതാണ് കൃഷ്ണഗാഥയെന്നുമാണ് ഐതിഹ്യം.
കൃഷ്ണഗാഥയ്ക്ക് കൃഷ്ണപ്പാട്ട് എന്നും പറയും. ഭാഗവതം ദശമസ്‌കന്ധത്തെ ആസ്പദമാക്കി കൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥയാണ് കൃഷ്ണഗാഥയുടെ ഇതിവൃത്തം. കൃഷ്ണഗാഥയെ ആധാരമാക്കി മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പഴക്കമുള്ള കൃതിയാണിത്. സംഗീതാത്മകമായ മഞ്ജരിവൃത്തത്തിലാണ് കാവ്യം രചിച്ചിരിക്കുന്നത്.
കൃഷ്ണഗാഥയുടെ രചന.
കോലത്തുനാട്ടുരാജാവായ ഉദയവര്‍മന്റെ നിര്‍ദേശപ്രകാരമാണ് കൃഷ്ണഗാഥ രചിച്ചതെന്ന് കാവ്യത്തില്‍ തന്നെ സൂചനയുണ്ട്.
''പാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവര്‍മ്മന്‍
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോള്‍!
എന്ന് കാവ്യാരംഭത്തിലും
ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയ വര്‍മ്മണഃ
കൃതയാം കൃഷ്ണഗാഥയാം
കൃഷ്ണസ്സ്വര്‍ഗ്ഗതിരീരിതാ!''
എന്ന് അവസാനത്തിലും പറഞ്ഞിരിക്കുന്നു.

MAL4 U1Post A Comment:

0 comments: