നാട്ടിലെ വൃക്ഷങ്ങൾ

Mash
0
നമ്മുടെ വീടിന്റെ ചുറ്റുപാടുകളിൽ കാണപ്പെടുന്ന ചില സസ്യങ്ങളെ നമ്മുക്ക് ഈ പരിസ്ഥിതി ദിനത്തിൽ പരിചയപ്പെടാം.... അവയുടെ ഇംഗ്ലീഷ് നാമം എന്താണെന്നും അറിയാം.. നിങ്ങളുടെ വീട്ടുപറമ്പിൽ ഉള്ള മരങ്ങളിൽ ഇവയെ തിരിച്ചറിഞ്ഞു പേരുകൾ രേഖപ്പെടുത്തൂ...
ഈട്ടി 
English Name :- Rose Wood 
ലോകത്ത് ഏറ്റവും പ്രിയമുള്ള ഭാരതീയ വൃക്ഷമാണ് ഈട്ടി. ഇവ വീട്ടി എന്നും അറിയപ്പെടുന്നു. ഭാരതത്തിൽ കേരളത്തിൽ വളരുന്ന ഈട്ടിയാണ് ഒന്നാംതരം. ഈട്ടിയുടെ ജന്മദേശം മലേഷ്യയാണ്. ഈട്ടിക്ക് തേക്കിനേക്കാൾ വളർച്ച കൂടുതലാണ്. ഈട്ടിത്തടിയുടെ നിറം ചുവപ്പുകലർന്ന കറുപ്പാണ്. എന്നാൽ നേർത്ത കറുപ്പും റോസ് നിറവുമുള്ളവയും കണ്ടുവരാറുണ്ട്.
തേക്ക് 
English Name :- Teak
തേക്കിന്റെ യഥാർത്ഥ ആവാസഭൂമി തെക്കു കിഴക്കൻ ഏഷ്യയാണ്. ദൃഢദാരുക്കളിൽ ഏറ്റവും മികച്ചതായ തേക്കിനെ തരുരാജൻ എന്നും വിശേഷിപ്പിക്കുന്നു. ഇവയ്‌ക്ക് ശിഖരങ്ങൾ കുറവാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്നയിടത്ത് ഉയരത്തിൽ ഇവ വളരും. ലോകത്ത് ആദ്യമായി തേക്കിൻതോട്ടം ആരംഭിച്ചത് കേരളത്തിലാണ്. ഇന്ത്യയിൽ വച്ചേറ്റവും ഉയരമുള്ള തേക്ക് പറമ്പികുളത്താണ് ഉള്ളത്.
വാളൻപുളി 
English Name :- Tamarind 
ആഫ്രിക്കയിൽ നിന്നെത്തിയ ആരതിഥിയാണ് വാളൻപുളി. ഇലയ്ക്ക് പുളിരസമുണ്ട്. നിലത്തു വീഴുന്ന ഇലകൾ ദ്രവിക്കാൻ സമയമെടുക്കുന്നതിനാൽ പുളിമരത്തിന് ചുവട്ടിൽ അപൂർവമായേ മറ്റ് സസ്യങ്ങൾ വളരൂ. വാളൻപുളിയിൽ നിന്ന് ലഭിക്കുന്ന കായ നമ്മൾ പല കറികളിലും ഉപയോഗിക്കാറുണ്ട്.
കശുമാവ് 
English Name :- Cashew Nut
കശുമാവ് ഒരു ഭോജ്യഫലം (കഴിക്കാൻ സാധിക്കുന്ന ഫലം) നൽകുന്ന വൃക്ഷമാണ്. ചിലയിടങ്ങളിൽ പറങ്കിമാവ് എന്നും ഇവ അറിയപ്പെടുന്നു. ഇവയുടെ സ്വദേശം ബ്രസീൽ ആണ്. കശുമാവിന്റെ ഉണങ്ങിയ കശുവണ്ടി സംസ്കരിച്ചാണ് അണ്ടിപ്പരിപ്പ് എടുക്കുന്നത്. ഇത് നാം കേക്കിലും പായസത്തിലും മറ്റും ഇടാറുണ്ട്. വളരെ വിലയേറിയ പരിപ്പാണ് ഇതിന്റേത്.
ഇലഞ്ഞി 
English Name :- Bullet Wood Tree 
ഒരു ഇടത്തരം വൃക്ഷമാണ് ഇലഞ്ഞി. ഇവയുടെ പൂക്കാലം വേനൽക്കാലത്ത് ആരംഭിക്കും. വെള്ള നിറത്തിലുള്ള ഇവയുടെ പൂക്കൾക്ക് വളരെ നല്ല സുഗന്ധമാണ്. പൂക്കൾക്ക് നക്ഷത്ര ആകൃതിയാണ് ഉള്ളത്. ഇവയുടെ പൂക്കൾ ഒരുമിച്ചു പൊഴിയുന്നതിനാൽ ഒരു പൂമഴയുടെ പ്രതീതി ഉണ്ടാക്കുന്നു. ഇലഞ്ഞി ഒരു നിത്യഹരിത മരമാണ്.
പൂവരശ് 
English Name :- Portia Tree 
പൂവരശ് വർഷത്തിൽ ഉടനീളം പുഷ്പിക്കും. ഇവയുടെ പൂക്കൾ വലുതും മഞ്ഞനിറത്തിൽ ഉള്ളതും കപ്പിന്റെ ആകൃതി ഉള്ളവയുമാണ്. വിടർന്ന പൂവുകളുടെ ദളങ്ങളുടെ ഇടയിൽ ചോക്ലേറ്റ് നിറമുണ്ട്. പൂവരശിന്റെ തടിയ്‌ക്ക് വളരെയേറെ ഈടും ഉറപ്പുമുണ്ട്.
ചുവന്ന മന്ദാരം 
English Name :- Purple Bauhinia 
ഇന്ത്യയിലും ചൈനയിലും കാണപ്പെടുന്ന വൃക്ഷം. ചില സ്ഥലങ്ങളിൽ കോവിദാരം എന്നും ഇത് അറിയപ്പെടുന്നു.ഹോങ്കോങ്ങ് ഓർക്കിഡ്, പർപ്പിൾ ക്യാമൽ ഫൂട്ട്, ഹവിയാൻ ഓർക്കിഡ് എന്നൊക്കെ പേരുകളിലും അറിയപ്പെടുന്നു. വലിയ മലയത്തി എന്നും പേരുണ്ട്. ചുവന്ന നിറമുള്ള ഇവയുടെ പൂക്കൾ അതി മനോഹരമാണ്. ഇവയുടെ തടിയ്ക്ക് ഒരുവിധം ഉറപ്പും ബലവുമുണ്ട്.
മരോട്ടി  
English Name :- Chaulmoogra
മരോട്ടി നല്ലൊരു ഔഷധ വൃക്ഷമാണ്. ഇന്ത്യ,മ്യാൻമാർ എന്നീ രാജ്യങ്ങളിൽ മരോട്ടി കണ്ടുവരുന്നു. മരോട്ടിയുടെ കായ് ഗോളാകൃതിയിലുള്ളതും പുറംതോട് കട്ടിയുള്ളതുമാണ്. മരോട്ടിക്കുരു ആട്ടി ലഭിക്കുന്ന എണ്ണ ഔഷധമായും ഉപയോഗിക്കുന്നു.കോടി, മരവെട്ടി, നീർവട്ട, നീർവെട്ടി എന്നെല്ലാം പേരുകളുണ്ട്. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്. വിത്തിൽ നിന്നും കിട്ടുന്ന മഞ്ഞനിറമുള്ള എണ്ണ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. പഴം മൽസ്യങ്ങൾക്ക് വിഷമാണ്. മരോട്ടിയുടെ തടിയ്‌ക്ക് ഈടും ബലവും കുറവാണ്.
പ്ലാവ്
 
English Name :- Jack Tree
സാധാരണക്കാരന്റെ മരം എന്ന ഖ്യാതി ലഭിച്ച വൃക്ഷമാണ് പ്ലാവ്. കേരളത്തിലെ നാട്ടിൻ പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന വൃക്ഷമാണിത്. പ്ലാവിൽ തന്നെ രണ്ടു വിഭാഗങ്ങളുണ്ട്, വരിക്കയും കൂഴയും. പ്ലാവിന്റെ തടി പ്രസിദ്ധമാണ്. വരിക്കപ്ലാവിന്റെ വിറകാണ് ഗണപതിഹോമത്തിനും മറ്റും ഉപയോഗിക്കുന്നത്.പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു.
ബദാം  
English Name :- Almond Tree
പൂന്തോട്ടവും വീട്ടുമുറ്റവും അലങ്കരിക്കുന്ന ഒരു ഇടത്തരം വൃക്ഷമാണ് ബദാം. ഡിസംബർ-ജനുവരിയിൽ ഇല കൊഴിയും. അതിന് ശേഷം ഇവയുടെ പൂക്കാലം ആരംഭിക്കും. ബദാമിന്റെ ഫലത്തിലെ മാംസളമായ ഭാഗവും വിത്തും ഭക്ഷ്യയോഗ്യമാണ്.ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്.
ആഞ്ഞിലി
 
English Name :- Wild Jack Tree
കാട്ടിലും നാട്ടിലും വളരുന്ന ഒരു വൻ വൃക്ഷമാണ് ആഞ്ഞിലി. അയണി, അയിണി അഥവാ അയിനിപ്പിലാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു. തേക്കിനേക്കാൾ ഉയരത്തിൽ വളരുന്നവയാണ് ഇവ. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്.ആഞ്ഞിലിയുടെ കാതലിന് ബലവും ഈടും ഭംഗിയും ഉള്ളതിനാൽ വീടുപണിക്കും ഫർണീച്ചർ നിർമ്മാണത്തിനും ധാരാളമായി ഉപയോഗിക്കുന്നു.
മാവ്  
English Name :- Mango Tree
കേരളത്തിന്റെ നാട്ടുപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. ഏറ്റവുമധികം പൂക്കൾ ഉണ്ടാകുന്ന വൃക്ഷമാണ് മാവ്. ഒട്ടുമാവ്, കപ്പമാവ് എന്നിങ്ങനെ മാവ് പലതരമുണ്ട്. മാവിന്റെ തടിക്ക് ഈടും ഉറപ്പും കുറവാണ്. ഇതിന്റെ ഫലമാണ്‌ മാങ്ങ. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌.
പേര
 
English Name :- Guava Tree
കഠിനമായ ശൈത്യമില്ലാത്തതും നനവൂർന്നതുമായ മണ്ണിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഇത്. വർഷത്തിന്റെ പകുതിയും ഫലം നൽകുന്ന വൃക്ഷമാണ്.ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവയുടെ ഫലത്തിന്റെ ആകൃതി, വലിപ്പം എന്നിവ വ്യത്യസ്തമാണ്. ഇവയുടെ ഫലത്തിൽ ധാരാളം വിറ്റാമിനുകൾ, ഇരുമ്പ്, പ്രോട്ടീൻ എന്നിവയുണ്ട്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !