കടങ്കഥ പാട്ടുകൾ

Mash
0
അമ്പിളിക്കലപോൽ വളഞ്ഞ മെയ്യ്
അമ്മൂമ്മക്കില്ലൊറ്റ പല്ലുപോലും
പല്ലില്ലയെങ്കിലും പുല്ലുപോലെ
പുല്ലും ചെടിയും മുറിച്ചുമാറ്റും
ഉത്തരം :- അരിവാൾ

നീണ്ടുകിടക്കും നീർക്കോലിപ്പെണ്ണിനു
പള്ളയിലുണ്ടൊരു ഭൂഗോളം
ഭൂഗോളത്തെ വെട്ടിമുറിച്ചാൽ
മുത്തു പൊഴിഞ്ഞിടുമയ്യയ്യാ!
ഉത്തരം :- മത്തങ്ങ

ഭൂഗോളംപോൽ വീട്
വീടിനു പുറമേ പച്ചനിറം
വീടിന്നകമോ വെള്ളനിറം
അകത്തുമുറികൾ ചോപ്പുനിറം
മുറികൾക്കുള്ളിൽ കുട്ടികളുണ്ട-
വരുടെ മേനി കറുപ്പുനിറം
വീടും മുറിയും കുട്ടികളും
ചേർന്നാൽ ആഹാ, ആശ്വാസം.
ഉത്തരം :- തണ്ണിമത്തൻ
വിശറി വീശി നടക്കുന്നു
ചൂട്ടു മിന്നിച്ചു നടക്കുന്നു
ചങ്ങലയിട്ടു നടക്കുന്നു
ആരാണെന്നു പറയാമോ?
ഉത്തരം :- ആന
വെക്കാൻ വിളമ്പുവാൻ ഞാനൊരാള്
ഭക്ഷിക്കുവാൻ നിങ്ങളേറെയാള്
രുചിപോലും നോക്കാതെ സർവവും ഞാൻ
തരുമല്ലോ ഞാനാര്? നിങ്ങൾ ചൊല്ല്.
ഉത്തരം :- തവി
ഒറ്റക്കാലൻ വിരുതനിവൻ
ഒറ്റയ്‌ക്കെങ്ങും പോകില്ല
കൂനിക്കൂടിയിരിക്കുമ്പോൾ
കാലുപിടിച്ചാൽ കൂടെവരും
മഴയും വെയിലും കൊള്ളാതെ
മറയായ് നിൽക്കും ഇവനാര്?
ഉത്തരം :- കാലൻകുട
കുപ്പിയിലുള്ളൊരു 'പൂ'വാണേ!
തലയിൽ ചൂടും 'പൂ'വാണേ!
അഴുക്കു നീക്കും 'പൂ'വാണേ!
'പൂ'വിൻ പെരത് പറയാമോ?
ഉത്തരം :- ഷാംപൂ
കറിയുണ്ടാക്കാൻ ഞാൻ വേണം
രുചിയുണ്ടാവാൻ ഞാൻ വേണം
കടലിൽ നിന്നു വരുന്നൂ ഞാൻ
തരിമണിയായി വരുന്നൂ ഞാൻ
കറിയിൽ എൻതരിയേറുമ്പോൾ
എന്തൊരു കയ്പാണയ്യയ്യോ
എങ്കിലുമെന്നുടെ രുചിയില്ലേൽ
എല്ലാവർക്കും സങ്കടമാ !
ഉത്തരം :- ഉപ്പ്
തട്ടിൻപുറത്തൂടോടി നടക്കും
സൂത്രക്കാരനെയറിയാമോ?
ഇരുട്ടു വീണു കിടക്കുമ്പോൾ
പമ്മിപ്പമ്മിപ്പാഞ്ഞെത്തും
കാണുവതെല്ലാം കരണ്ടുതിന്നും
സൂത്രക്കാരനെയറിയാമോ?
ഉത്തരം :- എലി
പേരിൽ പോത്തുണ്ടെന്നാലോ
പേരിനു പോലും പോത്തില്ല!
കൊമ്പും വലുമെനിക്കില്ല.
വമ്പുകൾ കാട്ടി നടക്കില്ല.
ചേലിൽ കാലുകൾ നാലില്ല,
ഇലയും പുല്ലും തിന്നില്ല,
ചിറകുവിരിച്ചു പറന്നീടും,
ചെറുപ്രാണികളെ തിന്നീടും,
ചിറകിനു ചെന്നിറമാണല്ലോ,
ചില്ലയിലെന്നെ കാണാലോ!
ഉത്തരം :- ചെമ്പോത്ത്

(getButton) #text=(കൂടുതൽ കടങ്കഥാ പാട്ടുകൾ) #icon=(link) #color=(#ff000)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !