കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

Mash
0
കൊറോണ മാര്‍ച്ച് മാസം അവധി പ്രഖ്യാപിച്ചിരിക്കുന്നു.
അങ്കണവാടി മുതല്‍ ഏഴാം ക്ലാസുവരെയുളള കുട്ടികളാണ് വീട്ടില്‍ കഴിയേണ്ടത്.
കേരളസിലബസായാലും ഐ സി എസ് ഇ ആയാലും സി ബി എസ് ഇ ആയാലും കുട്ടികള്‍ വിദ്യാലയത്തില്‍ പോകാന്‍ പാടില്ല
സ്കൂള്‍ വണ്ടികള്‍ വരില്ല.
ഇത്  എങ്ങനെ നേരിടും എന്നായിരിക്കും ബഹുഭൂരിപക്ഷം രക്ഷിതാക്കളും ആലോചിക്കുക
മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് ( സ്ഥിരമായാലും താല്കാലികമായാലും) പോകുന്നവരുടെ വീടുകളിലാണ് പ്രശ്നം
പൊതുപരിപാടികളിലോ വ്യക്തിത്വവികസനക്യാമ്പുകളിലോ മതപാഠശാലകളിലോ ഒന്നും അയക്കാനാകില്ല.
ഫലമോ? കുട്ടി ഏകാന്ത തടവിലാക്കപ്പെടും
അല്ലെങ്കില്‍  കമ്പ്യൂട്ടര്‍ ഗെയിമുകളിലേക്ക് ഒതുക്കപ്പെടും
നമ്മുക്ക് നാട്ടിലെ കുട്ടികളുടെ അയല്‍പക്കകൂട്ടായ്മ തിരിച്ചു പിടിക്കാനുളള അവസരമാണിത്.
രണ്ടോ മൂന്നോ വീട്ടിലെ നാലഞ്ച് കുട്ടികള്‍ മതി.
ഒരു വീട്ടിലെ ആരെങ്കിലും കുട്ടികളുടെ പ്രവര്‍ത്തനക്കൂട്ടുകാരാകണം
അവര്‍ക്ക് ഒന്നിച്ച് ചെയ്യുനുളള പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണം
എന്തെല്ലാം ആകാം?
ഒന്ന്) പുസ്തക വായന
നല്ല നല്ല കുഞ്ഞു പുസ്തകങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. അത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ ബി ടി, ശാസ്ത്രസാഹിത്യപരിഷത്ത്, ഡി സിബി, എന്‍ ബി എസ് തുടങ്ങിയവരുടെയാകാം. മതേതരസംസ്കാരത്തെ വളര്‍ത്താനുതകുന്നത്,  ഭാവനപോഷിപ്പിക്കുന്നത്, ശാസ്ത്രബോധം വികസിപ്പിക്കുന്നത്...ഇങ്ങനെ വായനാതാല്പര്യം വര്‍ധിപ്പിക്കാന്‍ സഹായകമായ പുസ്തകങ്ങളാണ് സംഘടിപ്പിക്കേണ്ടത്. പൊതുവിജ്ഞാനം മാത്രം ലക്ഷ്യമിട്ട് പുസ്തകങ്ങള്‍ വാങ്ങി നല്‍കിയാല്‍ എളുപ്പം കുട്ടികള്‍ വായനനിറുത്തും. ആനുപാതിക പ്രാതിനിധ്യം ഉണ്ടാകണം.
തുടക്കത്തില്‍ എല്ലാ പ്രായക്കാരെയും ഒന്നിച്ചിരുത്തി ഉറക്കെ പുസ്തകം വായിച്ചു കേള്‍പ്പിക്കാം. ഇതിന് ചെറിയ പുസ്തകങ്ങളാണ് നല്ലത്. സചിത്ര പുസ്തകങ്ങളും ആകാം.
കൂട്ടത്തിലെ മുതിര്‍ന്ന കുട്ടികള്‍ക്കും വായിച്ചുകേള്‍പ്പിക്കാം. ഇങ്ങനെ പുസ്തകം ആസ്വാദ്യമായി വായിക്കുന്നത് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പങ്കിടാം.
സ്വതന്ത്രവായനയ്കും ഇടം അനുവദിക്കണം. അവര്‍ അതിലേക്ക് പ്രവേശിക്കണമെങ്കില്‍ പുസ്തകത്തെ ആകര്‍ഷകമായി പരിചയപ്പെടുത്തണം. ശ്രീ രാജേഷ് വളളിക്കോട് കുഞ്ഞുവായന എന്ന പേരില്‍ ഒരു ബ്ലോഗ് ആരംഭിച്ചിരുന്നു. അതില്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന വ്യത്യസ്ത രീതികളുണ്ട്. അത്തരം സാധ്യതകള്‍ ഉപയോഗിക്കാം.
രണ്ട്) ആവിഷ്കാരങ്ങള്‍
വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കിയോ , കേട്ടവയെ അടിസ്ഥാനമാക്കിയോ സ്വന്തമായി വികസിപ്പിച്ചതോ ആയ പ്രമേയങ്ങളെ പ്രയോജനപ്പെടുത്തിയോ കുട്ടികള്‍ ലഘുനാടകങ്ങള്‍ അരങ്ങേറട്ടെ. ഈ ആവിഷ്കാരങ്ങള്‍ അയല്‍പക്ക സദസ്സുകളില്‍ അവതരിപ്പിക്കാം. അല്ലെങ്കില്‍ കുട്ടികള്‍ തന്നെ അവതരിപ്പിച്ച് ആസ്വദിച്ച് തീര്‍ക്കട്ടെ. അഭിനയവുമായി ബന്ധപ്പെട്ടും പുസ്തകങ്ങളുണ്ട്. ലഘുനാടകങ്ങളുണ്ട്. അവയൊക്കെ പ്രയോജനപ്പെടുത്താം.
മൂന്ന്) ചിത്രങ്ങളുടെ ലോകം
എല്ലാത്തരം ചിത്രരചനാമാധ്യമങ്ങളും കുട്ടികള്‍ക്ക് നല്‍കുക. അവര്‍ക്ക് ചില യുട്യൂബ് ട്യൂട്ടോറിയല്‍ കാണിച്ചും കൊടുക്കാം. അവര്‍ വൈവിധ്യമുളള ചിത്രങ്ങള്‍ വരയ്കട്ടെ. എഫോര്‍ ഷീറ്റ് നല്‍കണം. തോന്നുമ്പോളുളള വരയും ആസൂത്രിത സമയത്തുളള വരയുമാകാം. എന്തായാലും കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ അഭിനന്ദിക്കപ്പെടണം. അതിന്റെ പിന്നിലെ ചിന്ത, തെരഞ്ഞെടുത്ത പ്രമേയം, വീക്ഷണതലം, സൂക്ഷ്മനിരീക്ഷണപാടവം, നിറച്ചേരുവ എന്നിവയെല്ലാം അംഗീകാരത്തിനും പ്രോത്സാഹനത്തിനുമുളള പരിഗണനകളാണ്.
നാല്) കൗതുക വസ്തു നിര്‍മാണം
ഒറിഗാമി, പാഴ് വസ്തുക്കളുപയോഗിച്ചുളള നിര്‍മാണം, നാടന്‍ കളിപ്പാട്ട നിര്‍മാണം ഇവയെല്ലാം കുട്ടികള്‍ ഇഷ്ടപ്പെടും. അതില്‍ അറിവുളള ചേച്ചിക്കും ചേട്ടനും സഹായിക്കാം. കമുകിന്റെ പാളകൊണ്ട് മുഖംമൂടിയുണ്ടാക്കാം. അതിന്റെ വെളള വശത്ത് കോറത്തുണി നല്ല പശവെച്ച് ഒട്ടിക്കുകയാണെങ്കില്‍ ഈര്‍പ്പം വലിഞ്ഞ് ചുളുങ്ങിപ്പോകില്ല. ഇത്തരം മുഖം മൂടികള്‍ വെച്ച് കുട്ടികള്‍ കളികളിലേര്‍പ്പടട്ടെ. അരവിന്ദ്ഗുപ്തയുടെ പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്താം.
അഞ്ച്) താളമേളം
ഓലപ്പീപ്പി , ചിരട്ടച്ചെണ്ട എന്നിവ മുതല്‍ യഥാര്‍ഥ വാദ്യോപകരണങ്ങള്‍ വരെ ഉപയോഗിക്കാം. ചില താളവാദ്യോപകരണങ്ങള്‍ കുട്ടികള്‍ വികസിപ്പിക്കും. ചിലത് ഉപയോഗിക്കാന്‍ ചെറിയ പരിശീലനം ആവശ്യമാണ്. താളമിട്ട് പാടാനുളള ഹൃദ്യമായ അവസരം ഉണ്ടാകണം. കുട്ടികളുടെ സവിശേഷതകളിലൊന്നാണ് വൈവിധ്യം ഇഷ്ടപ്പെടുന്നുവെന്നത്. അതിനാല്‍ പാട്ടും മേളോമെല്ലാം അവര്‍ ആഗ്രഹിക്കുന്നുണ്ടാകും
ആറ് ) ശാസ്ത്രപരീക്ഷണങ്ങള്‍
ലഘുശാസ്ത്രപരീക്ഷണങ്ങള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടും. വീട്ടില്‍ കിട്ടാവുന്ന സാധനങ്ങള്‍ ഉപയോഗിച്ചുളള പരീക്ഷണങ്ങള്‍, കൊച്ചുകുട്ടികള്‍ക്ക് അത് കൗതുകമായിരിക്കും. മുതില്‍ന്ന കുട്ടികള്‍ക്ക് അത് ശാസ്ത്രീയാനുഭവവും. ജലപരീക്ഷണങ്ങള്‍ തന്നെ എത്രതരം? ബലൂണ്‍ ഉപയോഗിച്ചോ? ഞാന്‍ കുട്ടികള്‍ക്ക് ബലൂണ്‍, കുപ്പി എന്നിവ നല്‍കി വ്യത്യസ്തമായ അഞ്ച് പരീക്ഷണങ്ങള്‍ രൂപകല്പന ചെയ്ത് അവതരിപ്പിക്കാന്‍ പറഞ്ഞു. അവര്‍ എന്നെ അത്ഭുതപ്പെടുത്തി. നാലു ഗ്രൂപ്പുകളായി ഇരുപതില്‍പ്പരം പരീക്ഷണങ്ങള്‍! ലഘുപരീക്ഷണങ്ങള്‍ ചെയ്യാന്‍ സഹായകമായ പുസ്തകങ്ങള്‍ ലഭ്യമാണ്.  അവ ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട സംഗതി തെരഞ്ഞെടുക്കുന്ന വസ്തുക്കള്‍ അപകടസാധ്യതയുളളതാകരുത് എന്നതുമാത്രം.
ഏഴ് ) സര്‍ഗാത്മക രചന
കുട്ടികള്‍ കഥയോ കവിതയോ ഡയറിയോ വിവരണമോ എഴുതട്ടെ. അവരുടെ ചിന്തകള്‍ ,ഭാവന അവര്‍ക്കു തോന്നും വിധം ആവിഷ്കരിക്കട്ടെ. അത് വിലയിരുത്തി താരതമ്യം ചെയ്യാതിരുന്നാല്‍ മതി. ഉപയോഗിക്കുന്ന ഭാഷയുടെ ,ആവിഷ്കരിക്കുന്ന രീതിയുടെ , നിലപാടുകളുടെ ഒക്കെ വ്യത്യസ്തത കാണാനാകും. എല്ലാ രചനകളെയും മാനിക്കുകയും വേണം
എട്ട്) കടങ്കഥാപയറ്റ്
കടങ്കഥകള്‍ ഭാവനയുണര്‍ത്തും. ഭാഷാവികാത്തിനും സഹായകം. കടങ്കഥാപുസ്തകങ്ങള്‍ ലഭ്യമാണ്. അവ സംഘടിപ്പിച്ച് കൊടുത്താല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിച്ച് പങ്കെടുക്കാവുന്നതാണ് കടങ്കഥാ പയറ്റുകള്‍
ഒമ്പത് ) കുട്ടികളുടെ സിനിമകള്‍
കുമ്മാട്ടി പോലെയുളളവ ശേഖരിക്കണം, ഷോര്‍ട്ട് ഫിലിമുകളും ലഭ്യമാണ്. ചലചിത്രാസ്വാദനക്യാമ്പുകള്‍ നടത്തുന്നവരുമായി ബന്ധപ്പെട്ടാല്‍ അവ ശേഖരിക്കാവുന്നതേയുളളൂ. അവ കുട്ടികള്‍ കാണട്ടെ. ലയിക്കട്ടെ. ചെറു പ്രതികരണങ്ങളുമാകാം.
പത്ത്) ശേഖരണ പ്രവര്‍ത്തനങ്ങള്‍
എന്റെ കുട്ടിക്കാലത്ത് തീപ്പെട്ടികളുടെ ആവരണചിത്രം ശേഖരിക്കലായിരുന്നു ഒരുവിനോദം.എത്രതരം പക്ഷികളുടെയും വാഹനങ്ങളുടെയും ചിത്രങ്ങളായിരുന്നു അന്ന് കിട്ടിയത്. അവ തരംതിരിച്ച് ഒട്ടിച്ചു. തരംതിരിക്കലാണ് പഠനം എന്നു പറഞ്ഞ ഒരു വിദ്യാഭ്യാസ വിദഗ്ധനുണ്ട് ബ്രൂണര്‍. അതിനാല്‍ തരംതിരിക്കലിലൂടെ കുട്ടി പഠിക്കുന്നുണ്ട് എന്ന് മനസിലാക്കണം. സ്റ്റാമ്പ്ശേഖരണം, ഇലശേഖരണം, മണ്ണ് ശേഖരണം, വിത്തുശേഖരണം, ചിത്രശേഖരണം , പാട്ടുശേഖരണം ...അതെ എത്രയെത്ര സാധ്യതകള്‍.അങ്കണവാടിക്കുട്ടിക്കും അപ്പര്‍പ്രൈമറി കുട്ടികള്‍ക്കും ഏര്‍പ്പെടാം.
പതിനൊന്ന്) ലഘുപ്രോജക്ടുകള്‍
കുട്ടികള്‍ക്ക് ഒറ്റയ്കോ സംഘമായോ ചെയ്യാവുന്ന ലഘുപ്രോജക്ടുകള്‍ നല്‍കാം. വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ താല്പര്യത്തെയും ജിജ്ഞാസയെയും കണക്കിലെടുക്കണം. എത്രതരം അച്ചാറുകള്‍ നാട്ടിലുണ്ട്? നാരങ്ങ എത്രരീതികളില്‍ അച്ചാറാക്കുന്നുണ്ട്? അന്വേണ പ്രോജക്ടാക്കാം. നിര്‍മാണ പ്രോജക്ടാക്കാം.സഹായം വേണ്ടി വരും. നാട്ടുരുചികളിലേക്കുളള യാത്രകൂടിയാകും. പ്രോജക്ട് എന്ന് കേട്ട് വളരെ സങ്കീര്‍ണമായി ഒന്നായി കാണേണ്ടതില്ല. പലവിധ പ്രോജക്ടുകളെക്കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് മുതിര്‍ന്നവര്‍ വായിക്കുന്നത് നല്ലതാകും.
സര്‍ഗാത്മക ജനാധിപത്യക്കൂട്ടം.
അയല്‍പക്ക സര്‍ഗാത്മക സംഘമായി കുട്ടികള്‍ മാറുമ്പോള്‍ അവരെ ശ്രദ്ധിക്കാതെ പോകരുത്. ഒരു കണ്ണ് എപ്പോഴും വേണം. സ്വാതന്ത്ര്യം അനുവദിക്കണം. കുട്ടികളാകുമ്പോള്‍ ഇണങ്ങിയും പിണങ്ങിയുമാണ് വളരുക. ചെറിയ കാര്യത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാം. പിണങ്ങാം. അത്തരം സാഹചര്യങ്ങളില്‍ പക്ഷം പിടിക്കാതെ അവര്‍ക്കുതന്നെ ജനാധിപത്യപരമായി ഉചിതമായ തീരുമാനമെടുക്കാന്‍ അവസരം ഒരുക്കുക. മറ്റൊരു നല്ല പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പിണക്കത്തെ അലിയിച്ചു കളയുക.
 കുട്ടികളുടെ എണ്ണം വളരെകൂടാതിരിക്കാന് ശ്രദ്ധിക്കുക‍. പനിയോ ചുമയോ പോലെയുളളവ ബാധിച്ച  കുട്ടികളുണ്ടെങ്കില്‍ തത്കാലം അവരെ സജീവപങ്കാളികളാക്കരുത്.  ചികിത്സിക്കുക. വ്യക്തി ശുചിത്വം പാലിക്കാനുളള നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും വേണം
കൂടുതല്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു
പ്രതികരിക്കുമല്ലോ.
കടപ്പാട് :- ഡോ. ടി പി കലാധരരന്‍

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !