ആദായ നികുതി കണക്കാക്കുന്നതെങ്ങിനെ ?

Mash
0
ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്.

ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.

മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.

1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)

നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.

യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക

2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.

3) തൊഴില്‍ നികുതിയിനത്തി നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)

മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു.

ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം, ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തി നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)

Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Gross Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1,50,000 രൂപ വരെ കുറവ് ചെയ്യാം.

80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുക


  • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്,
  • അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്. (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
  • 80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.


80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനിലേക്ക് അടച്ചിട്ടുള്ള തുക ഈ സെക്ഷനിലാണ് ഡിഡക്ഷനായി കാണിക്കേണ്ടത്. പരമാവധി ബേസികും ഡി.എ യും കൂടിയതിന്‍റെ 10 ശതമാനം മാത്രമേ ഇതില്‍ കിഴിവായി അനുവദിക്കൂ.

മുകളില്‍ നല്‍കിയ 80C, 80CCC, 80CCD എന്നീ മൂന്ന് വകുപ്പുകളിലും കൂടി പരമാവധി ഒന്നര ലക്ഷം രൂപയുടെ കിഴിവുകള്‍ മാത്രമേ അനുവദിക്കൂ. ഇത് കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.

80 സി.സി.ഡി (1) - കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമിലേക്ക് അടച്ചതും 80CCE പ്രകാരം 1,50,000 രൂപയില്‍ ഉള്‍ക്കൊള്ളിച്ച് ബാക്കി വരുന്ന തുക പരമാവധി 50,000 രൂപവരെ ഈ വകുപ്പില്‍ കിഴിക്കാം.

80. സി.സി.ജി – ഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ 2012-13 മുതല്‍ *രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം* എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും കിഴിവായി അനുവദിക്കും. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ.

80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 25,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 25,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 30,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 55,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി

80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 75,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1.25 ലക്ഷം രൂപ)

80 ഡി.ഡി.ബി - മാരകമായ രോഗങ്ങൾ നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ, സൂപ്പര്‍ സീനിയറാണെങ്കില്‍ 80.000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. 12/10/2015 ന് പുറപ്പെടുവിച്ച 2791 ാം നമ്പര്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ഈ ഡിഡക്ഷന്‍ ക്ലെയിം ചെയ്യുന്നതിന് ചികിത്സിക്കുന്ന ഡോക്ടറുടെ ഒരു പ്രിസ്ക്രിപ്ഷന്‍ സമര്‍പ്പിച്ചാല്‍ മതി. ഈ പ്രിസ്ക്രിപ്ഷനില്‍ രോഗിയുടെ പേര്, വയസ്, രോഗത്തിന്‍റെ പേര്, ഡോക്ടറുടെ പേര്, രജിസ്ട്രേഷന്‍ നമ്പര്‍, യോഗ്യതകള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം.

80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക.

80.ഇഇ – 24-ബി വകുുപ്പ് പ്രകാരം ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടി എന്ന ഇനത്തില്‍ നഷ്ടമായി കാണിച്ച ഹൗസിംഗ് ലോണിന്റെ പലിശയ്ക്കു പുറമെ ഈ വര്‍ഷം പുതുതായി സ്വന്തം താമസത്തിന് വേണ്ടി വാങ്ങിക്കുന്ന വീടിനായി എടുക്കുന്ന ലോണിന്‍റെ പരമാവധി 50,000 രൂപ വരെയുള്ള പലിശ ഈ വകുപ്പില്‍ കുറയ്ക്കാം. ലോണ്‍ അനുവദിക്കുന്ന തിയതില്‍ സ്വന്തം പേരില്‍ വേറെ വീട് ഉണ്ടായിരിക്കാന്‍ പാടില്ല. വീടിന്റെ വില 50 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ലോണ്‍ തുക 30 ലക്ഷത്തില്‍ കൂടാന്‍ പാടില്ല.

 80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.

 80.യു– പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന് തന്റെ വരുമാനത്തില്‍ നിന്നും വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 75,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1.25 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.

മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്.

HRA DEDUCTION
HRA എന്നത് കണ്ണും ചിമ്മി കുറവ് ചെയ്യാവുന്ന ഒന്നല്ല. അതിന് ചില വ്യവസ്ഥകളുണ്ട്

1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA
2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക
3) ശമ്പളത്തിന്‍റെ 40 ശതമാനം

മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്നെണ്ണത്തില്‍ ഏതാണോ ഏറ്റവും ചെറുത്, അത് മാത്രമേ കുറവ് ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പക്ഷെ താങ്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ശമ്പളത്തിന്‍റെ (ഈ ആവശ്യത്തിന് മൊത്ത ശമ്പളം എന്നതിന്‍റെ നിര്‍വ്വചനം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിയത് മാത്രമാണ്) 10 ശതമാനം വരുന്ന തുകയെക്കാള്‍ താഴെയായിരിക്കും താങ്കള്‍ ഈ വര്‍ഷം നല്‍കിയ വാടക). അത് കൊണ്ടാണ് HRA യുടെ സ്ഥാനത്ത് NIL എന്ന് കാണിക്കുന്നത്. ഇതൊന്നും നോക്കാതെ താങ്കള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ HRA കിഴിവായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് അധികാരികള്‍ ശ്രദ്ധിക്കാതെ പോയതായിരിക്കാം.

ഉദാഹരണമായി താങ്കള്‍ക്ക് ഈ വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത് 2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

താങ്കള്‍ ഒരു മാസം 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപ വാടക നല്‍കുന്നുവെങ്കില്‍

1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - Nil (കാരണം ശമ്പളത്തിന്‍റെ 10 ശതമാനം 28,000 രൂപയാണ്. അതിന്‍റെ താഴെയാണ് താങ്കള്‍ നല്‍കിയ വാടക)
3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

ഇവിടെ താങ്കള്‍ക്ക് ഒന്നും കുറയ്ക്കാന്‍ അവകാശമില്ല. കാരണം രണ്ടാമത്തെ വ്യവസ്ഥ Nil ആണ്. അതാണ് ഏറ്റവും ചെറുത്.

താങ്കള്‍ ഒരു മാസം 2500 രൂപ നിരക്കില്‍ ഒരു വര്‍ഷം 30,000 രൂപ വാടക നല്‍കുന്നുവെങ്കില്‍

1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 2,000 രൂപ
3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

ഇവിടെ താങ്കള്‍ക്ക് 2,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം അതാണ് ഏറ്റവും ചെറുത്.

താങ്കള്‍ ഒരു മാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 1,20,000 രൂപ വാടക നല്‍കുന്നുവെങ്കില്‍

1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 92,000 രൂപ (അതായത് 1,20,000 - 28,000)
3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

ഇവിടെ താങ്കള്‍ക്ക് 6,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം ഇവിടെ യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA യാണ് ഏറ്റവും കുറവ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !